സൂപ്പര്‍ ഓവറില്‍ കളി തീരുമാനമായ ഐപിഎല്ലിലെ രാജസ്ഥാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തില്‍ രാജസ്ഥാന്റെ തോല്‍വിക്ക് യുവതാരം ധ്രുവ് ജൂറല്‍ ബലിയാടാകുന്നു. താരത്തിന്റെ സ്വര്‍ത്ഥതയാണ് ടീമിനെ തോല്‍വിയിലേക്ക് തള്ളി വിട്ടതെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ആക്ഷേപം. മത്സരത്തിന്റെ അവസാന ഓവറില്‍ ഷിമ്റോണ്‍ ഹെറ്റ്മെയറിന് ജുറല്‍ റണ്‍ നിഷേധിച്ചതില്‍ ആരാധകര്‍ തൃപ്തരല്ല.
അവസാന ഓവറില്‍ 9 റണ്‍സ് വേണ്ടിയിരിക്കെ ജുറലും ഹെറ്റ്മെയറും ക്രീസിലുണ്ടായിരുന്നെങ്കിലും മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തകര്‍പ്പന്‍ പ്രകടനമാണ് മത്സരം സൂപ്പര്‍ ഓവറിലെത്തിച്ചത്. 2 പന്തില്‍ 3 റണ്‍സ് വേണ്ടിയിരിക്കെ, ഹെറ്റ്‌മെയര്‍ കവറിലൂടെ പന്ത് കളിച്ചെങ്കിലും രണ്ടാം റണ്ണിനായി ജുറെല്‍ തിരിച്ചെത്തിയില്ല. ഫീല്‍ഡര്‍ സേവ് പൂര്‍ത്തിയാക്കുമ്പോഴേക്കും അവര്‍ക്ക് രണ്ട് റണ്‍സ് പൂര്‍ത്തിയാക്കാമായിരുന്നുവെന്ന് റീപ്ലേകള്‍ കാണിച്ചു, ആ ഓവറിലെ അവസാന പന്തില്‍ ജൂറലിന് 2 റണ്‍സ് നേടാനുമായില്ല.
തോല്‍വിയെ തുടര്‍ന്ന്, നിരവധി ആരാധകര്‍ അദ്ദേഹത്തെ ‘വില്ലന്‍’ എന്ന് വിളിച്ച് സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. മത്സരം സാധാരണ ഓവറുകളില്‍ സമനിലയില്‍ ആയതിനെ തുടര്‍ന്ന് സൂപ്പര്‍ ഓവറിലായിരുന്നു ഡല്‍ഹി വിജയം പിടിച്ചെടുത്തത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നേടാനായത് 11 റണ്‍സായിരുന്നു. മൂന്ന് പന്തുകളില്‍ ഡല്‍ഹി അതിനെ മറികടക്കുകയും ചെയ്തു. അതിനിടെ, ബുധനാഴ്ച അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളിംഗ് കോച്ച് മുനാഫ് പട്ടേലിന് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡിമെറിറ്റ് പോയിന്റും ലഭിച്ചു.
ഡല്‍ഹിയുടെ ബൗളിങ്ങിനിടെയാണ് സംഭവം നടന്നത്. മധ്യഭാഗത്ത് പട്ടേലിന്റെ സന്ദേശം അറിയിക്കാന്‍ ഡല്‍ഹിയുടെ റിസര്‍വ് കളിക്കാരനെ മൈതാനത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ഫോര്‍ത്ത് അമ്പയര്‍ തടഞ്ഞു. മുന്‍ ഇന്ത്യന്‍ പേസര്‍ ബൗണ്ടറി ലൈനില്‍ ലെയ്സ് കെട്ടുന്നതിനിടെ അമ്പയറുമായി തര്‍ക്കിക്കുന്നത് കണ്ടു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.