ക്ലബ്ബ് ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളില്‍ ഒന്നായിട്ടാണ് ആരാധകര്‍ എല്‍ ക്ലാസ്സിക്കോയെ കാണുന്നത്. യൂറോപ്പിലെ തന്നെ ടോപ് ക്ലാസ്സ് ലീഗായ സ്പാനിഷ് ലാലിഗയിലെ റയല്‍ മാഡ്രിഡിന്റെയും ബാഴ്‌സിലോണയുടെയും പോരാട്ടം ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ വമ്പന്‍ പോരാട്ടമായിട്ടാണ് കണക്കാക്കുന്നത്. ഇതില്‍ ഗോളടിക്കുക എന്നാല്‍ അതിനേക്കാള്‍ പ്രശസ്തി കൂടുകയും ചെയ്യും. എന്നാല്‍ കഴിഞ്ഞ എല്‍ ക്ലാസ്സിക്കോയില്‍ ഇരട്ടഗോള്‍ നേടിയിട്ടും മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നിഷേധിച്ച് ബാഴ്‌സിലോണ താരം.
ചിരവൈരികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ അവസാന രണ്ടുഗോളും നേടിയത് ബ്രസീലിയന്‍ താരം റഫീഞ്ഞയാണ് താന്‍ നന്നായി കളിച്ചില്ലെന്നും അതുകൊണ്ട് തനിക്ക് ഈ അവാര്‍ഡ് വേണ്ടെന്നും മറ്റാര്‍ക്കെങ്കിലും കൊടുക്കാനും പറഞ്ഞത്. ഞായറാഴ്ച ബാഴ്സലോണ ഒളിമ്പിക് സ്റ്റേഡിയത്തില്‍ ബദ്ധവൈരികളായ റയല്‍മാഡ്രിഡിനെ 4-3 നായിരുന്നു തോല്‍പ്പിച്ചത്.
മത്സരത്തില്‍ ബ്രസീലിയന്‍ ലെഫ്റ്റ് വിംഗര്‍ രണ്ട് മികച്ച ഗോളുകള്‍ നേടി. എന്നാല്‍ തന്റെ ആദ്യഗോള്‍ നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായിരുന്നെന്നും റയല്‍താരം ലൂക്കാസ് വസ്‌കസില്‍ നിന്നും പന്ത് തട്ടിയെടുത്തതിന്റെ ഫലമായിരുന്നെന്നുമാണ് റഫീഞ്ഞ പറയുന്നത്. മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹനല്ലെന്ന്് അദ്ദേഹം ഉറച്ചുനിന്നു.
മാത്രമല്ല മത്സരത്തിന് ശേഷമുള്ള അഭിമുഖത്തില്‍ 28 കാരന്‍ സ്വന്തം പ്രകടനത്തെ വിമര്‍ശിക്കുകയും ചെയ്തു. ‘ഇന്ന് ഞാന്‍ നന്നായി കളിച്ചില്ല.’ താരം പറഞ്ഞു. അതേസമയം ഈ സീസണില്‍ ബാഴ്‌സിലോണ ലാലിഗയില്‍ കിരീടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇതിന് പ്രധാന കാരണങ്ങളിലൊന്ന് റഫീഞ്ഞയുടെ മിന്നുന്ന പ്രകടനമായിരുന്നു.
സീസണില്‍ ബാഴ്സലോണയ്ക്കായി 54 മത്സരങ്ങളില്‍ നിന്നായി 34 ഗോളുകള്‍ നേടിയ താരം 25 അസിസ്റ്റുകളും നല്‍കി. കഴിഞ്ഞ മാസം ബാഴ്സലോണയെ കോപ്പ ഡെല്‍ റേ ട്രോഫി കരസ്ഥമാക്കാന്‍ സഹായിച്ച പ്രധാന പ്രകടനം പുറത്തെടുത്തത് റാഫീഞ്ഞ ആയിരുന്നു. അന്നും ഹാന്‍സി ഫ്‌ലിക്കിന്റെ ടീം ഫൈനലില്‍ റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തി.