തായ്‌വാനിൽ മുൻ കാമുകിയുടെ മരിച്ചുപോയ പിതാവിന്റെ ചിതാഭസ്മം മോഷ്ടിച്ചെടുത്ത് യുവാവ്. യുവതിയെ ഭീഷണിപ്പെടുത്തി വീണ്ടും ഒന്നിക്കുകയായിരുന്നു ഇയാൾ ഇതിലൂടെ ലക്ഷ്യമിട്ടത്. 57 കാരനായ എൽവി എന്ന ആളാണ് ഒരു സൈനിക സെമിത്തേരിയിൽ നിന്ന് ചിതാഭസ്മം മോഷ്ടിച്ചെടുത്ത് മുൻ പങ്കാളിയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചത്. അനുരഞ്ജനത്തിന് സമ്മതിച്ചില്ലെങ്കിൽ “അച്ഛനെ ഇനി ഒരിക്കലും കാണില്ല” എന്ന് ഇയാൾ യുവതിയോട് പറഞ്ഞതായും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ടാങ് എന്ന് പേരുള്ള ഈ സ്ത്രീ 15 വർഷമായി എൽവിയുമായി ദീർഘകാല ബന്ധത്തിലായിരുന്നു. എന്നാൽ, അവന്റെ വർദ്ധിച്ചുവരുന്ന കടബാധ്യതകളും ഏറ്റെടുക്കേണ്ടി വരുന്നതുമൂലം 2023-ൽ എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാനും അവൾ തീരുമാനിച്ചു. എന്നാൽ എൽവി പിന്മാറാൻ വിസമ്മതിച്ചു. തുടർന്നുള്ള രണ്ട് വർഷം, അനുരഞ്ജനത്തിനായി ഇയാൾ ആവർത്തിച്ചുള്ള ഭീഷണികളാൽ ടാംഗിനെ നിരന്തരം ഉപദ്രവിച്ചു.
അങ്ങനെ കഴിഞ്ഞ വർഷം മെയ് മാസത്തിൽ, അവളുടെ പിതാവിന്റെ ചിതാഭസ്മം സൂക്ഷിച്ചിരുന്ന സിജി ജില്ലയിലെ വുഴി മൗണ്ടൻ മിലിട്ടറി സെമിത്തേരി അയാള്‍ എത്തി. ഓഗസ്റ്റിൽ അത് വിജയകരമായി മോഷ്ടിച്ചു. മാസങ്ങൾക്കുശേഷം, ഡിസംബറിൽ, ഇയാൾ ടാങ്ങിന്റെ വീട്ടിൽ പോയി പിതാവിന്റെ ഒരു ചിത്രം മുന്നറിയിപ്പ് എന്നപോലെ കൊണ്ടുവെച്ചു. എന്നാൽ ആ സമയത്ത്, പിതാവിന്റെ ചിതാഭസ്മം നഷ്ടപ്പെട്ട വിവരം ടാങ്ങ് അറിഞ്ഞിരുന്നില്ല.
തുടർന്ന് ഈ വർഷം ആദ്യം, വാലൻ്റൈൻസ് ഡേയ്ക്ക് തൊട്ടുമുമ്പ്, എൽവിയിൽ നിന്ന് ടാംഗിന് മറ്റൊരു കത്ത് ലഭിച്ചപ്പോൾ സ്ഥിതി കൂടുതൽ വഷളായി. ഇത്തവണ മോഷ്ടിച്ച ചിതാഭസ്മത്തിന്റെ ഫോട്ടോകളും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഒപ്പം ഒരു ഞെട്ടിക്കുന്ന ഭീഷണിയും. ഇയാളുമായി അനുരഞ്ജനം നടത്തിയില്ലെങ്കിൽ, “ഇനി ഒരിക്കലും അവളുടെ പിതാവിനെ കാണില്ല” എന്നായിരുന്നു അത്. പരിഭ്രാന്തയായ ടാങ് ഒടുവിൽ പോലീസിനെ വിവരം അറിയിച്ചു.
അങ്ങനെ ശ്മശാനം പരിശോധിക്കാൻ സൈന്യവുമായി അധികാരികൾ എത്തിയപ്പോൾ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്ന അറയുടെ സീൽ തകർന്നതായി സ്ഥിരീകരിച്ചു. ഇതിലെ കലശവും ഫലകവും നഷ്ടപ്പെട്ടിരുന്നു. വഞ്ചനയ്ക്കും കള്ളപ്പണം വെളുപ്പിക്കലിനുമായി ഇതിനകം ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന എൽവി, ചോദ്യം ചെയ്തപ്പോൾ ചിതാഭസ്മം മോഷ്ടിച്ചത് ആദ്യം നിഷേധിച്ചു. എന്നാല്‍ കൂടുതൽ അന്വേഷണത്തിൽ കാണാതായ ചിതാഭസ്മം കണ്ടെത്തി ടാങ്ങിന് തിരികെ നൽകുകയും ചെയ്തു.
ഇതിനു പിന്നാലെ മനുഷ്യാവശിഷ്ടങ്ങൾ, ചാരം അല്ലെങ്കിൽ ശവസംസ്കാര വസ്തുക്കൾ എന്നിവ മോഷ്ടിച്ചതിനും അവഹേളിച്ചതിനും ക്രിമിനൽ ഭീഷണിപ്പെടുത്തലിനും എൽവി ക്കെതിരെ കുറ്റം ചുമത്തി.