Health

ഉലുവ മുതൽ സവാള വരെ: ഒരാഴ്ചയ്ക്കുള്ളിൽ മുടി കൊഴിച്ചിലിന് ഫുൾസ്റ്റോപ്പ്; ഫലപ്രദമായ 6 പ്രതിവിധികള്‍

മിക്ക സ്ത്രീകളും ഒരു സമയം കഴിയുമ്പോള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. പ്രസവ ശേഷം മിക്ക അമ്മമാരും മുടി കൊഴിച്ചില്‍ വളരെ രൂക്ഷമായി തന്നെ നേരിടാറുണ്ട്. പല തരത്തിലുള്ള മാര്‍ഗങ്ങളും പരീക്ഷിച്ചാലും ഒരു റിസള്‍ട്ട് കിട്ടുക എന്നത് കഠിനം തന്നെയാണെന്ന് പറയാം. ടെന്‍ഷന്‍ കൂടുമ്പോള്‍ മിക്കവര്‍ക്കും മുടിയാണ് ആദ്യം പൊഴിഞ്ഞു തുടങ്ങുക. മുടി കൊഴിച്ചില്‍ തടയാന്‍ ഇനി പറയുന്ന മാര്‍ഗങ്ങള്‍ നിങ്ങള്‍ക്ക് പരീക്ഷിയ്ക്കാവുന്നതാണ്…..

മുട്ടയുടെ വെള്ള – പ്രോട്ടീന്‍ സമ്പന്നമാണ് മുട്ടയുടെ വെള്ള. ഇതുകൂടാതെ ബയോട്ടിന്‍, വൈറ്റമിന്‍ ബി തുടങ്ങിയ ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. മുടി കൊഴിച്ചില്‍ തടയാന്‍ ഉത്തമമാണിത്. മുട്ട കഴിക്കുന്നതിനേക്കാള്‍ നല്ലതാണ് തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുന്നത്. ഒരു മുട്ട പൊടിച്ച് ബൗളില്‍ ഒഴിച്ചശേഷം അതിലേക്ക് ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് ഇളക്കി കൊടുക്കുക. നന്നായി മിക്‌സ് ചെയ്തശേഷം തലയോട്ടിയില്‍ തേച്ചു പിടിപ്പിച്ച് 20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംബൂ ഉപയോഗിച്ച് തണുത്ത വെള്ളത്തില്‍ കഴുകി കളയാം. ഒരാഴ്ച ഇങ്ങനെ ചെയ്യുമ്പോള്‍ തന്നെ മികച്ച റിസള്‍ട്ട് ലഭിക്കും.

അലോവേര – വീട്ടിലെ പൂച്ചട്ടിയില്‍ വളര്‍ത്താവുന്ന മികച്ച സസ്യമാണ് അലോവേര. ഇതിന്റെ തടിച്ച പുറംതോട് മാറ്റുമ്പോള്‍ കിട്ടുന്ന മാംസളമായ ജെല്‍ രൂപത്തിലുള്ള ഭാഗമാണ് മുടിയുടെ പരിപാലനത്തിനായി ഉപയോഗിക്കാറ്. അലോവേര ജെല്ലില്‍ ധാരാളമായി പോളിസാക്കറൈഡ്‌സ്, ഗ്ലൈക്കോ പ്രോട്ടീന്‍സ് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് മുടി വളര്‍ച്ചയ്ക്കും, മുടി പട്ടുപോലെ തിളങ്ങാനും ഉത്തമമാണ്. ഒരു ടേബിള്‍ സ്പൂണ്‍ തേങ്ങാപ്പാല്‍, ഒരു ടീസ്പൂണ്‍ അലോവേര ജെല്‍ എന്നിവ നന്നായി മിക്‌സ് ചെയ്‌തെടുക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ നന്നായി തേച്ചു പിടിപ്പിക്കുക. അര മണിക്കൂറിനു ശേഷം തീവ്രത കുറഞ്ഞ ഷാംബൂ ഉപയോഗിച്ച് കഴുകിക്കളയാം.

സവാള ജ്യൂസ് – സവാള ജ്യൂസ് മുടിയുടെ ആരോഗ്യത്തിന് മികച്ചതാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ മുടിയുടെ കരുത്ത് കൂട്ടി വളര്‍ച്ചയെ ത്വരിതപ്പെടുത്തും. തലയോട്ടിയില്‍ ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടെങ്കില്‍ അത് പൂര്‍ണ്ണമായും മാറ്റിയെടുക്കാന്‍ സവാള ജ്യൂസിന് കഴിയും. രണ്ടു ടേബിള്‍ സ്പൂണ്‍ സവാള ജ്യൂസില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക. നന്നായി മിക്‌സ് ചെയ്തശേഷം തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിക്കുക. പിന്നീട് 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടു തവണ ഇങ്ങനെ ചെയ്യുന്നത് കൂടുതല്‍ ഫലപ്രദമാണ്.

കടുകെണ്ണ – കടുകെണ്ണ എന്ന് കേള്‍ക്കുമ്പോഴേ നെറ്റി ചുളിക്കേണ്ട. അത്ര നല്ല മണമല്ലെങ്കിലും ഗുണങ്ങളില്‍ സമ്പന്നമാണ് കടുകെണ്ണ. വിറ്റാമിനുകളായ A, D, E, K എന്നിവയും അത്യാവശ്യ മിനറല്‍സുകളായ സെലീനിയം, സിങ്ക്, ബീറ്റാ-കൊറോട്ടിന്‍ എന്നിവയും ധാരാളമായി കടുകെണ്ണയില്‍ അടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും ഫലപ്രദമായ സൗന്ദര്യവര്‍ദ്ധക എണ്ണയാണ് കടുകെണ്ണ. മുടിയുടെ വേര് മുതല്‍ ബലം നല്‍കി കൊഴിച്ചില്‍ തടയുകയും മുടി വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. രാത്രി ഒരു പാനില്‍ ആവശ്യത്തിന് കടുകെണ്ണ എടുത്ത് ചൂടാക്കി തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കാം. രണ്ടു മണിക്കൂര്‍ കഴിഞ്ഞു കഴുകി കളയാം. അല്ലെങ്കില്‍ രാവിലെ തീവ്രത കുറഞ്ഞ ഷാംബൂ ഉപയോഗിച്ച് കഴുകി കളഞ്ഞാലും മതി. ഒരാഴ്ച തുടര്‍ച്ചയായി ചെയ്താല്‍ മികച്ച മാറ്റങ്ങള്‍ അടുത്തറിയാന്‍ കഴിയും.

ആര്യവേപ്പില – മികച്ച ഔഷധ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ആര്യവേപ്പില. ആര്യവേപ്പിന്റെ ചുവട്ടില്‍ നിന്നാല്‍ പോലും രോഗശാന്തിയുണ്ടാകും എന്നാണ് പഴമക്കാര്‍ പറയാറ്. ബാക്ടീരിയ- ഫങ്ഗല്‍ ഇന്‍ഫെക്ഷന്‍, താരന്‍ എന്നിവയെ തടയാന്‍ ഉത്തമമാണ് ആര്യവേപ്പില. മികച്ച അണുനാശിനിയായ ആര്യവേപ്പില മുടിയുടെ വളര്‍ച്ച വര്‍ധിപ്പിക്കും. ഒരു പാത്രത്തില്‍ നിശ്ചിത അളവില്‍ വെള്ളമെടുത്ത് അതില്‍ ആര്യവേപ്പിലയിട്ട് തിളപ്പിച്ച് വെള്ളം പകുതിയാക്കി മാറ്റുക. പിന്നീട് വെള്ളം തണുപ്പിച്ച ശേഷം അതില്‍ മുടി കഴുകുക. ഒന്നിടവിട്ട ദിവസങ്ങളില്‍ ഇങ്ങനെ ചെയ്താല്‍ മികച്ച ഫലം കിട്ടും.

ഉലുവ – അടുക്കളയില്‍ എപ്പോഴും ഉണ്ടായിരിക്കുന്ന ഒന്നാണ് ഉലുവ. ഇതില്‍ ധാരാളം പ്രോട്ടീന്‍, നിക്കോട്ടിനിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. മുടിയുടെ വേരു തൊട്ട് ഉറപ്പ് നല്‍കുകയും വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്ന ഘടകങ്ങളാണ് ഇവ. ഇതുകൂടാതെ മുടിയ്ക്ക് നല്ല കണ്ടീഷനിങ് നല്‍കാനും ഉലുവ പേസ്റ്റ് നല്ലതാണ്. ഒന്നു- രണ്ടു സ്പൂണ്‍ ഉലുവ വെള്ളത്തിലിട്ട് രാത്രി മുഴുവന്‍ കുതിര്‍ത്തു വയ്ക്കുക. രാവിലെ അരച്ചെടുത്ത് തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. രണ്ടു- മൂന്നു മണിക്കൂറിനു ശേഷം ഷാംബൂവും കണ്ടീഷണറും ഉപയോഗിച്ച് കഴുകി കളയാം.

Leave a Reply

Your email address will not be published. Required fields are marked *