Sports

കോഹ്ലിയും രോഹിത്തും ഗില്ലും പാണ്ഡ്യയും ; പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ്‌നിര മുട്ടുകുത്തി ; മുരളീധരന്റെ യഥാര്‍ത്ഥ പിന്‍ഗാമി ഈ പയ്യന്‍

ശ്രീലങ്കയിലെ കനത്ത മഴയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ഇടിമിന്നല്‍ കാണാനാണ് ഇന്ത്യന്‍ ആരാധകര്‍ കാത്തിരുന്നത്. പക്ഷേ കണ്ടത് ശ്രീലങ്കന്‍ ടീമിന്റെ ഒരു 20 കാരന്‍ പയ്യന്റെ ചുഴലിക്കാറ്റ്. ആര്‍.പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന ഏഷ്യാ കപ്പിലെ ഇന്ത്യാ ശ്രീലങ്ക സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ മിന്നിയത് ശ്രീലങ്കന്‍ സ്പിന്നര്‍ ദുനിത് വെല്ലലഗെയുടെ പന്താട്ടം.

അസാധാരണ മികവ് പ്രകടിപ്പിച്ച ദുനിത് വെല്ലലഗെ പന്തുകള്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിരയെ അരിഞ്ഞുവീഴ്ത്തി. ആദ്യവരവില്‍ ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ തുടങ്ങിയ പ്രധാന കളിക്കാരെ പുറത്താക്കിയ ദുനിത് രണ്ടാം വരവില്‍ വീഴ്ത്തിയത് കെഎല്‍ രാഹുലിനെയും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെയും. ഇന്ത്യയുടെ ശക്തമായ ബാറ്റിംഗ് നിരയ്ക്കെതിരായ ബൗളിംഗ് പ്രകടനം ദുനിതിന് ഇപ്പോള്‍ ഒരു വീരപരിവേഷം നല്‍കിയിരിക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറില്‍ 213 റണ്‍സിന് പുറത്തായിരിക്കുകയാണ്.

2019 20 ലെ ഇന്‍വിറ്റേഷന്‍ ലിമിറ്റഡ് ഓവര്‍ ടൂര്‍ണമെന്റില്‍ ലങ്കന്‍ ക്രിക്കറ്റ് ക്ലബിനെ പ്രതിനിധീകരിച്ച് 2019 ഡിസംബര്‍ 14 ന് ലിസ്റ്റ് എ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച വെല്ലലഗെ 2022 ജനുവരിയില്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന ഐസിസി അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിനുള്ള ശ്രീലങ്കന്‍ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന ആദ്യ ശ്രീലങ്കന്‍ അണ്ടര്‍ 19 ക്യാപ്റ്റനായി. 17 വിക്കറ്റ് വീഴ്ത്തി ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായാണ് ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്.

കൊളംബോക്കാരനായ വെല്ലലഗെയുടെ ശ്രദ്ധേയമായ ഓള്‍റൗണ്ട് പ്രകടനം ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. മികച്ച ലോകകപ്പ് പ്രകടനത്തിന് ശേഷം ഐസിസിയുടെ ലോകത്തിലെ ഏറ്റവും മികച്ച അണ്ടര്‍19 ടീമിലും ഇടം നേടി. 2022 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായുള്ള (ഐപിഎല്‍) ഉയര്‍ന്ന മത്സരമുള്ള കളിക്കാരുടെ ലേല പട്ടികയിലും ഇടം നേടി. ശ്രീലങ്കന്‍ ടീമിനായുള്ള അന്താരാഷ്ട്ര അരങ്ങേറ്റം 2022 ജൂണില്‍ പാകിസ്ഥാനെതിരെ ആയിരുന്നു, 2023 ല്‍ പാകിസ്ഥാനെതിരെ തന്നെ ഏകദിന അരങ്ങേറ്റവും നടത്തി.