പൊതുവേ ‘അണ്‍പോപ്പുലറാ’യ രുചിയാണ് കയ്പ്പ്. പ്രമേഹമുള്ളവര്‍ക്ക് നല്ലതാണെന്ന തെറ്റിദ്ധാരണയില്‍ പലരും കയ്പ്പ് സഹിച്ചുകൊണ്ട് കയ്പ്പക്ക അഥവാ പാവക്ക കഴിക്കാറുണ്ട് .ഇപ്പോഴിതാ കയ്പ്പിന്റെ കാര്യത്തില്‍ പാവക്കയെ ബഹുദൂരം പിന്നിലാക്കുന്ന ഒരു വസ്തു കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ജേണല്‍ ഓഫ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ഫുഡ് കെമിസ്ട്രി എന്ന പിയര്‍ റിവ്യൂഡ് ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
മ്യൂണിച്ച് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഭക്ഷ്യഗവേഷകരാണ് പുതിയ ‘ഐറ്റം’ കണ്ടെത്തിയത്. അമാരോപോസ്റ്റിയ സ്റ്റിപ്റ്റിക്ക എന്നറിയപ്പെടുന്ന ഒരിനം കൂണാണ് ഗവേഷകര്‍ കണ്ടെത്തിയത്. ബിറ്റര്‍ ബ്രാക്കറ്റ് ഫംഗസ് എന്നറിയപ്പെടുന്ന ഈ കൂണാണ് ഔദ്യോഗികമായി ലോകത്തെ ഏറ്റവും കയ്‌പ്പേറിയ വസ്തുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
മരത്തില്‍ വളരുന്ന ഈ കൂണ്‍ ബ്രിട്ടനില്‍ വ്യാപകമായി ലഭിക്കുന്ന ഒന്നാണ്. അതീവരൂക്ഷമായ കയ്പ്പാണ് ഈ കൂണിനെങ്കിലും ഇത് വിഷമല്ല. അമാരോപോസ്റ്റിയ സ്റ്റിപ്റ്റിക്കയില്‍ നിന്ന് മൂന്ന് സംയുക്തങ്ങള്‍ ഗവേഷകര്‍ വേര്‍തിരിച്ചെടുക്കുകയും ഇവ മനുഷ്യശരീരത്തില്‍ എന്ത് മാറ്റമാണുണ്ടാക്കുക എന്നും അവര്‍ പഠിച്ചു.
ഇതില്‍ ഒലിഗോപൊറിന്‍ ഡി എന്ന സംയുക്തമാണ് കയ്പ്പിന് കാരണമെന്ന് ഗവേഷകര്‍ പറയുന്നു. നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിനേക്കാള്‍ ശക്തമായ കയ്പ്പാണ് ഇതിനുള്ളത്.അത് മനസിലാക്കാനായി ഗവേഷകര്‍ ഒരുദാഹരണം പറയുന്നു. ഒരുഗ്രാം ഒലിഗോപൊറിന്‍ ഡി 106 ബാത്ത് ടബ്ബുകളില്‍ കൊള്ളുന്നത്ര വെള്ളത്തില്‍ കലര്‍ത്തിയാലും മനുഷ്യര്‍ക്ക് അതിന്റെ കയ്പ്പ് തിരിച്ചറിയാനാകുമത്രെ. നമ്മുടെ നാവിലെ കയ്പ്പ് തിരിച്ചറിയുന്ന രസമുകുളങ്ങളെ സജീവമാക്കുകയാണ് ഈ രാസവസ്തു ചെയ്യുന്നത്.