ജീവിത ശൈലീ രോഗങ്ങളുടെ പട്ടികയില്‍ വരുന്ന ഒന്നാണ് പ്രധാനമായും കൊളസ്ട്രോള്‍. കൊളസ്ട്രോള്‍ തോത് നിയന്ത്രണത്തില്‍ നിര്‍ത്തേണ്ടത് ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. ചീത്ത കൊളസ്‌ട്രോളിന്റെ തോത് കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ തോത് വര്‍ധിപ്പിക്കാനും ഭക്ഷണത്തിലൂടെയും ജീവിതശൈലിയിലൂടെയും സാധിയ്ക്കും.
ശരീരത്തിന് ഇത് ആവശ്യമാണെങ്കിലും കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് ആരോഗ്യത്തിന് അത്ര നന്നല്ല. കൊളസ്‌ട്രോള്‍ കൂടിയാല്‍ അത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകും. കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്ന, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങളെ കുറിച്ച് അറിയാം……
പച്ചച്ചീര – സ്പിനാച്ച് അഥവാ പാലക് എന്നറിയപ്പെടുന്ന പച്ചച്ചീര കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ പച്ചച്ചീര, ചീത്ത കൊളസ്‌ട്രോള്‍ കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ധമനികളില്‍ അടിഞ്ഞു കൂടിയ കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ ചീരയിലടങ്ങിയ ല്യൂട്ടിന്‍ സഹായിക്കും.
ബ്രസല്‍സ് സ്പ്രൗട്ട്‌സ് – പോഷകസമ്പുഷ്ടമായ ബ്രസല്‍സ് സ്പ്രൗട്ട്‌സ് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഫലപ്രദമാണ്. നാരുകള്‍ ധാരാളം അടങ്ങിയ ഇവയില്‍ കൊളസ്‌ട്രോളിന്റെ ആഗിരണം പരിമിതപ്പെടുത്തുന്ന സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. അല്‍പ്പം ഒലിവ് ഓയില്‍ ചേര്‍ത്ത് ബ്രസല്‍സ് സ്പ്രൗട്ട്‌സ് റോസ്റ്റ് ചെയ്തു കഴിക്കാം.
ഗ്രീന്‍ ആപ്പിള്‍ – നാരുകളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ ഗ്രീന്‍ ആപ്പിള്‍ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ദിവസവും ഗ്രീന്‍ ആപ്പിള്‍ കഴിക്കുന്നത് ഹൃദയാരോഗ്യം വര്‍ധിപ്പിക്കും.
വെണ്ണപ്പഴം – നല്ല കൊഴുപ്പ് അടങ്ങിയ മികച്ച ഒരു സൂപ്പര്‍ഫുഡ് ആണ് വെണ്ണപ്പഴം. ഇതില്‍ ധാരാളം മോണോ അണ്‍സാച്ചുറേറ്റഡ് കൊഴുപ്പ് ഉണ്ട്. ഇത് ചീത്ത കൊളസ്‌ട്രോളി (LDL) നെ കുറയ്ക്കാനും നല്ല കൊളസ്‌ട്രോളി (HDL) ന്റെ അളവ് കൂട്ടാനും സഹായിക്കുന്നു. സ്മൂത്തികളിലും സാലഡിലും ചേര്‍ത്ത് ഇത് ഉപയോഗിക്കാം.
ഫ്‌ലാക്‌സ് സീഡ്‌സ് – ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ ഒന്നാണ് ഫ്‌ലാക്‌സ് സീഡ്. സോല്യുബിള്‍ ഫൈബറും ഇതില്‍ ധാരാളമുണ്ട്. ചീത്ത കൊളസ്‌ട്രോളും ഇന്‍ഫ്‌ലമേഷനും കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.
ഗ്രീന്‍ ടീ – ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും ഗ്രീന്‍ ടീ സഹായിക്കും. ചീത്തകൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന കറ്റേച്ചിനുകള്‍ ഇതിലുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ദിവസവും രാവിലെ ഒരു കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും.
ബ്രൊക്കോളി – ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ബ്രൊക്കോളി, കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. നാരുകള്‍ ധാരാളമടങ്ങിയ ബ്രൊക്കോളി ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു. കൂടാതെ ഹൃദ്രോഗം തടയുന്ന സള്‍ഫൊറാഫേന്‍ എന്ന സംയുക്തവും ബ്രൊക്കോളിയിലുണ്ട്.