ഒരു പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെയൊക്കെ ഇഷ്ടം പിടിച്ചു പറ്റിയ പൂച്ചയാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. തായ്ലന്‍ഡിലെ ബാങ്കോക്കിലെ പൊലീസ് സ്‌റ്റേഷനിലായിരുന്നു സംഭവം. ബാങ്കോക്കിലെ പൊലീസ് ഉദ്യോഗസ്ഥനായ ഡ പരീന്ദ പകീസൂക്കാണ് ഈ പൂച്ചയുടെ കഥ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. താന്‍ ഡ്യൂട്ടിയിലിരിക്കെ ഒരു വ്യക്തി പൂച്ചയുമായി സ്റ്റേഷനിലെത്തിയെന്നു പകീസുക് പറയുന്നു.
വഴിയില്‍ വെച്ച് കിട്ടിയ അമേരിക്കന്‍ ഷോര്‍ട്ട്‌ഹെയര്‍ വിഭാഗത്തിലുള്ള പൂച്ചയുമായാണ് ആ വ്യക്തി വന്നത്. ഉടമസ്ഥരെ കണ്ടുപിടിക്കണം എന്നാവശ്യപ്പെട്ട്, പൂച്ചയെ പൊലീസില്‍ ഏല്‍പിച്ച ശേഷം അദ്ദേഹം പോയി. എന്നാല്‍ അടുത്തുവന്ന പൊലീസുകാരെയെല്ലാം പൂച്ച മാന്തി. ഇതോടെ പകീസുക് പൂച്ചയെ അറസ്റ്റ് ചെയ്യുന്നതായി പ്രഖ്യാപിക്കുകയും പ്രതികളുടെ ചിത്രമെടുക്കുന്നതുപോലെ അതിന്റെ ചിത്രമെടുക്കുകയും ചെയ്തു.
തുടര്‍ന്ന് ഒരു രസത്തിനായി ഇത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. മാത്രമല്ല, പൂച്ചയുടെ ഉടമകളുണ്ടെങ്കില്‍ വന്നു ജാമ്യമെടുത്ത് കൊണ്ടുപോകണമെന്നും കുറിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഈ പോസ്റ്റ് വളരെ പെട്ടെന്നാണ് വൈറലായത്. പലരും പൂച്ചയെ ദത്തെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചായിരുന്നു മുന്നോട്ട് വന്നത്.
എന്നാല്‍ യഥാര്‍ഥ ഉടമയ്‌ക്കേ കൈമാറൂ എന്നായിരുന്നു പകീസൂക്കിന്റെ നിലപാട്. തുടര്‍ന്ന് ഒരു ദിവസത്തിനു ശേഷം യഥാര്‍ഥ ഉടമസ്ഥന്‍ എത്തി. നുബ് ടാങ് എന്നാണു പൂച്ചയുടെ പേര്. തുടര്‍ന്ന് മനോഹരമായ ഒരു കോളറൊക്കെയിടീച്ച് ഒരുക്കിയാണ് പൊലീസുകാര്‍ പൂച്ചയെ ഉടമയ്‌ക്കൊപ്പം വിട്ടത്.