Featured Oddly News

പാക് ചാരനുമായി പ്രണയം, മതംമാറ്റം, വിവാഹസ്വപ്നം; ജ്യോതിക്ക് മുൻപ് പാകിസ്താന്റെ വലയിൽ വീണ മാധുരി

പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തി ഹരിയാനയിൽ അറസ്റ്റിലായ യുട്യൂബർ ജ്യോതി മൽഹോത്രയ്ക്ക് 15 വർഷം മുമ്പ്, ഒരു ഇന്ത്യൻ നയതന്ത്രജ്ഞ പാകിസ്ഥാന് വേണ്ടി ‘ചാരപ്പണി’ നടത്തിയിരുന്നു. അവരുടെ കഥ ഇതാ.

പാക്കിസ്ഥാന്റെ ഐ‌എസ്‌ഐക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറാൻ ജ്യോതി മൽഹോത്ര തന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ഉപയോഗിച്ചതെങ്കില്‍ പാകിസ്താൻ ചാരന്റെ ഹണി ട്രാപ്പിൽ വീണ മാധുരി ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ പ്രസ് ആൻഡ് ഇൻഫർമേഷൻ വിഭാഗത്തില്‍ സെക്കൻഡ് സെക്രട്ടറിയായിരുന്നു.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് അവർ വിവരങ്ങൾ കൈമാറി. പാകിസ്താന് വേണ്ടി രാജ്യത്തെ ഒറ്റിക്കൊടുത്തുവെന്ന് ആരോപിക്കപ്പെട്ട് പിടിയിലായ ആദ്യ നയതന്ത്ര വനിതയാണ് മാധുരി ഗുപ്ത. പാകിസ്ഥാൻ ചാരനുമായി പ്രണയത്തിലായതിന്റെ പേരില്‍ മാധുരി ഗുപ്തയുടെ പ്രശസ്തിയും കരിയറും നഷ്ടമായി, മൂന്ന് വർഷത്തെ ജയിൽ ശിക്ഷയും കിട്ടി.

ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ വിദ്യാർഥിയായിരിക്കുന്ന കാലത്താണ് മാധുരി യുപിഎസ്‌സി പരീക്ഷ വിജയിക്കുന്നത്. ഫോറിൻ സർവ്വീസിൽ നിയമിതയായ മാധുരി ഇന്ത്യയ്ക്ക് വേണ്ടി ഇറാഖ്, മലേഷ്യ, ലൈബിരീയ, ക്രൊയേഷ്യ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാധുരിയുടെ ഉർദു ഭാഷാപ്രാവീണ്യം കണക്കിലെടുത്ത് 2007-ൽ പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷണിൽ നിയമിച്ചു.

ഉറുദുവിൽ നല്ല പ്രാവീണ്യവും സൂഫിസത്തിലും കവിതയിലും ആഴത്തിലുള്ള താൽപ്പര്യവുമുള്ളയാളായിരുന്നു മാധുരി. ആ താൽപര്യങ്ങൾ തന്നെയായിരുന്നു പാകിസ്താൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ ജംഷാദിലേക്ക് മാധുരിയെ അടുപ്പിക്കുന്നത്. ജിം എന്ന പേരിലാണ് 32-കാരനായ ജംഷാദ് അറിയപ്പെട്ടിരുന്നത്. ഒരു മാധ്യമപ്രവർത്തകനാണ് ഇയാളെ മാധുരിക്കു പരിചയപ്പെടുത്തി കൊടുക്കുന്നത്.

ജെയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസർ എഴുതിയ ഒരു പുസ്തകത്തെക്കുറിച്ചാണ് ഇവർ ആദ്യമായി സംസാരിക്കുന്നത്. 52-കാരിയായ അവിവാഹിതയായ മാധുരിയെ ഹണിട്രാപ്പിൽ കുടുക്കി വിവരങ്ങൾ ചോർത്താനുള്ള ദൗത്യം ജംഷാദ് നേരത്തേ ഏറ്റെടുത്തിരുന്നു. താനും ജംഷാദും സമാനചിന്താഗതിക്കാരാണെന്ന് മാധുരി ധരിക്കുകയും ഇയാളുമായി പ്രണയത്തിലാവുകയും ചെയ്തു.

അവധി നിഷേധിക്കുന്നതിലും ശമ്പളം വൈകിയതിലും ഗുപ്തയ്ക്ക് ഇന്ത്യൻ സർക്കാരിനോടുള്ള അതൃപ്തി അവരെ വൈകാരികമായി ദുർബലരാക്കി എന്ന് രഹസ്യാന്വേഷണ ഏജൻസികൾ പിന്നീട് വെളിപ്പെടുത്തി. ജംഷാദ് വഴി മാധുരി ഐഎസ്‌ഐ ഏജന്റായ മുബാസർ റാസ റാണയെ പരിചയപ്പെട്ടു. ‘ജങ്’ ദിനപത്രത്തിലെ ലേഖകനായ ജാവിദ് റഷീദാണ് മറ്റു പാക് ചാരൻമാരെ മാധുരിയുമായി ബന്ധപ്പെടുത്തുന്നത്. ഇന്ത്യൻ ആർമി, റോ, ഇന്തോ-യുഎസ് ഇന്റലിജൻസ് ആശയവിനിമയം എന്നിവയും കൂടാതെ 26/11 മുംബൈ ഭീകരാക്രമണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളും മാധുരി ഐഎസ്ഐയ്ക്ക് കൈമാറിയെന്നാണ് റിപ്പോർട്ടുകൾ.

