Good News

പഠിച്ചത് സര്‍ക്കാര്‍ സ്‌കൂളില്‍; അപേക്ഷ തള്ളിയത് 35 കമ്പനികള്‍; ഇപ്പോള്‍ ശമ്പളം 1.9 കോടി, മനുവിന്റെ വിജയഗാഥ

സ്ഥിരോത്സാഹികള്‍ക്ക് പരാജയങ്ങള്‍ പലപ്പോഴും വിജയത്തിലേക്കുള്ള ചവിട്ടുപടികളായിരിക്കും. തോല്‍വികളും തിരസ്‌കരണങ്ങളും തിരിച്ചടികളും വിലയേറിയ ഒരു പാഠം പഠിപ്പിക്കുകയും വിജയിക്കാന്‍ സഹായിക്കുകയും ചെയ്യും. ആത്മസമര്‍പ്പണവും കഠിനാധ്വാനവും എല്ലായ്‌പ്പോഴും എങ്ങനെ ഫലം കാണുന്നുവെന്ന് വെറും 10,000 രൂപ ശമ്പളത്തില്‍ നിന്ന് 1.9 കോടി രൂപ വരെ ശമ്പളം നേടുന്ന മനു അഗര്‍വാളിന്റെ ജീവിത കഥ കേട്ടാല്‍ മനസ്സിലാകും.

ഡാറ്റാ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സ്ട്രക്ചര്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രോഗ്രാമിംഗ്, സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറിംഗ് എന്നിവയിലെ മാസ്റ്റര്‍ കോഴ്‌സുകള്‍ക്ക് പേരുകേട്ട ട്യൂട്ടര്‍ അക്കാദമിയുടെ സ്രഷ്ടാവാണ് അദ്ദേഹം. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ ഹിന്ദിമീഡിയത്തില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച കണക്കില്‍ സാമര്‍ത്ഥ്യമില്ലാത്ത ഒരു സാധാരണ ആണ്‍കുട്ടിയായിരുന്നു മനു.

പക്ഷേ തടസ്സങ്ങളെ പതിയെ പതിയെ മറികടന്ന അദ്ദേഹം ഉയര്‍ന്ന എഐഇഇഇ സ്‌കോര്‍ നേടിയ ശേഷം ബുന്ദേല്‍ഖണ്ഡ് സര്‍വകലാശാലയില്‍ ബാച്ചിലര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദം സ്വന്തമാക്കി. തുടര്‍ന്ന് തിരുച്ചിറപ്പള്ളിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. 2016 ല്‍ 10,000 രൂപ ശമ്പളത്തോടെ ഒരു ഇന്റേണ്‍ഷിപ്പ് ലഭിച്ചു. എംസിഎ ചെയ്യുമ്പോള്‍ ബിസിഎ യോഗ്യത തേടുന്ന നിരവധി കമ്പനികളിലേക്ക് ജോലിക്ക് അപേക്ഷിച്ചു.

കുറഞ്ഞത് 35 കമ്പനികളില്‍ നിന്നെങ്കിലും നിരസിക്കല്‍ കത്തുകള്‍ ലഭിച്ചിട്ടുണ്ട്. പക്ഷേ ശ്രമം തുടര്‍ന്നുകൊണ്ടേയിരുന്നു. അതിനിടയില്‍ തനിക്ക് മികച്ച ആവഗാഹമുള്ള കോഡിംഗില്‍ മൈക്രോസോഫ്റ്റ് ഇന്റേണ്‍ഷിപ്പ എത്തി, തുടര്‍ന്ന് ഒരു ജോലി ഓഫറും. വാഷിംഗ്ടണിലെ സിയാറ്റിലില്‍ വച്ച് മൈക്രോസോഫ്റ്റ് അദ്ദേഹത്തിന് 1.9 കോടി രൂപയുടെ ശമ്പള പാക്കേജ് നല്‍കിയതായി നവഭാരത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

വിജയിച്ചെങ്കിലും, കോവിഡ് -19 വില്ലനായെത്തി. ഇന്ത്യയിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതനായി. ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം ഗൂഗിളില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തു. പിന്നാലെ സുഹൃത്ത് അഭിഷേക് ഗുപ്തയുമായി സഹകരിച്ച് ട്യൂട്ടര്‍ അക്കാദമിയും ആരംഭിച്ചു