Crime

വാഹന പരിശോധനക്കിടെ റാക്കൂണിന്റെ വായിൽ മയക്കുമരുന്ന് പൈപ്പ്; ഉടമയായ സ്ത്രീ അറസ്റ്റിൽ

വാഹന പരിശോധനക്കിടെ കാറിനുള്ളിൽ വളർത്തു റാക്കൂണിനെ മെത്ത് പൈപ്പുമായി( ഒരു തരം മയക്കുമരുന്ന്) കണ്ടെത്തിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒഹിയോയിലെ സ്പ്രിംഗ്ഫീൽഡിലെ ഒരു ട്രാഫിക് സ്റ്റോപ്പിൽ വെച്ച് നടത്തിയ പരിശോധനയിലാണ് വായിൽ മെത്ത് പൈപ്പുമായി റാക്കൂണിനെ കണ്ടെത്തിയത്. സംഭവം കണ്ട് പോലിസ് ഉദ്യോഗസ്ഥർ പോലും അമ്പരന്നുപോയി.

സസ്‌പെൻഡ് ചെയ്‌ത ലൈസൻസുമായി വാഹനമോടിച്ചതിനാണു ഉടമയായ വിക്ടോറിയ വിദാലിന്റെ (55) വാഹനം പോലീസ് തടഞ്ഞത്. തുടർന്ന് വാഹനത്തിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ച്യൂവി എന്ന് പേരുള്ള ഇവരുടെ വളർത്തു റാക്കൂൺ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നത് ശ്രദ്ധയിൽപെട്ടത്. സ്പ്രിംഗ്ഫീൽഡ് ടൗൺഷിപ്പ് പോലീസ് പറയുന്നതനുസരിച്ച്, ച്യൂയിയുടെ സംശയാസ്പദമായ പെരുമാറ്റം വാഹനത്തിൽ മെത്ത്, കൊക്കെയ്ൻ, ഒന്നിലധികം ഉപയോഗിച്ച പൈപ്പുകൾ എന്നിവ കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥർക്ക് പ്രേരണയാകുകയായിരുന്നു.

സംഭവത്തിന് പിന്നാലെ മയക്കുമരുന്ന്, മയക്കുമരുന്ന് സാമഗ്രികൾ കൈവശം വയ്ക്കൽ, ഡ്രൈവിംഗ് നിയമലംഘനങ്ങൾ എന്നീ കുറ്റം ചുമത്തി വിദാലിനെ അറസ്റ്റ് ചെയ്തു. ബോഡിക്യാം ഫൂട്ടേജിൽ, ഉദ്യോഗസ്ഥർ അമ്പരന്ന് നോക്കി നിൽക്കുമ്പോൾ റാക്കൂൺ പൈപ്പുമായി ഇരിക്കുന്നത് കാണാം. ഏതായാലും ച്യൂവി നിലവിൽ ആരോഗ്യവാനാണ്. റാക്കൂണിനെ സംരക്ഷിക്കാൻ വിദാലിന് ശരിയായ ഡോക്യുമെൻ്റേഷൻ ഉണ്ടായിരുന്നോ എന്ന് അവലോകനം ചെയ്യുകയാണ് അധികൃതർ ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *