Featured Good News

ലോകത്തിലെ ഏറ്റവും സംതൃപ്തി തരുന്ന ജോലികൾ ഏതെല്ലാം? തരാത്ത ജോലിക​ളും; ഗവേഷകർ പറയുന്നു

ജോലി തെരഞ്ഞെടുക്കുന്നത് നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ജീവിതസന്ധാരണത്തിനും സാമ്പത്തിക ഭദ്രതയ്ക്കും മികച്ച പ്രതിഫലമുള്ള തൊഴില്‍ അത്യാവശ്യമാണ്. എന്നാല്‍ പ്രതിഫലം മാത്രമല്ല ഒരാളെ തന്റെ തൊഴില്‍ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം. മറിച്ച് ആ ജോലി ആ വ്യക്തിക്ക് സംതൃപ്തി നല്‍കുന്നുണ്ടോ എന്നതും പ്രധാന ഘടകമാണ്. ഇവിടെയാണ് നമ്മളിൽ പലരും ജോലിയിൽ എത്രമാത്രം സംതൃപ്തിയുള്ളവരാണെന്ന ചോദ്യം പ്രസക്തമാകുന്നത്.

ഇപ്പോള്‍ വിഷയമാണ് പഠിക്കേണ്ടത് എന്നതുപോലും അഭിരുചിയ്ക്കപ്പുറത്തേയ്ക്ക് ജോലിയുമായി ബന്ധപ്പെടുത്തിയാണ് നാം തെരഞ്ഞെടുക്കുന്നത്. എസ്തോണിയയിലെ ടാർട്ടു സർവകലാശാലയിലെ ഗവേഷക വിഭാഗം ലോകമെമ്പാടുമുള്ള തൊഴിൽ സംതൃപ്തിയുമായി ബന്ധപ്പെട്ട് ഒരു പഠനം നടത്തി. ഏതൊക്കെ ജോലികളാണ് മനുഷ്യന് ഏറ്റവും കൂടുതൽ സംതൃപ്തി നൽകുന്നതെന്നും ഏതൊക്കെയാണ് ആളുകളെ ഏറ്റവും കുറച്ച് സംതൃപ്തരാക്കുന്നതെന്നും കണ്ടെത്തുന്നതിന് എസ്തോണിയൻ ബയോബാങ്കിൽനിന്ന് ശേഖരിച്ച ഡാറ്റ ഉപയോഗിച്ചാണ് പഠനം നടത്തിയത്. 263 വ്യത്യസ്ത തൊഴിലുകളിലായി ഏകദേശം 59000 വ്യക്തികളിൽ നിന്ന് അവര്‍ വിവരം ശേഖരിച്ചു.

പഠനത്തില്‍ പങ്കെടുക്കുന്നവരുടെ ജോലി, വരുമാനം, വ്യക്തിത്വം, മൊത്തത്തിലുള്ള സംതൃപ്തി എന്നിവ ഉൾപ്പെടെ ജീവിതത്തിലെ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സർവേ നടത്തിയത്. എന്നാൽ, ഉയർന്ന ശമ്പളവും ജോലി സ്റ്റാറ്റസും ജോലിയുടെ സംതൃപ്തിയെ നിർണയിക്കുന്ന ഘടകങ്ങളെല്ലന്നാണ് സർവേയിലെ കണ്ടെത്തൽ.

പുരോഹിതർ, ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർ, സർഗാത്മക രചനകളിൽ ഏർപെടുന്നവർ എന്നിവരാണ് ജോലിയില്‍ ഏറ്റവും കൂടുതൽ സംതൃപ്തിയുള്ളവരെന്നാണ് സർവേ കണ്ടെത്തിയത്. ഈ തൊഴിലുകൾ വ്യക്തികൾക്ക് കൂടുതൽ ലക്ഷ്യബോധവും നേട്ടവും നൽകുന്നുവെന്നാണ് പഠന റിപ്പോർട്ട്. സൈക്കോളജിസ്റ്റ്, അധ്യാപകർ, ഷീറ്റ്-മെറ്റൽ വർക്കർ, മറൈൻ എഞ്ചിനീയർ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്നവരും മൊത്തത്തിലുള്ള ജോലി സംതൃപ്തിയുടെ കാര്യത്തിൽ ഉയർന്ന റാങ്കിൽ ഇടം നേടി.

എന്നാല്‍ അടുക്കള ജോലി, ഡ്രൈവിങ്, സംഭരണം, ഉൽപാദനം, വിൽപന എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവരാണ് ജോലിസംതൃപ്തിയിൽ ഏറ്റവും പിന്നിലെന്നാണ് സർവേയുടെ കണ്ടെത്തൽ. സെക്യൂരിറ്റി ഗാർഡ്, വെയിറ്റർമാർ, മെയിൽ കാരിയർമാർ, ആശാരിമാർ, കെമിക്കൽ എഞ്ചിനീയർമാർ തുടങ്ങിയവരും ജോലി സംതൃപ്‍തിയിൽ പിന്നിൽ നിൽക്കുന്നവരിൽ ഉൾപ്പെടുന്നു.

ചില ജോലികളിലെ അമിതമായ ഉത്തരവാദിത്വമാണ് ജോലിയിലെ അതൃപ്തിക്ക് കാരണമാകുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. മാനേജർമാർ അടക്കമുള്ളവർ ഇതിൽപെടുന്നു. തങ്ങളുടെ ജോലി സമയം സ്വയം ക്രമപ്പെടുത്താൻ സ്വാതന്ത്ര്യമുള്ളതിനാൽ സ്വയംതൊഴിൽ ചെയ്യുന്നവർ ​ജോലി സംതൃപ്തിയുടെ കാര്യത്തിൽ ഉയർന്ന നിലവാരത്തിലെന്നാണ് സർവേ പറയുന്നത്.

ജോലിയിലെ സംതൃപ്തിയെ അടയാളപ്പെടുത്തുന്ന ഈ കണ്ടെത്തലുകളുടെ പ്രസക്തി ലോകം മുഴവൻ ഒരേതരത്തിലാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ജോലിയിലെ അന്തസ്സിനെയും വരുമാനത്തെയും കുറിച്ചുള്ള പരമ്പരാഗത വിശ്വാസങ്ങളെ നിരാകരിക്കുന്നതാണ് സർവേഫലം. പകരം, വ്യക്തിപരമായ സംതൃപ്തിയും സ്വാതന്ത്ര്യവുമാണ് ജോലിയിലെ സംതൃപ്തിയുടെ യഥാർഥ കാരണമെന്നും സർവേയിൽ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *