യുഎസിലെ ഫ്ലോറിഡയിൽ നിന്ന് പുറത്തുവരുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഞെട്ടൽ സൃഷ്ടിക്കുന്നത്. യാത്രയ്ക്കിടെ ഒരു ഊബർ ഡ്രൈവർ യാത്രക്കാർക്ക് നേരെ തോക്കു ചൂണ്ടുകയും അവരോട് പുറത്തുപോകാൻ ആക്രോശിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണിത്. മിയാമി റാപ്പർ ക്രിസ്സി സെലെസ്, എന്നറിയപ്പെടുന്ന ബോംബ് ആസ് ക്രിസ്സി ഓൺലൈനിൽ പങ്കിട്ട വീഡിയോയിൽ, ക്രിസ്സിയും ഒരു സുഹൃത്തും ഊബർ ഡ്രൈവറോട് വിയോജിക്കുന്നതും ഇത് പെട്ടെന്ന് ഒരു ആക്രമണാത്മകമായ തർക്കത്തിലേക്ക് നീങ്ങുന്നതുമാണ് കാണുന്നത്.
ഏത് വഴിയാണ് തിരിയേണ്ടത് എന്ന് ക്രിസ്സി സെലെസ് ഊബർ ഡ്രൈവറോട് പറഞ്ഞതോടെയാണ് സംഭവം ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ, ഡ്രൈവറുടെ പെരുമാറ്റത്തെക്കുറിച്ച് റാപ്പർ കമന്റ് പറഞ്ഞതോടെ, സ്ഥിതിഗതികൾ വഷളാകുകയായിരുന്നു.
വൈറലായ വീഡിയോയിൽ, ഡ്രൈവർ 911 എന്ന നമ്പറിൽ വിളിക്കുന്നതും, “ഇപ്പോൾ എന്റെ വാഹനത്തിൽ നിന്ന് ഇറങ്ങൂ. നിങ്ങൾ ഇനി യാത്ര ചെയ്യണ്ട” എന്ന് പറഞ്ഞുകൊണ്ട് ക്രിസിയോടും അവളുടെ സുഹൃത്തുക്കളോടും ആക്രോശിക്കുന്നതും കാണാം.”പുറത്തു പോ” ഡ്രൈവർ വീണ്ടും അലറി.
ഡ്രൈവറുടെ “ഭ്രാന്തൻ കണ്ണുകളെ” കുറിച്ചും തോക്കെടുത്ത് ഭീഷണി മുഴക്കിയ കാര്യങ്ങളും ക്രിസ്സി പിന്നീട് പറയുകയും ചെയ്തു. എൻഡിടിവി റിപ്പോർട്ട് അനുസരിച്ച്, ക്രിസ്സിയും അവളുടെ സുഹൃത്തും സംഭവത്തിൽ ഊബർ ഡ്രൈവറിനെതിരെ കേസെടുക്കാൻ ഉള്ള തീരുമാനത്തിലാണ്.
ഊബർ ഡ്രൈവർ അങ്ങേയറ്റം ആക്രമണകാരിയായിരുന്നുവെന്നും തോക്ക് ചൂണ്ടുമ്പോഴുള്ള പ്രതികരണം അങ്ങേയറ്റം അതിരുകടന്നതാണെന്നും ഞാൻ വാദിക്കും,” എന്ന് രണ്ട് യാത്രക്കാരെയും പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ കാർലോസ് ഡൊമിംഗ്വസ് വ്യക്തമാക്കി.
“നിങ്ങൾക്കറിയാമോ, ഒരു ലളിതമായ അഭിപ്രായവ്യത്യാസം കാരണം ചിലപ്പോൾ വികാരങ്ങൾ നിയന്ത്രണം വിട്ടേക്കാം, എന്നാൽ ആ അഭിപ്രായ വ്യത്യാസങ്ങൾക്ക് നിങ്ങളുടെ നേരെ ചൂണ്ടാൻ ഒരു തോക്ക് ആവശ്യമില്ല.” എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
സംഭവത്തിന് പിന്നാലെ ഊബറും പ്രതികരണമറിയിച്ച് രംഗത്തെത്തി. ഇത് “ആശങ്കാജനകമാണ്” ഇങ്ങനെ സംഭവിച്ചതിൽ ഞങ്ങൾക്ക് വളരെ ഖേദമുണ്ട്,” ഊബർ വ്യക്തമാക്കി.
ഡ്രൈവർമാർ തോക്കുകൾ കൈവശം വയ്ക്കുന്നത് ഊബറിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് എതിരാണ്. അതിനാൽ, റൈഡ്-ഹെയ്‌ലിംഗ് സേവനം ഡ്രൈവറെ അതിന്റെ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്‌തിട്ടുണ്ട്. ഏതായാലും സംഭവത്തിൽ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് ഊബർ വ്യക്തമാക്കി.