ആരോഗ്യ ഇന്‍ഷുറന്‍സ്, വാഹന ഇന്‍ഷുറന്‍സ് എന്നതൊക്കെ ഇന്ന് സര്‍വ്വ സാധാരണമായ കാര്യമാണ്. അത്തരത്തില്‍ ഒരു ഇന്‍ഷുറന്‍സ് ആശയവുമായി എത്തിയിരിയ്ക്കുകയാണ് ഒരു സംരംഭകന്‍. പ്രണയബന്ധത്തില്‍ ഇന്‍ഷുറന്‍സുമായാണ് ഇദ്ദേഹം എത്തിയിരിയ്ക്കുന്നത്. റിലേഷന്‍ഷിപ്പ് ഇന്‍ഷുറന്‍സ് പോളിസി നല്‍കുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരാള്‍ പങ്കുവെച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ലോകത്തിലെ ആദ്യ റിലേഷന്‍ഷിപ്പ് ഇന്‍ഷുറന്‍സ് പോളിസിയാണിതെന്ന് ഇവര്‍ അവകാശപ്പെടുന്നത്. ദമ്പതികള്‍ക്ക് അവരുടെ ബന്ധം ദീര്‍ഘനാളത്തേക്ക് ഉറപ്പിക്കാന്‍ സഹായിക്കുന്ന ഒരു സവിശേഷ കവറേജ് പ്ലാന്‍ വാഗ്ദാനം ചെയ്യുന്നതാണ് ഈ സംരംഭമെന്ന് സിക്കിലോവ് എന്ന വെസ്സൈറ്റില്‍ അവകാശപ്പെടുന്നു. ഒരു ബന്ധത്തില്‍ വിശ്വസ്തത പുലര്‍ത്തുന്നതിന് പണം നല്‍കുന്ന ആദ്യത്തെ ഇന്‍ഷുറന്‍സാണ് തങ്ങളുടേതെന്ന് സിക്കിലോവ് ഇന്‍ഷുറന്‍സ് അവകാശപ്പെടുന്നു.
പങ്കാളികളുടെ ബന്ധം ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുകയും വിവാഹത്തിലേക്ക് എത്തുകയും ചെയ്യുകയാണെങ്കില്‍ വിവാഹച്ചെലവുകളിലേക്കായി ഗണ്യമായ തുക ലഭിക്കുമെന്ന് വെബ്സൈറ്റില്‍ പറയുന്നു. മൊത്തം പ്രീമിയത്തിന്റെ പത്ത് മടങ്ങോളമാണ് ലഭിക്കുക. അതേസമയം, ബന്ധം വേര്‍പിരിയുകയാണെങ്കില്‍ അവര്‍ക്ക് ഒന്നും ലഭിക്കില്ലെന്നുംവെബ്സൈറ്റില്‍ വ്യക്തമാക്കുന്നു.
”വേര്‍പിരിയലുകള്‍ സാധാരണമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഞങ്ങള്‍ ഗെയിം മാറ്റുകയാണ്. അഞ്ച് വര്‍ഷത്തേക്ക് എല്ലാ വര്‍ഷവും പ്രീമിയം അടയ്ക്കണം. നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെ വിവാഹം കഴിച്ചാല്‍ നിങ്ങളുടെ വിവാഹത്തിനുള്ള ചെലവിന്റെ പത്ത് മടങ്ങ് തുക ഞങ്ങള്‍ നിങ്ങള്‍ക്ക് നല്‍കും. എന്നാല്‍ നിങ്ങള്‍ വേര്‍പിരിയുകയാണെങ്കില്‍ തുകയൊന്നും ലഭിക്കില്ല,” – സാമൂഹികമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.