The Origin Story

എന്തേ… ടയറിന് കറുപ്പുനിറം? എന്തുകൊണ്ടാണ് വാഹനങ്ങളുടെ ടയറുകള്‍ക്ക് കറുത്തനിറം വന്നത് ?

റബ്ബര്‍ മിക്കവാറും വെളുത്തതാണെന്നിരിക്കെ എങ്ങിനെയാണ് ടയറുകള്‍ക്ക് കറുത്ത നിറം വന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ടയര്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന റബ്ബറില്‍ കാര്‍ബണ്‍ ബ്‌ളാക്ക് ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് കറുപ്പ് നിറം വന്നത്. ആദ്യകാലത്ത് വെളുത്തനിറമായിരുന്ന ടയറുകള്‍ക്ക് പിന്നീട് കറുത്തനിറം വ്യാപകമായി.

ആദ്യകാല ടയര്‍ നിര്‍മ്മാതാക്കള്‍ പലപ്പോഴും തങ്ങളുടെ സ്വാഭാവിക റബ്ബറിലേക്ക് സിങ്ക് ഓക്‌സൈഡ് ചേര്‍ക്കുന്നത് മെറ്റീരിയലിനെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു മാര്‍ഗമായി കണ്ടെത്തി. അതിന്റെ ഫലമായി കട്ടിയുള്ള വെളുത്ത ടയറുകള്‍ ഉണ്ടായി. 1908-ല്‍ ഉല്‍പ്പാദനം ആരംഭിച്ച ഫോര്‍ഡ് മോഡല്‍ ടി എന്ന വാഹനത്തിന് വെള്ള ടയറുകള്‍ ആയിരുന്നു. 1910 കള്‍ മുതല്‍ കമ്പനികള്‍ ട്രെഡുകളില്‍ കാര്‍ബണ്‍ ബ്ലാക്ക് ചേര്‍ത്ത് ഉല്‍പ്പാദനച്ചെലവ് പരിമിതപ്പെടുത്താന്‍ തീരുമാനിച്ചു. അതൊരു വിപ്ലവമായി.

ഗ്യാസിന്റെയോ എണ്ണയുടെയോ അപൂര്‍ണ്ണമായ ജ്വലനത്തില്‍ നിന്ന് നിര്‍മ്മിച്ചതും കണികകളായി ശേഖരിക്കപ്പെട്ടതുമായ ഒരു മൂലക കാര്‍ബണാണ് കാര്‍ബണ്‍ ബ്‌ളാക്ക്. 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, റബ്ബര്‍ മിശ്രിതത്തില്‍ അസംസ്‌കൃത എണ്ണയുടെ ഉപോല്‍പ്പന്നമായ കാര്‍ബണ്‍ ബ്ലാക്ക് ചേര്‍ക്കുന്നത് ടയറിന്റെ പ്രകടനം വളരെയധികം മെച്ചപ്പെടുത്തിയതായി കണ്ടെത്തി. ടയറുകളുടെ നിറം കറുത്തതോടെ ചൂട്, തേയ്മാനം, കീറല്‍, കേടുപാടുകള്‍ എന്നിവയെ പ്രതിരോധിക്കുന്നതായി കണ്ടെത്തി.

റബ്ബറിന് വിള്ളലുണ്ടാക്കാന്‍ കാരണമായേക്കാവുന്ന കേടുപാടുകള്‍ വരുത്തുന്ന അള്‍ട്രാവയലറ്റ് രശ്മികളെ തടയുകയും റോഡ് ഗ്രിപ്പ് മെച്ചപ്പെടുത്തുകയും ചെയ്യുന്നതാ യും വ്യക്തമായതോടെ അത് വ്യാപകമായി. കണക്കുകള്‍ പ്രകാരം പഴയ ടയറുകളില്‍ 5000 മൈല്‍ കിട്ടുമായിരുന്നെങ്കില്‍ കറുത്ത ടയറുകള്‍ വന്നതോടെ അത് 50,000 മൈലാ യി കൂടി. ആദ്യകാലത്ത് റബ്ബറിന് കട്ടി കൂടാന്‍ ഉപയോഗിച്ചിരുന്ന സിങ്ക് ഓക്‌സൈഡ് പിന്നീട് ഒന്നാം ലോകമഹായുദ്ധകാലത്ത് വെടിമരുന്ന് ഉണ്ടാക്കാന്‍ ഉപയോഗിച്ചതോടെ സിങ്ക് ഓക്‌സൈഡ് കിട്ടുന്നത് ദൗര്‍ലഭ്യമായതും കാര്‍ബണ്‍ ബ്ലാക്കിന് പിടി കൂട്ടി.

മഷി പേനകളുടെ ഉപയോഗത്തിനുള്ള മെറ്റീരിയലായി ഉപയോഗിക്കപ്പെട്ടിരുന്ന ബിന്നി & സ്മിത്ത് കമ്പനിയാണ് തുടക്കത്തില്‍ ടയര്‍ നിര്‍മ്മാതാക്കളായ ബി.എഫ്. ഗുഡ്റിച്ചിന് കാര്‍ബണ്‍ ബ്ലാക്ക് വിതരണം ചെയ്തത്. 1910-ല്‍ ടയറുകളില്‍ കാര്‍ബണ്‍ ബ്ലാക്ക് ഉപയോഗം ജനകീയമാക്കിയതിന്റെ ബഹുമതി ടയര്‍ ബ്രാന്‍ഡിന്റെ സ്ഥാപകനായ ബി.എഫ്. ഗുഡ്‌റിച്ചിനാണ്.

Leave a Reply

Your email address will not be published. Required fields are marked *