കനത്ത മഴയും വെള്ളപ്പൊക്കവും പ്രകൃതിദുരന്തങ്ങളും ഒക്കെ വച്ചുനീട്ടുന്ന വിഷമഘട്ടങ്ങള്‍ അതിജീവിക്കാന്‍ ജാതി- മത, സമ്പന്ന- ദരിദ്ര വ്യത്യാസങ്ങളൊന്നും തന്നെയില്ലാതെ, മാനവികതയുടെ, പരസ്പര സ്നേഹത്തിന്റെ നിറവില്‍ കടന്നുപോയവരാണ് മലയാളികള്‍.
പരസ്പര സഹായത്തിന്റെ കൈകോര്‍ക്കലുകള്‍ക്കും മനുഷ്യരുടെ കൂട്ടായ്മയ്ക്കും അത്തരം വിഷമഘട്ടങ്ങള്‍ വേദിയാകാറുണ്ട്. ഇവിടെയിതാ, അത്തരത്തില്‍ ക്ഷണിക്കാത്ത അതിഥിയെ പോലെ ഒരു വിവാഹിവേദിയിലെത്തിയ മഴ മതസൗഹാര്‍ദത്തിന്റെ മനോഹരമായ കാഴ്ചയ്ക്ക് വഴിയൊരുക്കിയ കഥയാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്. മഹാരാഷ്ട്രയിലെ പുണെയിലാണ് സംഭവം.
കനത്തമഴയില്‍ വിവാഹച്ചടങ്ങുകള്‍ തടസ്സപ്പെട്ട് ഇനിയെന്ത് എന്ന് അറിയാതെ കുഴങ്ങിനിന്ന ഒരു ഹിന്ദു കുടുംബത്തിന് തങ്ങളുടെ വിവാഹവേദി വിട്ടുനല്‍കിയ ഒരു മുസ്ലിം കുടുംബത്തിന്റെ നല്ല മനസാണ് സാമൂഹികമാധ്യമങ്ങള്‍ ഒന്നടങ്കം ഇപ്പോള്‍ ആഘോഷിക്കുന്നത്. ഒരു വിവാഹഹാള്‍ മതസൗഹാര്‍ദത്തിന്റെ ഉത്തമ ഉദാഹരമായി മാറുന്ന കാഴ്ചയ്ക്കാണ് ജനങ്ങള്‍ സാക്ഷ്യം വഹിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് ഈ മനോഹരസംഭവം നടന്നത്.
പുണെയിലെ വാന്‍വോറി പ്രദേശത്തെ ഒരുഹാളില്‍ മുസ്ലിം ദമ്പതിമാരായ മാഹീന്റെയും മൊഹ്സിന്‍ കാസിയുടെയും വിവാഹസത്കാരം നടക്കുകയായിരുന്നു. അതേസമയം, തൊട്ടടുത്തുള്ള മൈതാനത്ത് ഹൈന്ദവദമ്പതിമാരായ സംസ്കൃതി കവാഡെ പാട്ടീലിന്റെയും നരേന്ദ്ര ഗലണ്ടെ പാട്ടീലിന്റെയും വിവാഹച്ചടങ്ങുകള്‍ പുരോഗമിക്കുകയായിരുന്നു. ഈ സമയത്താണ് ക്ഷണിക്കാത്ത അതിഥിയായി മഴയെത്തിയത്.
മഴ കനത്തതോടെ, വിവാഹച്ചടങ്ങുകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല എന്ന സ്ഥിതി വന്നു. വിവാഹം മാറ്റിവയ്ക്കേണ്ടിവരും എന്ന സ്ഥിതിയായി. ഇതോടെയാണ് പാട്ടീല്‍ കുടുംബം തൊട്ടടുത്ത ഹാളില്‍ വിവാഹസത്കാരം നടത്തുന്ന കാസി കുടുംബത്തോട് സഹായം അഭ്യര്‍ഥിക്കാന്‍ തീരുമാനിച്ചത്. താലികെട്ട് നടത്താനുള്ള സമയം മാത്രം അനുവദിച്ചാല്‍ മതി എന്നായിരുന്നു അവരുടെ അഭ്യര്‍ഥന.
എന്നാല്‍ വിവാഹത്തിന്റെ ചടങ്ങുകളെല്ലാം അവിടെവെച്ച് നടത്താന്‍ കാസി കുടുംബം പറഞ്ഞതോടെ പട്ടീല്‍ കുടുംബത്തിന്റെ വിഷമവും ആശങ്കയും സന്തോഷത്തിന് വഴിമാറി. ഉടന്‍തന്നെ വിവാഹിതരാകാന്‍ പോകുന്ന വരനെയും വധുവിനെയും വേദിയിലേക്ക് ആനയിച്ച് പുത്തന്‍ ദമ്പതിമാര്‍ വേദി ഒഴിഞ്ഞുകൊടുത്തു. ഹിന്ദു കല്യാണത്തിനായി വേദിയൊരുക്കാന്‍ മാഹീന്റെയും മൊഹ്സിന്റെയും വിവാഹത്തിന് പങ്കെടുക്കാനെത്തിയ ബന്ധുക്കളും അതിഥികളും മുന്നിട്ടിറങ്ങി.
മതസൗഹാര്‍ദത്തിന്റെ ഏറ്റവും ഊഷ്മളമായ നിമിഷങ്ങളില്‍ സംസ്കൃതിയും നരേന്ദ്രയും വിവാഹിതരായി. അവിടെയും തീര്‍ന്നില്ല, തങ്ങളുടെ അതിഥികള്‍ക്കൊപ്പം പാട്ടീല്‍ കുടുംബത്തിന്റെ അതിഥികളെ കൂടി ഭക്ഷണം കഴിക്കാനും കാസ കുടുംബം ക്ഷണിച്ചു. ഒടുവില്‍ രണ്ട് കല്യാണങ്ങളുടേയും വിവാഹസത്കാരം ഒരേ ഹാളില്‍ ഒരുമിച്ച് നടന്നു. ഇരു സമുദായങ്ങളിലെയും ആളുകള്‍ സംയുക്തമായി വിരുന്ന് ആസ്വദിച്ചു. ഇരു വധൂവരന്മാരും ഒരുമിച്ച് ഫോട്ടോകള്‍ക്ക് പോസ് ചെയ്തു, അതിഥികളുമായി സംവദിച്ചു.