ഉത്തർപ്രദേശിൽ അൻപതാം വയസ്സിൽ പതിനാലാമത്തെ കുഞ്ഞിന് ജന്മം നൽകി സ്ത്രീ. ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിൽ നിന്നുള്ള സ്ത്രീയാണ് കഴിഞ്ഞ ദിവസം ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. സ്ത്രീയുടെ മൂത്ത മകനായ 22 കാരനാണ് നിലവിൽ അമ്മയെയും കുഞ്ഞിനേയും പരിചരിക്കുന്നത്. ഇരുവരും സുഖമായി ഇരിക്കുന്നതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
.
ഫ്രീ പ്രസ് ജേണൽ പറയുന്നതനുസരിച്ച്, ഇമാമുദ്ദീൻ എന്നയാളുടെ ഭാര്യയായ ഗുഡിയ എന്ന സ്ത്രീയാണ് ആംബുലൻസിൽ വെച്ച് തന്റെ 14-ാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. എന്നാൽ, ആംബുലൻസ് ആശുപത്രിയിലെത്തുന്നതിനു മുൻപ് തന്നെ കുഞ്ഞ് പുറത്തുവരുന്ന അവസ്ഥയിൽ എത്തിയിരുന്നു.
ഗുഡിയ തന്റെ നവജാതശിശുവിനൊപ്പവും മൂത്ത മകനൊപ്പവും ഇരിക്കുന്ന വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഹാപൂരിൽ വെൽഡറായി ജോലി ചെയ്യുന്ന മൂത്തമകനാണ് അമ്മയെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്.
തുടർന്ന് പുറത്തുവന്ന മറ്റൊരു വീഡിയോയിലാണ് തനിക്ക് നവജാത ശിശു ഉൾപ്പെടെ ഒമ്പത് കുട്ടികളുണ്ടെന്ന് ഗുഡിയ വെളിപ്പെടുത്തിയത്. മൂന്നു മക്കൾ മരിച്ചു പോയ കാര്യവും ഗുഡിയ വ്യക്തമാക്കി.
“എനിക്ക് 4 ആൺകുട്ടികളും 5 പെൺകുട്ടികളുമുണ്ട്. 3 പേർ മരിച്ചു. എനിക്ക് ആകെ 9 കുട്ടികളുണ്ട്”, ഗുഡിയ ഒരു പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചു. “എനിക്ക് 14 കുട്ടികളില്ലെന്നും ആ വാർത്ത തെറ്റാണെന്നും ഗുഡിയ വെളിപ്പെടുത്തി.
എന്നാൽ നവജാതശിശുവിനെ പ്രസവിച്ചതിന് പിന്നാലെ ആശുപത്രി അധികൃതർ ഇത് യുവതിയുടെ 14-ാമത്തെ കുട്ടിയാണെന്ന പ്രസ്താവനയിറക്കി. “ഇത് അവളുടെ 14-ാമത്തെ കുഞ്ഞാണ്, ഇത് മാസം തികയാതെയുള്ള പ്രസവമായിരുന്നു”, ഒരു ഡോക്ടർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
ഈ സമയത്ത് ഗുഡിയക്ക് പോലും കണക്ക് നഷ്ടപ്പെട്ടതായി തോന്നുന്നു! അത് 9 ആയാലും 14 ആയാലും.