ഡാറ്റാ അനലിസ്റ്റായ മൈത്രി ഷാ ഒരു മൊബിലിറ്റി എയ്ഡ് ഉപയോക്താവാണ്. ശാരീരിക വൈകല്യം കാരണം വടി, ക്രച്ചസ് , വീൽചെയറുകൾ മൊബിലിറ്റി സ്കൂട്ടറുകൾ തുടങ്ങിയ ഉപകരണങ്ങളെ നടക്കാനോ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് നീങ്ങുന്നതിനോ ആശ്രയിക്കുന്ന ഒരാളാണ് മൊബിലിറ്റി എയ്ഡ് ഉപയോക്താവ്.
തന്റെ ജീവിതത്തിലൂടെ ശാരീരിക വൈകല്യമുള്ളവരുടെ ജോലികളെക്കുറിച്ചുള്ള ആളുകളുടെ ചിന്താഗതിയിൽ മാറ്റം വരുത്താനും അത് കൂടുതൽ ഉൾക്കൊള്ളുന്നതാക്കാനുമാണ് മൈത്രി ലക്ഷ്യമിടുന്നത്. ഇപ്പോഴിതാ ഇൻഡിഗോയിലെ തന്റെ വിമാനയാത്രാ അനുഭവം ലിങ്ക്ഡിനിലൂടെ പങ്കുവെച്ചിരിക്കുകയാണ് മൈത്രി.
ഏറെ നാളുകൾക്ക് ശേഷം താൻ ഒരു വിമാനത്തിൽ യാത്രപോയെന്ന് വെളുപ്പെടുത്തിയ മൈത്രി ആ യാത്രയിലെ തന്റെ സന്തോഷവും ആവേശവും പോസ്റ്റിലൂടെ പങ്കുവെച്ചു. ഒപ്പം യാത്രയിൽ തന്നെ പിന്തുണച്ചതിനും വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തതിന് , ടി2 മുംബൈ വിമാനത്താവളത്തിലെ ജീവനക്കാരെയും സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും ഇൻഡിഗോയിലെ ജീവനക്കാരെയും മൈത്രി അഭിനന്ദിച്ചു.
“ എന്റെ ഓരോ ചെറുതും വലുതുമായ ആഗ്രഹങ്ങൾ അവർ വാക്കിലൂടെയും പ്രവർത്തിയിലൂടെയും സാധ്യമാക്കി” മൈത്രി കുറിച്ചു.
തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് യാത്രയിൽ നിരവധി വീൽചെയർ ഉപയോക്താക്കളെ കണ്ടതാണെന്നും അവൾ പറഞ്ഞു. ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തിക്കൊണ്ട് മൈത്രി എഴുതി, “ഇന്ത്യയിലെ ഒരു പൊതു സ്ഥലത്ത് ഇത്രയധികം മൊബിലിറ്റി എയ്ഡ് ഉപയോക്താക്കളെ കണ്ടതായി ഞാൻ ഓർക്കുന്നില്ല. ആ കാഴ്ച വളരെ മനോഹരവുമായിരുന്നു. ആകാശം ഒടുവിൽ എല്ലാവർക്കുമായി തുറക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു അത്”.
നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായ പോസ്റ്റിനു താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
“ഇൻഡിഗോ എയർലൈന് മികച്ച ഉപഭോക്തൃ സേവനമുണ്ട്. സന്തോഷം, നിങ്ങൾക്കിത് ഇഷ്ടപ്പെട്ടതിൽ! ഒരു ലിങ്ക്ഡ്ഇൻ ഉപയോക്താവ് എഴുതി.
മറ്റൊരാൾ കൂട്ടിച്ചേർത്തു, “അഭിനന്ദനങ്ങൾ മൈത്രി ഒപ്പം ഇൻഡിഗോയുടെ പിന്തുണക്കും അഭിനന്ദനങ്ങൾ”. പോസ്റ്റ് വൈറലായതോടെ ഇൻഡിഗോയും പ്രതികരിച്ച് രംഗത്തെത്തി.
‘ഇത് സന്തോഷകരമായ യാത്രയുടെ മനോഹരമായ പ്രതികരണമാണ്! നിങ്ങളുടെ യാത്രയുടെ ഭാഗമായതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, ഞങ്ങളുടെ ക്രൂവും എയർപോർട്ട് ടീമുകളും ഒരു മാറ്റമുണ്ടാക്കി എന്ന് കേൾക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ആകാശത്തിലെ യാത്ര എല്ലാവർക്കും സുഗമമാക്കാൻ ഞങ്ങൾ എപ്പോഴും പരിശ്രമിക്കുന്നു. നിങ്ങൾക്ക് ഇനിയും നിരവധി അത്ഭുതകരമായ വിമാനങ്ങൾ യാത്രകൾ നേരുന്നു’ എന്ന് ഇൻഡിഗോയും കുറിച്ചു.