ചൈനീസ് പ്രസിഡന്റ് വരുന്നില്ല, അമേരിക്കന്‍ പ്രസിഡന്റിന് കോവിഡ് പ്രശ്നം. അനേകം പ്രതിസന്ധികളാണ് ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിക്ക് നേരിടേണ്ടി വരുന്നത്. എന്നാല്‍ ഉച്ചകോടിക്ക് ഇന്ത്യയിലെത്തുന്ന ആദ്യ രാഷ്ട്രത്തലവനാണ് നൈജീരിയന്‍ പ്രസിഡന്റ് ബോല ടിനുബു. ജി 20 ഗ്രൂപ്പില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്ന രാജ്യത്തിന്റെ തലവന്‍ രണ്ടു ദിവസം മുമ്പ് തന്നെ ഇന്ത്യയില്‍ എത്തുകയും ചെയ്തു. അതേസമയം ജി 20 കഴിഞ്ഞ് നാട്ടിലെത്തുന്ന അദ്ദേഹത്തിന് പ്രസിഡന്റ് കസേര കാണുമോയെന്നാണ് അന്താരാഷ്ട്ര വേദിയില്‍ ഉയര്‍ന്നിരിക്കുന്ന ചോദ്യം.
ജി 20 ഉച്ചകോടി ആരംഭിക്കുന്നതിന് മുമ്പുതന്നെ, ടിനുബുവിന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടേക്കാം എന്നാണ് നൈജീരിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2023 ഫെബ്രുവരിയില്‍ നടന്ന നൈജീരിയന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ ടിനുബുവിന് മുകളില്‍ വാളായി നില്‍ക്കുന്നത്. പ്രസിഡന്‍ഷ്യല്‍ ഇലക്ഷന് പെറ്റീഷന് ട്രിബ്യൂണല്‍ പ്രസിഡന്റിന്റെ ഭാവി ഇന്ന് തീരുമാനിക്കും. വിധി എതിരായാല്‍ കസേര പോകും.
ഇന്‍ഡിപെന്‍ഡന്റ് നാഷണല്‍ ഇലക്ടറല്‍ കമ്മീഷന് പ്രഖ്യാപിച്ച പ്രകാരം ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആകെ 8,794,726 വോട്ടുകള്‍ ടിനുബുവിനു ലഭിച്ചു്. എതിര്‍കക്ഷിയായ പിഡിപിയുടെ ആറ്റി 6,984,520 വോട്ടുകളും നേടി. എന്നാല്‍ ടിനുബുവിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് വാദിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വരികയും ട്രിബ്യുണലിനെ സമീപിക്കുകയും ചെയ്തിരിക്കുകയാണ്.
മയക്കുമരുന്ന്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് 460,000 ഡോളര്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ട യുണൈറ്റഡ് സ്റ്റേറ്റ്സ് കോടതി വിധി കാരണം ടിനുബുവിന്റെ പ്രസിഡന്റ് പദവി അസാധുവാക്കാന്‍ ട്രൈബ്യൂണലിനോട് നെജീരിയയിലെ മുതിര്‍ന്ന അഭിഭാഷകനായ ക്രിസ് ഉചെയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ ഫെഡറല്‍ ക്യാപിറ്റല്‍ ടെറിട്ടറിയില്‍ 25 ശതമാനത്തില്‍ താഴെ വോട്ടുകള്‍ നേടിയതും ട്രൈബ്യൂണല്‍ തീരുമാനിക്കേണ്ട പ്രധാന വിഷയങ്ങളിലൊന്നാണ്. അദ്ദേഹത്തിന്റെ മത്സരാര്‍ത്ഥിയായ കാഷിം ഷെട്ടിമ ബോര്‍ണോ സെന്‍ട്രല്‍ സെനറ്റോറിയല്‍ ഡിസ്ട്രിക്റ്റിലേക്ക് എപിസി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതും ഇലക്ടറല്‍ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമായി കണക്കാക്കണമെന്ന് ലേബര്‍ പാര്‍ട്ടിയുടെ മറ്റൊരു പ്രതിപക്ഷ സ്ഥാനാര്‍ത്ഥി പീറ്റര്‍ ഒബിയും ആവശ്യപ്പെട്ടിട്ടുണ്ട്. ടിനുബുവിന് ലഭിച്ച വോട്ടുകള്‍ അസാധുവാക്കണമെന്നും ആവശ്യപ്പെടുന്നു.