കഴിഞ്ഞ ഏതാനും നാളുകളായി ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രികളുടെ സ്ഥിതി വഷളായികൊണ്ടിരിക്കുകയാണ്. ഡോക്ടർമാരുടെയും ജീവനക്കാരുടെയും അനാസ്ഥ തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. ഇത് തെളിയിക്കുന്ന നിരവധി വീഡിയോകളാണ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റഫോമുകൾ വഴി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ മൗറാണിപൂരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്നുള്ള സമാനമായ ഒരു വീഡിയോയാണ് ആളുകളെ വീണ്ടും ചൊടിപ്പിച്ചിരിക്കുന്നത്.
വിഡിയോയിൽ, പ്രായമായ ഒരു സ്ത്രീ രോഗി കസേരയിൽ ഇരിക്കുന്നത് കാണാം. എന്നാൽ ഡോക്ടർ, അവരെ ശരിയായി പരിശോധിക്കുന്നതിന് പകരം, രോഗിയുടെ കിടക്കയിൽ കിടന്ന് കുറിപ്പടി എഴുതുന്നതാണ് കാണുന്നത്. കിടക്കയിൽ കിടക്കുന്ന ഡോക്ടറോട് സ്ത്രീ തന്റെ പ്രശ്നം വിശദീകരിക്കുന്നതും വീഡിയോയിൽ കാണാം.
സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട ഈ വീഡിയോ @News1India ട്വീറ്റ് എന്ന പേരിലുള്ള ഒരു ഹാൻഡിലാണ് പങ്കുവെച്ചിരിക്കുന്നത്.
ചികിത്സയ്ക്കായി വയോധിക മൗറാണിപൂർ ആരോഗ്യ കേന്ദ്രത്തിൽ എത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ രോഗിയെ ശരിയായ വിധത്തിൽ പരിശോധിക്കുന്നതിനു പകരം, ഡ്യൂട്ടി ഡോക്ടർ കിടന്നുകൊണ്ട് സ്ത്രീയുടെ വിവരങ്ങൾ എടുക്കുകയും കിടന്നുകൊണ്ട് തന്നെ കുറിപ്പടി പോലും എഴുതുകയും ചെയ്യുന്നതാണ് കാണുന്നത്. സംഭവം കണ്ടുനിന്നവരിൽ ഒരാളാണ് വീഡിയോ പകർത്തി ഓൺലൈനിൽ പങ്കുവെച്ചത്.
ഇത് ആദ്യമല്ല, ഇതിനു മുൻപും ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രികളുടെ മോശം അവസ്ഥ തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്. ഇവയിൽ പലതും ജീവനക്കാരുടെയും ഡോക്ടർമാരുടെയും അശ്രദ്ധ തെളിയിക്കുന്ന സംഭവങ്ങൾ തന്നെയാണ്. ഈ വീഡിയോ പുറത്ത് വന്നതോടെ ഡോക്ടർക്കെതിരെ കർശന നടപടി വേണമെന്നാണ് ആളുകൾ ആവശ്യപ്പെടുന്നത്.