2009 അവസാനത്തോടെ, ഇസ്ലാമാബാദ് ഹൈക്കമ്മീഷനിൽ നിന്ന് ഒരു ചാരപ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കാൻ തുടങ്ങിയിരുന്നു. മാസങ്ങളോളം മാധുരി നിരീക്ഷണത്തിലായിരുന്നു. ഇവരുടെ ഇ-മെയിൽ സംഭാഷണങ്ങളും ഡിജിറ്റൽ ഫൂട്പ്രിന്റുകളുമെല്ലാം സംശയത്തിന്‌ ആക്കം കൂട്ടുന്നവയായിരുന്നു. മാധുരിയുടെ ഇസ്‌ലാമാബാദിലെ വസതിയിലെ കമ്പ്യൂട്ടറും ബ്ലാക്ക്ബെറി ഫോണും ജംഷാദും റാണയും ഉപയോഗിച്ചതായി കണ്ടെത്തി. തുടർന്ന് 2010 ഏപ്രിൽ മാസത്തിൽ സാർക്ക് ഉച്ചകോടിയുടെ മാധ്യമ ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഏൽപ്പിക്കാനെന്ന വ്യാജേന മാധുരിയെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തി . 2010 ഏപ്രിൽ 21 ന് അവർ ഇന്ത്യയിലെത്തി, ഒരു രാത്രി വീട്ടിൽ ചെലവഴിച്ചു, പിറ്റേന്ന് രാവിലെ ഡൽഹി പോലീസ് അവരെ അറസ്റ്റ് ചെയ്തു.

തന്റെ പ്രവർത്തന മേഖലയ്ക്കപ്പുറമുള്ള ഇടപെടലുകളാണ് മാധുരിയെ സംശയത്തിന്റെ നിഴലിലാക്കുന്നത്. 2010 മാർച്ചിൽ റാണയുടെ നിർദ്ദേശപ്രകാരം മാധുരി ജമ്മു കശ്മീർ സന്ദർശിച്ചിരുന്നു. ജമ്മുവിൽ സ്ഥാപിക്കാൻ പോകുന്ന 310 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയുടെ വിവരങ്ങൾ റാണ ആവശ്യപ്പെട്ടതായും അന്വേഷണ സംഘം കണ്ടെത്തി.

താൻ നിരപരാധിയാണെന്നാണ് അന്വേഷണ ഏജൻസികൾക്ക് മുൻപിൽ മാധുരി തുടക്കത്തിൽ പറഞ്ഞത്. തെളിവുകളുടെ വെളിച്ചത്തിൽ ചോദ്യം ചെയ്തപ്പോൾ ജംഷാദും റാണയും തന്നെ വൈകാരികമായി നിയന്ത്രിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും മാധുരി പറഞ്ഞു. മതം മാറാനും ജംഷാദിനെ വിവാഹം കഴിക്കാനും മാധുരി ആഗ്രഹിച്ചിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. രഹസ്യവിവരങ്ങൾ കൂടാതെ ഇന്ത്യൻ ഇന്റലിജൻസ് ഓഫീസർമാരുടെ ഐഡന്റിറ്റിയും ലോഗിൻ ക്രെഡൻഷ്യലുമടക്കം മാധുരി ചോർത്തി നൽകിയതായി കണ്ടെത്തി.

2012-ൽ ഔദ്യോഗിക രഹസ്യനിയമത്തിലെ 3, 5 വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തി മാധുരിയെ തിഹാർ ജയിലിലടച്ചു. 21 മാസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യത്തിലിറങ്ങി. 2018-ൽ ഔദ്യോഗിക രഹസ്യ നിയമത്തിലെ 3, 5 വകുപ്പുകൾ പ്രകാരം മാധുരി കുറ്റക്കാരിയാണെന്നു കണ്ടെത്തിയ ഡൽഹി കോടതി മൂന്നു വർഷം തടവുശിക്ഷ വിധിച്ചു. താൻ കുറ്റം ചെയ്തിട്ടില്ലെന്നും ഇന്ത്യൻ ഹൈക്കമ്മിഷനിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും ചില ഉദ്യോഗസ്ഥരുമായുള്ള അകൽച്ചയെ തുടർന്ന് തന്നെ കുരുക്കിയതാണെന്നാണ് മാധുരി വാദിച്ചത്.

വിധിക്കെതിരേ ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകിയ മാധുരി ജാമ്യത്തിലിറങ്ങി. അപ്പീൽ ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ കേസിന്റെ വിചാരണ ആരംഭിക്കുന്നതിന് മുൻപ് 2021-ൽ രാജസ്ഥാനിലെ ഭിവാഡിയിയിലെ വസതിയിൽ 64-ാം വയസ്സിൽ മാധുരി മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *