മുടിയുടെ കാര്യത്തില്‍ സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവര്‍ക്കും ആശങ്കകളാണ്. എന്നാല്‍ മുടി സംരക്ഷിയ്ക്കാന്‍ വേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യാറുണ്ടോ എന്നത് വളരെ പ്രധാനപ്പെട്ട കാര്യം കൂടിയാണ്. മുടിയില്‍ ഒരുപാട് പരീക്ഷണങ്ങള്‍ നടത്താതിരിയ്ക്കുക എന്നത് തന്നെയാണ് പ്രധാനം. നമ്മള്‍ വരുത്തുന്ന ചില തെറ്റുകള്‍ മുടിയെ നശിപ്പിയ്ക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മുടി നല്ലതുപോലെ വളരാനും കൊഴിയാതിരിയ്ക്കാനും ആരോഗ്യമുള്ള മുടി ലഭിയ്ക്കാനും ഇക്കാര്യങ്ങള്‍ ചെയ്യാം…..
ഡയറ്റുകള്‍ മുടിയ്ക്ക് – ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റുകള്‍ സ്വീകരിയ്ക്കുന്നവരുണ്ട്. ആരോഗ്യത്തിന് മിതമായ ശരീരഭാരം എന്നത് പ്രധാനമാണ്. എന്നാല്‍ ഇത്തരത്തില്‍ പെട്ടെന്ന് ശരീരഭാരം കുറയ്ക്കുമ്പോള്‍, ഇതിനായുള്ള കഠിനമായ ഡയറ്റുകള്‍ സ്വീകരിയ്ക്കുമ്പോള്‍ ഇത് മുടിയെ ദോഷകരമായി ബാധിയ്ക്കുന്നു. മുടിയുടെ ആരോഗ്യം മോശമാകുന്നു. ചില ഡയറ്റുകള്‍ മുടിയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിയ്ക്കുന്നത് ഒഴിവാക്കുന്നവയുമാണ്. ഇതിനാല്‍ തന്നെ ആരോഗ്യകരമായ ഡയറ്റ് സ്വീകരിയ്ക്കുകയെന്നതും പെട്ടെന്ന് തടി കുറയ്ക്കാതെ പടിപടിയായി ആരോഗ്യകരമായി തടി കുറയ്ക്കുകയെന്നതും ശരീരത്തിന്റെ മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും പ്രധാനമാണ്.
മുടി ചൂടാക്കരുത് – മുടി ഭംഗിയാക്കാന്‍ പലരും ഇപ്പോള്‍ അയേണിംഗ് പോലുള്ള വഴികള്‍ പരീക്ഷിയ്ക്കാറുണ്ട്. ഇത് മുടി വരണ്ടുപോകുന്നതിനുള്ള പ്രധാന കാരണമാണ്. പ്രത്യേകിച്ചം വരണ്ട മുടിയാണെങ്കില്‍. മുടി വരണ്ടുപോകുന്നത് മുടി പെട്ടെന്ന് തന്നെ പൊട്ടിപ്പോകാന്‍ ഇടയാക്കുകയും ചെയ്യുന്നു. മാത്രമല്ല, ഇത് മുടിയുടെ കരാറ്റിന്‍ ബോണ്ട് കേടാക്കുന്നതിനും മുടി പൊട്ടിപ്പോകാനും ഇടയാകുന്നു.
സ്ട്രെസ് – ഉറക്കം നല്ലതുപോലെ വേണം എന്നത് പ്രധാനമാണ്. ഉറക്കക്കുറവ് മുടി പൊഴിയുന്നതിനുള്ള പ്രധാന കാരണമാണ്. ഇത് പല ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ക്കും ഇടയാക്കും. ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തെ ഇത് ദോഷകരമായി ബാധിയ്ക്കും. സ്ട്രെസ് പോലുള്ള പല കാര്യങ്ങള്‍ക്കും ഉറക്കക്കുറവ് വഴിയൊരുക്കും. സ്ട്രെസ് മുടി കൊഴിയാനുള്ള പ്രധാന കാരണമാണ്. ഇതുപോലെ ഭക്ഷണം, പ്രധാനമായും നട്സ്, സീഡുകള്‍ എന്നിവ കഴിയ്ക്കുക. ഇത് മുടി വളരാന്‍ പ്രധാനമാണ്. മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങള്‍ ഇതിലുണ്ട്. ഇതുപോലെ മുടി വളരാന്‍ നല്ലതുപോലെ വെള്ളം കുടിയ്ക്കുകയെന്നത് പ്രധാനമാണ്. 2-3 ലിറ്റര്‍ വരെ വെള്ളം കുടിയ്ക്കുക. ഇത് ഗുണം നല്‍കും.
നനഞ്ഞ മുടി – കുളി കഴിഞ്ഞ മുടി ഉടന്‍ മാര്‍ദവമില്ലാതെ ചീകുന്നതും മുടി ബലമായി മുറുക്കി കെട്ടി വയ്ക്കുന്നതും മുടി പോകാനുള്ള പ്രധാനപ്പെട്ട കാരണമാണ്. നനഞ്ഞ മുടി വേരുകള്‍ കൂടുതല്‍ ദുര്‍ബലമാണ്. ഇത് ചീകുമ്പോഴും മുറുകെ കെട്ടുമ്പോഴുമെല്ലാം മുടി പെട്ടെന്ന് പൊട്ടിപ്പോകുന്നതിന് പ്രധാന കാരണം ഇതാണ്. മുടി നല്ലതുപോലെ ഉണങ്ങിയ ശേഷം മാത്രം മുടി ചീകുകയും കെട്ടി വയ്ക്കുകയും ചെയ്യുക. മാത്രമല്ല, മുടി ഈറനോടെ വായുസഞ്ചാരമില്ലാത്ത വിധത്തില്‍ കെട്ടി വയ്ക്കുമ്പോള്‍ ഫംഗല്‍ ഇന്‍ഫെക്ഷനുകള്‍ വരാന്‍ സാധ്യതയുമുണ്ട്. ഇതും മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല.