Featured Movie News

‘തലൈവര്‍ 171’; ഇനി രജനിവിളയാട്ടം ലോകേഷ് ചിത്രത്തില്‍, വരുന്നത് രജനിയുടെ അവസാനചിത്രമോ?

ജയിലര്‍ക്കു പിന്നാലെ ലോകമെമ്പാടുമുള്ള രജനീകാന്തിന്റെ ആരാധകർക്ക് ഒരു അപ്രതീക്ഷിത പ്രഖ്യാപനം. രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം സൺ പിക്ചേഴ്സ് ഔദ്യോ​ഗിക സോഷ്യൽ മീഡിയയിലൂടെയാണ് പുറത്തുവന്നത്. തലൈവർ 171 എന്നാണ് സിനിമയ്ക്ക് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. ചിത്രത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സൺ പിക്ചേഴ്സ് ആണ് നിർമ്മാണം.

രജനീകാന്തിന്റെ 171 -ാം സിനിമയാകും ഇത്. ജയിലറിന്റെ സംഗീതസംവിധായകന്‍ അനിരുദ്ധ് ആണ് ഈ ചിത്രത്തിനും സംഗീതമൊരുക്കുന്നത്. ലോകേഷ് കനകരാജ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ അൻപറിവ് ടീം സംഘട്ടനസംവിധാനമൊരുക്കുന്നത്. ഈ സിനിമ രജനികാന്തിന്റെ അഭിനയജീവിതത്തിലെ അവസാന സിനിമയായിരിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. സിനിമയുടെ മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. റിലീസിന് തയ്യാറെടുക്കുന്ന തന്റെ വിജയ് ചിത്രം ലിയോയുടെ തിരക്കുകളിലാണ് ഇപ്പോള്‍ ലോകേഷ്.

നേരത്തെ ഈ ചിത്രത്തെ പറ്റി സംവിധായകന്‍ മിഷ്കിന്‍ സിനിമ സേട്ടൈയ്ക്ക് നല്‍കിയ അഭിമുഖം വൈറലായിരുന്നു. ഈ സിനിമ രജനിയുടെ അവസാന ചിത്രമായിരിക്കുമെന്നും . ലോകേഷിനെ ആ ചിത്രം സംവിധാനം ചെയ്യാന്‍ രജനി നേരിട്ടു വിളിച്ചു പറഞ്ഞതും തെരഞ്ഞെടുത്തതും എല്ലാവര്‍ക്കും അഭിമാനിക്കാന്‍ വകനല്‍കുന്നതാണെന്നുമാണ് മിഷ്കിന്‍ പറഞ്ഞത്. സൂര്യ ചിത്രം ജയ് ഭീമിന്റെ സംവിധായകൻ ജ്ഞാനവേല്‍ രജനികാന്തിനെ നായകനാക്കി ഒരു പ്രൊജക്ട് ഒരുക്കുന്നുവെന്നുവെന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു.