വശ്യമായ സൗന്ദര്യവും, ഹൃദ്യമായ കണ്ണുകളും, കാന്തിക സ്‌ക്രീന്‍ സാന്നിധ്യവും കൊണ്ട്, അവള്‍ കാലാതീതമായ ഒരു ഇതിഹാസമായി മാറിയ നടിയാണ് മധുബാല. ബോളിവുഡിലെ ഏറ്റവും പ്രിയങ്കരിയായ നടിമാരില്‍ ഒരാളായി നിലകൊള്ളുന്ന അവര്‍ ‘ബോളിവുഡിന്റെ മെര്‍ലിന്‍ മണ്‍റോ’ എന്നും ‘ഇന്ത്യന്‍ സിനിമയുടെ ശുക്രന്‍’ എന്നും സ്നേഹപൂര്‍വ്വം സ്മരിക്കപ്പെടുന്നു.
മുംതാസ് ജഹാന്‍ ബീഗം എന്നറിയപ്പെടുന്ന മധുബാല എട്ടു വയസ്സുള്ളപ്പോള്‍ ബാലതാരമായി ബോളിവുഡ് യാത്ര ആരംഭിച്ചു. 1947-ല്‍ പതിനാലാം വയസ്സില്‍ നീല്‍ കമല്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു. ബോളിവുഡില്‍ വന്‍ ഹിറ്റായ ലാല്‍ദുപ്പട്ട അശോക് കുമാറിനൊപ്പം പ്രത്യക്ഷപ്പെട്ട സൈക്കോളജിക്കല്‍ ത്രില്ലര്‍, മഹല്‍ (1949) തുടങ്ങിയ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് അവര്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നു.
1949-ഓടെ, മധുബാല ഹിന്ദി സിനിമയിലെ ഒരു മുന്‍നിര നടിയായി മാറിയ അവര്‍ പതിനാറാം വയസ്സില്‍ ലേഡിസൂപ്പര്‍സ്റ്റാറായി. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അവരുടെ നിരവധി സിനിമകളാണ് പുറത്തുവന്നത്. ഇതില്‍ ഭൂരിഭാഗവും അവര്‍ 18 വയസ്സുള്ളപ്പോള്‍ ഒപ്പുവച്ചതാണ്. 21-ാം വയസ്സില്‍, 1950-കളുടെ മധ്യത്തില്‍ ഹിന്ദി സിനിമയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിയായി മാറി.
1960-ല്‍ പുറത്തിറങ്ങിയ മുഗള്‍-ഇ-ആസം എന്ന സിനിമ ഏറ്റവും വലിയ വിജയമായി. എന്നാല്‍ ജന്മനാ ഉണ്ടായിരുന്ന ഹൃദയ വൈകല്യത്തെ തുടര്‍ന്ന് ആരോഗ്യം വഷളാകാന്‍ തുടങ്ങി. ചികിത്സയിലും ജോലി തുടര്‍ന്നു. മൂന്ന് സിനിമകള്‍ 1960 കളുടെ തുടക്കത്തില്‍ പുറത്തിറങ്ങി. 1969-ല്‍ മുപ്പത്താറാം വയസ്സില്‍ മരണമടഞ്ഞ നടിയുടെ അവസാന ചിത്രം ‘ജ്വാല’ മരണശേഷമാണ് പുറത്തിറങ്ങിയത്.