Sports

കോഹ്ലിക്കും രോഹിതിനും പിന്നാലെ വിരമിക്കുകയാണോ; ജഡേജയുടെ ആ പോസ്റ്റിന്റെ അര്‍ത്ഥമെന്താണ്?

റെയ്‌ന,ധോനി, അശ്വിന്‍…ദേ ഇപ്പോള്‍ വിരാട്‌കോഹ്ലിയും രോഹിത്ശര്‍മ്മയും ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരമിക്കലിനെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ രവീന്ദ്ര ജഡേജയുടെ ഇന്‍സ്റ്റാഗ്രാമിലെ ഈയിടെ പോസ്റ്റ് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് ആലോചിക്കുകയാണ് ആരാധകര്‍. അദ്ദേഹത്തിന്റെ വിരമിക്കലിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്നത്.

രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും കളിയുടെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചതിന്റെ പശ്ചാത്തലത്തില്‍ ടെസ്റ്റ് വൈറ്റ്‌സില്‍ താരം നില്‍ക്കുന്ന ഫോട്ടോയാണ് ഓള്‍റൗണ്ടര്‍ പോസ്റ്റ് ചെയ്തത്. എന്തായാലും പോസ്റ്റ് രണ്ടു തരം ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. ചില ആരാധകര്‍ അദ്ദേത്തിന്റെ വിരമിക്കലിന്റെ സൂചനയായി ഇതിനെ പരിഗണിക്കുമ്പോള്‍ പോസ്റ്റിന്റെ സന്ദര്‍ഭം മറ്റൊന്നാണെന്ന എതിര്‍ അഭിപ്രായവും ഉയര്‍ന്നിരിക്കുകയാണ്. ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഏറ്റവും കൂടുതല്‍ കാലം ഓള്‍റൗണ്ടര്‍മാര്‍ക്കുള്ള ഒന്നാം സ്ഥാനം നിലനിര്‍ത്തിക്കൊണ്ട് ജഡേജ അടുത്തിടെ അവിശ്വസനീയമായ നേട്ടം കൈവരിച്ചു.

2022-ല്‍ അവസാനമായി ഒന്നാം സ്ഥാനത്തെത്തിയതുമുതല്‍ അദ്ദേഹം ഈ സ്ഥാനത്ത് 1,153 ദിവസങ്ങളായി. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും പുതിയ നേട്ടത്തിന് തന്നെ അഭിനന്ദിച്ച ആരാധകരോട് ജഡേജ നന്ദി പറയുകയാണെന്നാണ് ഈ വിഭാഗത്തിലുള്ളവര്‍ പറയുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കലുമായി ഈ പോസ്റ്റിന് ബന്ധമുണ്ടാകാന്‍ ഒരു സാധ്യതയും അവര്‍ കാണുന്നുമില്ല.

രണ്ട് വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ നയിക്കാന്‍ ഏറ്റവും അനുയോജ്യന്‍ ജഡേജയാണെന്ന് മുന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ പറഞ്ഞ സമയത്താണ് ഈ പോസ്റ്റ്. രോഹിതിന്റെയും കോഹ്ലിയുടെയും വിരമിക്കലിന് ശേഷം ജൂണ്‍ 20 ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്താല്‍ ജഡേജയായിരിക്കും ഏറ്റവും പ്രായം കൂടിയ കളിക്കാരന്‍.

ജഡേജ ഇന്ത്യക്കായി 80 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്, അതില്‍ 3,370 റണ്‍സും 323 വിക്കറ്റും നേടി, ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്തുണ്ട് ഈ ഓള്‍റൗണ്ടര്‍. ടീമിലെ പ്രായം പരിഗണിക്കുമ്പോള്‍ ജഡേജയാണ് നായകനാകാന്‍ കൂടുതല്‍ അനുയോജ്യനെന്നും ബുംറെയെ നായകനാക്കാത്തതില്‍ തനിക്ക് രോഷമുണ്ടെന്നുമായിരുന്നു അശ്വിന്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *