സോഷ്യൽ മീഡിയയിൽ വൈറലാകാണും കാഴ്ചക്കാരെ സമ്പാദിക്കാനുമായി എന്തും ചെയ്യാൻ മുതിരുന്ന നിരവധി ആളുകളുണ്ട്. ഇവയിൽ പലതും നെറ്റിസൺസിനിടയിൽ നിന്ന് കടുത്ത വിമർശനവും നേരിടാറുമുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാം റീലിനായി ഒരു കൊച്ചു പെൺകുട്ടി തന്റെ അമ്മയുടെ കവിളത്തടിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ രൂക്ഷ വിമർശനത്തിന് വിധേയമായിരിക്കുന്നത്.
സനയ രഞ്ജൻ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ട വീഡിയോ വെറും തമാശയ്ക്കാണ് ചിത്രീകരിച്ചതെങ്കിലും ഇത് കാഴ്ചക്കാരിൽ നിന്ന് തീവ്രമായ പ്രതികരണത്തിന് കാരണമാകുകയായിരുന്നു. എന്തായാലും അവരുടെ ഉദ്ദേശം നടന്നു. ഏതാണ്ട് 2.77 ലക്ഷം ലൈക്കുകള്‍ വീഡിയോയ്ക്ക് കിട്ടി.
വീഡിയോയിൽ, അമ്മയും മകളും ആദ്യം തമാശയായി തോന്നിയ ഒരു വാക്കുതർക്കത്തിൽ ഏർപ്പെടുന്നതായി കാണാം. തുടർന്ന് അമ്മയുടെ മറുപടി കേട്ട് പെൺകുട്ടി അവളുടെ അമ്മയുടെ മുഖത്തടിക്കുകയാണ്. വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇത് നൽകുന്ന സന്ദേശത്തിൽ ആശങ്ക പ്രകടിപ്പിച്ചു, ഒരു കുരുന്നു ഉൾപ്പെടുന്ന വീഡിയോ ആയതുകൊണ്ട് തന്നെ ഇത് നെറ്റിസൺസിനെ കൂടുതൽ ചൊടിപ്പിക്കുകയായിരുന്നു.
നിരവധി ആളുകളാണ് വീഡിയോയോടുള്ള തങ്ങളുടെ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയത്. “ഈ റീൽ തമാശയായി തോന്നിയില്ല,” ഒരു ഉപയോക്താവ് പറഞ്ഞു. മറ്റ് പലരും തമാശകളുടെ പേരിൽ അനാദരവ് പഠിപ്പിക്കരുതെന്ന് മാതാപിതാക്കളോട് അഭ്യർത്ഥിച്ചു.
“ഇത് അനുദിനം മര്യാദയില്ലാത്തതായി മാറുകയാണ്. ഉള്ളടക്കത്തിനുവേണ്ടി നിങ്ങളുടെ കുട്ടിയെ നിങ്ങൾ എന്താണ് പഠിപ്പിക്കുന്നത്? വെറുപ്പുളവാക്കുന്നു,” ഒരു ഉപയോക്താവ് കൂട്ടിച്ചേർത്തു. മറ്റൊരു ഉപയോക്താവ് ആശങ്കയെ സംഗ്രഹിച്ചു: “നല്ലതല്ല. നിങ്ങളുടെ കുട്ടികളെ മൊബൈലിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും അകറ്റി നിർത്തുക. അഭിനയത്തിന് പോലും അമ്മയെയോ മുതിർന്നവരെയോ തല്ലാൻ പഠിപ്പിക്കുന്നത് ശരിയല്ല” എന്നാണ്.