യഥാര്‍ത്ഥ പ്രായത്തേക്കാള്‍ എപ്പോഴും കുറവ് പ്രായം തോന്നിയ്ക്കാനാണ് എല്ലാവരും ആഗ്രഹിയ്ക്കുന്നത്. ഒരു തരത്തിലും പ്രായം തോന്നിയ്ക്കാത്ത തന്റെ പിതാവിനെ കുറിച്ചുള്ള മകളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൊറിയക്കാരിയായ ഹന്ന ആണ് തന്റെ പിതാവിന്റെ യങ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. തന്റെ 63 -കാരനായ അച്ഛന് എങ്ങനെയാണ് ഇത്ര ചെറുപ്പമായി ഇരിയ്ക്കുന്നത് എന്നതിനെ കുറിച്ചാണ് ഹന്ന പറയുന്നത്.
‘പലരും തന്റെ അച്ഛനെ കണ്ടാല്‍ 63 വയസ് തോന്നിക്കുന്നില്ല എന്ന് പറയുന്നു. ഇന്ന് അവര്‍ക്ക് വേണ്ടി അച്ഛന് ഒരു ദിവസം എന്താണ് കഴിക്കുന്നത് എന്ന് വെളിപ്പെടുത്താം’ – എന്നാണ് ഹന്ന പറയുന്നത്. ഹന്നയുടെ പിതാവിനെ കണ്ടാല്‍ ഒരു തരത്തിലും 63 വയസുള്ള ഒരാളായി തോന്നുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഹന്നയുടെ അച്ഛന്റെ ഒരു ദിവസം തുടങ്ങുന്നത് ഒരു കപ്പ് ചൂടുള്ള കട്ടന്‍ കാപ്പി കുടിച്ചുകൊണ്ടാണ്. പ്രഭാതഭക്ഷണത്തിന്, അദ്ദേഹം സാധാരണയായി വിചിത്രമായ കോമ്പിനേഷനുകളുള്ള സാലഡാണ് കഴിക്കുന്നത് എന്നാണ് ഹന്ന പറയുന്നത്. അതായത്, വാഴപ്പഴം പോലെയുള്ളവ ആ സാലഡിലുണ്ടാകുമെന്നും തനിക്ക് അതിന് പറ്റില്ല എന്നും ഹന്ന പറയുന്നു.
തന്റെ അച്ഛന് മച്ച ലാറ്റെ ഇഷ്ടമാണ് എന്നാണ് ഹന്ന അടുത്തതായി പറയുന്നത്. അതില്‍ സോയ മില്ക്കുണ്ടാവും. എന്നാല്‍ മധുരമില്ലാതെയാണ് അത് കുടിക്കുന്നത്. അദ്ദേഹം പാലുല്‍പ്പന്നങ്ങളും പഞ്ചസാരയും പരമാവധി ഒഴിവാക്കും. അതേസമയം, തനിക്ക് മധുരമുള്ള മച്ച വേണം എന്നും ഹന്ന പറയുന്നു. വെളുത്ത അരിക്ക് പകരം ബ്രൗണ്‍ റൈസ് ആണ് അദ്ദേഹം എപ്പോഴും തിരഞ്ഞെടുക്കുന്നത്.
മാംസം മിക്കവാറും ഒഴിവാക്കും. അതുപോലെ ബീഫിന് പകരം ചിക്കന്‍ അല്ലെങ്കില്‍ സീഫുഡ് ആണ് കഴിക്കുന്നത്. മദ്യം പൂര്‍ണ്ണമായും ഒഴിവാക്കും. എന്നാല്‍, ഇങ്ങനെയൊക്കെയാണെങ്കിലും അച്ഛന് നൂഡില്‍സിനോട് നോ പറയാനാവില്ലെന്നും നൂഡില്‍സ് ധാരാളം കഴിക്കുമെന്നും ഹന്ന പറയുന്നു. അതുപോലെ റോസ്റ്റഡ് ബ്ലാക്ക് ബീന്‍സാണ് ഇഷ്ടപ്പെട്ട സ്നാക്ക് എന്നും വീഡിയോയില്‍ ഹന്ന വെളിപ്പെടുത്തി. രണ്ട് വര്‍ഷം മുമ്പ് കാന്‍സര്‍ കണ്ടെത്തിയതോടെയാണ് അച്ഛന് ഇത്രയും കര്‍ശനമായ ഡയറ്റ് നോക്കി തുടങ്ങിയതെന്നും ഹന്ന പറയുന്നു.