Healthy Food

നിങ്ങള്‍ക്ക് യൂറിക് ആസിഡിന്റെ അളവ് കൂടുതലോ? എങ്കിൽ ഈ ഡ്രൈഫ്രൂട്സ് കഴിച്ചുനോക്കൂ

ശരീരത്തിനുള്ളില്‍ പ്യൂറൈന്‍ എന്ന രാസസംയുക്തം വിഘടിപ്പിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഉപോത്പന്നമാണ് യൂറിക് ആസിഡ്. ശരീരത്തിനുള്ളിലെ യൂറിക് ആസിഡ് തോത് അമിതമായി വര്‍ധിക്കുന്ന അവസ്ഥയെ ഹൈപ്പര്‍യൂറിസീമിയ എന്ന് വിളിക്കുന്നു. യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഗൗട്ട് മുതല്‍ വൃക്കയില്‍ കല്ല് വരെ ഇതുമൂലമുണ്ടാകാം.

യൂറിക് ആസിഡിന്റെ അളവ് കൂടുതലുള്ളവര്‍ക്ക് വേദനയും വീക്കവും വരാം. മരുന്ന് കഴിക്കുന്നതിലൂടെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കും. ഒപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെയും യൂറിസ് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ സാധിക്കും. ഡ്രൈഫ്രൂട്ട്‌സ്, യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും…….

ഈന്തപ്പഴം – നാരുകളും പൊട്ടാസ്യവും ധാരാളം അടങ്ങിയ ഈന്തപ്പഴത്തില്‍ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. രാവിലെ ഒന്നോ രണ്ടോ ഈന്തപ്പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും.

പിസ്ത – പിസ്തയില്‍ പോളിഫിനോളുകളും ഓക്‌സീകരണസമ്മര്‍ദം കുറയ്ക്കുന്ന ആന്റിഓക്‌സിഡന്റുകളും ഉണ്ട്. പിസ്തയിലടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകള്‍ ഉപാപചയപ്രവര്‍ത്തനം മെച്ചപ്പെടുത്തും. രാവിലെ പിസ്ത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. വറുത്തതും ഉപ്പുചേര്‍ത്തതുമായ പിസ്ത ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. കാരണം ഇത് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും.

വാള്‍നട്ട് – വാള്‍നട്ടില്‍ ഒമേഗ3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവ യൂറിക് ആസിഡ് കൂടുന്നതുമൂലമുണ്ടാകുന്ന വേദനയും വീക്കവും കുറച്ച് ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കാന്‍ സഹായിക്കും.

ബദാം – മഗ്‌നീഷ്യത്തിന്റെ ഉറവിടമാണ് ബദാം. ഉപാപചയപ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒരു ധാതു കൂടിയാണ് മഗ്‌നീഷ്യം.  ഇതു കൂടാതെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ശ്രദ്ധിക്കണം. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് യൂറിക് ആസിഡിനെ നീക്കം ചെയ്യാന്‍ സഹായിക്കും. യൂറിക് ആസിഡിന്റെ അളവ് കൂടുതലാണെങ്കില്‍ ബ്ലൂബെറി, സ്‌ട്രോബെറി തുടങ്ങിയ പഴങ്ങളും കഴിക്കാം. ഇവയ്ക്ക് ആന്റിഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. ആന്റി ഓക്‌സിഡന്റുകളും ഇവയില്‍ ധാരാളമുണ്ട്.

കശുവണ്ടി – കശുവണ്ടിയില്‍ മഗ്‌നീഷ്യവും ആരോഗ്യകരമായ കൊഴുപ്പുകളും ഉണ്ട്. ഇത് ഉപാപചയപ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കുകയും ചെയ്യും. ഉപ്പ് ചേര്‍ക്കാത്ത കശുവണ്ടി കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങളെ അകറ്റാന്‍ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *