ഹരിദ്വാറിൽ കുടുംബങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് വിവാഹത്തിൽ നിന്ന് പിന്മാറി വധു. ചൊവ്വാഴ്ച വിവാഹവേദിയിലേയ്ക്ക് വരന്റെ സ്വീകരണത്തോടനുബന്ധിച്ച് നടത്തുന്ന റിബൺ മുറിക്കൽ ചടങ്ങിനിടെ രാത്രി 10 മണിയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇതോടെ ചടങ്ങ് വലിയ കലഹത്തിൽ അവസാനിക്കുകയായിരുന്നു.
ഫ്രീ പ്രസ് ജേണലിന്റെ റിപ്പോർട്ടുകൾ പ്രകാരം, വരന്റെ കുടുംബം ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്നുള്ളവരാണ്. വിവാഹ ചടങ്ങിനിടെ വധുവിന്റെ ബന്ധുക്കളായ സ്ത്രീകളെ കുറിച്ച് വരന്റെ സുഹൃത്തുക്കൾ മോശം പരാമർശം നടത്തിയതാണ് വഴക്കിന് കാരണമായത്. ആദ്യം വധുവിന്റെ വീട്ടുകാർ വാക്കുകൊണ്ട് എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും, സംഭവം പിന്നീട് അക്രമാസക്തമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയായിരുന്നു.
വേദിയിലെ സിസിടിവി ക്യാമറയിലാണ് ഞെട്ടിക്കുന്ന ദൃശ്യം പതിഞ്ഞത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, പുരുഷന്മാരുടെ വസ്ത്രങ്ങൾ കീറിയിരിക്കുന്നതായും വലിയ കല്ലുകൾ പെറുക്കി ആളുകൾക്ക് നേരെ ഇവർ എറിയുന്നതുമാണ് കാണുന്നത്.
സംഭവം ഓൺലൈനിൽ വ്യാപകമായ ശ്രദ്ധ നേടിയിട്ടും, ഇരുഭാഗത്തും ഔപചാരികമായ പരാതിയൊന്നും നൽകിയിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. വീഡിയോ നെറ്റിസൺമാരിൽ നിന്ന് ശക്തമായ പ്രതികരണത്തിന് കാരണമായിട്ടുണ്ട്. ഒരു ഉപയോക്താവ് എഴുതി, “നമ്മൾ എങ്ങോട്ടാണ് ഈ പോകുന്നത്? ഈ ആളുകൾ എവിടെ നിന്നാണ് വരുന്നത്”.
മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, “വിവാഹത്തിന് വരുന്ന ചില അതിഥികളും ബന്ധുക്കളും സ്വയം ആസ്വദിക്കുന്ന തിരക്കിലാണ്, പലപ്പോഴും അവരുടെ പ്രവൃത്തികൾ കൊണ്ടാണ് ഇത്തരത്തിലുള്ള സാഹചര്യം സൃഷ്ടിക്കപെടുന്നത്. ഒരു സാമൂഹിക, കുടുംബ, മതപരമായ ചടങ്ങ് ഒടുവിൽ കയ്പേറിയ ഓർമ്മയായി മാറുന്നു”എന്നാണ് കുറിച്ചത്. മൂന്നാമതൊരാൾ അഭിപ്രായപ്പെട്ടത് “ഏതായാലും ആ പെൺകുട്ടി രക്ഷപ്പെട്ടു” എന്നാണ്.