തകര്‍പ്പനടിക്കാര്‍ക്ക് മാത്രം ഇടമുള്ള ഇന്ത്യന്‍ പ്രീമിയര്‍ലീഗില്‍ ലക്‌നൗ സൂപ്പര്‍ജയന്റ്‌സിന് നായകന്‍ ഋഷഭ്പന്ത് ബാദ്ധ്യതയാകുന്നു. തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും ബാറ്റിംഗ് പരാജയം രുചിക്കുന്ന താരം വിക്കറ്റ് കീപ്പിംഗിലും മോശം പ്രകടനം തുടരുകയാണ്. ഐപിഎല്‍ ലേലത്തില്‍ വന്‍തുകകളില്‍ ഒന്ന് മുടക്കി എല്‍എസ്ജി ടീമില്‍ കൊണ്ടുവന്ന 27 കാരന്‍ ഏപ്രില്‍ 2 ന് പഞ്ചാബ് കിംഗ്സിനെതിരായ മൂന്നാം മത്സരത്തിന്റെ അഞ്ചാം ഓവറില്‍ വെറും 2 റണ്‍സിന് പുറത്തായത് ആരാധകരുടെ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.
ജിദ്ദയില്‍ നടന്ന മെഗാ ലേലത്തില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി മാറിയ പന്തിനെ 27 കോടി രൂപയ്ക്കാണ് എല്‍എസ്ജി സ്വന്തമാക്കിയത്. എന്നാല്‍ ഈ ഹൈപ്പിന് അനുസരിച്ച് പ്രകടനം വരുന്നില്ല. പുതിയ ഫ്രാഞ്ചൈസിക്കായി തന്റെ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ 17 റണ്‍സ് മാത്രമാണ് നേടിയത്. അദ്ദേഹത്തിന്റെ സ്‌കോറുകള്‍ 0, 15, 2 എന്നിങ്ങനെയാണ്.
ഇത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കി. മെഗാ ലേലത്തില്‍ 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് എടുത്ത അവരുടെ നായകന്‍ ശ്രേയസ് അയ്യറുടെ ഫോമും പന്തിന്റെ പോരാട്ടങ്ങളും താരതമ്യപ്പെടുത്താന്‍ ആരാധകര്‍ തുടങ്ങിയിരിക്കുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പുറത്താകാതെ 97 റണ്‍സുമായി അയ്യര്‍ പ്രതീക്ഷയ്ക്ക് അനുസരിച്ച് ബാറ്റ് വീശീയ താരം സീസണ്‍ ഓപ്പണറില്‍ തന്റെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. പ്രകടനത്തിലെ വ്യത്യാസം രണ്ട് ഇന്ത്യന്‍ താരങ്ങള്‍ തമ്മിലുള്ള താരതമ്യത്തിന് തുടക്കമിട്ടു.
ഡല്‍ഹി ക്യാപിറ്റല്‍സില്‍ ചേര്‍ന്ന മുന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന് പകരമായി കൊണ്ടുവന്ന പന്ത് ബാറ്റിംഗ് ലൈനപ്പില്‍് ഫയര്‍ പവര്‍ കുത്തിവയ്ക്കുമെന്ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് പ്രതീക്ഷിച്ചിരുന്നു. ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരായ അവരുടെ സീസണ്‍ ഓപ്പണര്‍ തോല്‍ക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ എല്‍എസ്ജിയെ വിജയത്തിലേക്ക് നയിക്കാന്‍ പന്തിന് കഴിഞ്ഞതാണ് തുണയായിരിക്കുന്നത്. ഫോമില്ലായ്മ ഫ്രാഞ്ചൈസിക്ക് ഉടനടി പരിഹരിക്കേണ്ട ഒരു പ്രധാന പ്രശ്‌നമായി തുടരുന്നു.