ബന്ധങ്ങള്‍ക്ക് നിമിഷങ്ങളുടെ ആയുസുമാത്രമുള്ള ഇക്കാലത്ത് ഇതാ ഒരു അപൂര്‍വ പ്രണയത്തിന്റെ ജീവിതകഥ. നിതാന്ത പ്രണയത്തിന് മാതൃകയായിരുന്ന ഈ സുവര്‍ണ്ണ ദമ്പതികള്‍ ഏഴ് ദശകങ്ങള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങിയതും ഒരുമിച്ച്. ഒഹിയോ നാഷ്‌പോര്‍ട്ടിലെ കെന്നെത്ത്- ഹെലന്‍ ദമ്പതികളായിരുന്നു വിവാഹജീവിതത്തിലെ ഒത്തുചേരല്‍ മരണത്തിനപ്പുറത്തേക്കും കൊണ്ടു പോയത്. ഹെലന്‍ ഫെലുംലീ എന്ന 92 കാരി 2014ഏപ്രില്‍ 12 ന് മരണമടഞ്ഞു. പിന്നാലെ പിറ്റേ ദിവസം രാവിലെ 91 കാരനായ ഭര്‍ത്താവ് കെന്നത്ത് ഫെലുംലീമും മരണത്തിന് കീഴടങ്ങി. 70 വര്‍ഷം നീണ്ട ദാമ്പത്യത്തില്‍ ഒരു രാവ് പോലും പിരിഞ്ഞിരിക്കാതിരുന്ന ഇവരെ മരണത്തിന് പോലും വേര്‍പിരിക്കാനായത് 15 മണിക്കൂര്‍ മാത്രം.
ഹെലന്റെ മരണത്തിന് പിന്നാലെ 12 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കെന്നെത്തിനെ വിളറി വെളുത്ത നിലയില്‍ കണ്ടെന്നും അടുത്ത പ്രഭാതത്തില്‍ പിതാവ് മരണമടഞ്ഞെന്നും മക്കള്‍ വ്യക്‌തമാക്കി. മരണസമയത്ത് അരികിലുണ്ടായിരുന്ന എട്ടു മക്കളും ഇണപിരിയാത്ത ദമ്പതികള്‍ എന്നായിരുന്നു വിശേഷിപ്പിച്ചത്. കൗമാരകാലത്ത് തുടങ്ങിയ ഇരുവരുടേയും പ്രണയം വിവാഹത്തിലെത്തുകയും ആഘോഷകരമായ ദാമ്പത്യം മുക്കാല്‍ നൂറ്റാണ്ടിന് തൊട്ട് അരികില്‍ അവസാനിക്കുകയുമായിരുന്നു.
കെന്നത്തിന് 21 വയസ്സ് തികയുന്നതിന് രണ്ടു ദിവസം മുമ്പ് ന്യൂപോര്‍ട്ട് കെന്റുക്കിയിലെ സിന്‍സിനാറ്റിയില്‍ നിന്നുളള ഒഹിയോ നദി കുറുകെ കടക്കുമ്പോഴായിരുന്നു ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. 1941 ല്‍ കണ്ടു മുട്ടിയ ഇരുവരും ദീര്‍ഘ പ്രണയത്തിന് ശേഷം 1944 ഫെബ്രുവരി 20 ന് വിവാഹവും കഴിച്ചു.
റെയില്‍റോഡ് കാര്‍ ഇന്‍സ്‌പെക്‌ടറായി അന്ന് ജോലി ചെയ്യുകയായിരുന്നു കെന്നത്ത്. മികച്ച വീട്ടമ്മയായി ഹെലന്‍ വീട്ടില്‍ കഴിഞ്ഞു. സ്വന്തം കുടുംബത്തിലെ പാചകം ശുചീകരണജോലികള്‍ എന്നിവയെല്ലാം ചെയ്‌ത് കുടുംബത്തിനും ഭര്‍ത്താവിനും മികച്ച പരിചരണം നല്‍കി. ഇരുവരും ഇടയ്‌ക്കിടെ യുണൈറ്റഡ് മെതഡിസ്‌റ്റ് പള്ളിയിലെ സണ്‍ഡേസ്‌കൂള്‍ അദ്ധ്യാപകരായും ജോലി ചെയ്‌തു. 1983 ല്‍ ജോലിയില്‍ നിന്നും കെന്നത്ത് വിരമിച്ചതോടെ കുട്ടികള്‍ ഒന്നൊന്നായി ഇവരെ വിട്ടു പോകാന്‍ തുടങ്ങി. അപ്പോള്‍ ദമ്പതികള്‍ യാത്രയ്‌ക്കായി സമയം കണ്ടെത്തി തുടങ്ങി. ബസ് കയറി ഇങ്ങിനെ 50 ലധികം സ്‌റ്റേറ്റുകളാണ് ഇവര്‍ യാത്ര ചെയ്‌തത്.
മരണം വരെയും പ്രണയിച്ചിരുന്ന ഇരുവരും എന്നും ആഹാരം കഴിച്ചിരുന്നതും സഞ്ചരിച്ചിരുന്നതുമെല്ലാം ഒരുമിച്ചായിരുന്നു. കൈകള്‍ കോര്‍ത്ത് പിടിച്ചേ നടക്കാറുണ്ടായിരുന്നുള്ളൂ എന്നും മക്കള്‍ പറയുന്നു. ഒരാള്‍ പോയാല്‍ മറ്റേയാള്‍ക്ക് പോകാതിരിക്കാനാകില്ലെന്ന് തങ്ങള്‍ക്ക് അറിയാമായിരുന്നെന്നും മാതാപിതാക്കളുടെ മരണത്തെക്കുറിച്ച് മക്കള്‍ പറഞ്ഞു.