ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ലോഹങ്ങളിൽ ഒന്നാണ് സ്വർണം. വ്യാപാരം, ഖനനം, പുരാവസ്തുക്കൾ മുതലായവയിൽ സ്വർണം മുന്നിട്ടു നിൽക്കുന്നതുകൊണ്ട് തന്നെ പുരാതന കാലം മുതലേ സ്വർണ്ണം വിലപിടിപ്പുള്ള ലോഹമായി നിലകൊള്ളുന്നു. ഇന്നും സ്വർണ്ണ നിക്ഷേപം നല്ല പണം സമ്പാദിക്കാനുള്ള ഏറ്റവും നല്ല സ്രോതസ്സായി നിലകൊള്ളുന്നു.
സർക്കാരിനെ സംബന്ധിച്ച് സ്വന്തമായി സ്വർണ്ണ ഖനനത്തിനുള്ള നിരവധി മാർഗങ്ങൾ നിലവിലുണ്ട്. എന്നാൽ ഏതൊരാൾക്കും പ്രകൃതിദത്ത സ്വർണ്ണം ലഭ്യമാകുന്ന ഒരു സ്ഥലം ഇന്ത്യയില്‍ ഉണ്ടെന്ന് ആർക്കെങ്കിലും അറിയാമോ? കേൾക്കുമ്പോൾ വിശ്വസിക്കാൻ അല്പം പ്രയാസം തോന്നുമെങ്കിലും ഇന്ത്യയിൽ സ്വർണം ലഭ്യമാകുന്ന ഒരു നദിയുണ്ട്. 474 കിലോമീറ്റർ നീളത്തിൽ പരന്നുകിടക്കുന്ന ഈ ഇന്ത്യൻ നദി സ്വർണ്ണത്തിന്റെ കലവറയായാണ് കണക്കാക്കപ്പെടുന്നത്.
സ്വർണ്ണത്തിൽ ഒഴുകുന്നു എന്ന് കരുതപ്പെടുന്ന ഈ നദിക്ക് സുബർണരേഖ എന്നാണ് പേര്. ‘സ്വർണ്ണത്തിന്റെ രേഖ എന്നാണ് ഈ പേരുകൊണ്ട് അർത്ഥമാക്കുന്നത്. ഇന്ത്യയുടെ കിഴക്ക് പ്രദേശമായ ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവയുടെ ചില ഭാഗങ്ങളിലൂടെയാണ് ഒഴുകുന്നത്. ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 16 കിലോമീറ്റർ അകലെ ഛോട്ടാ നാഗ്പൂർ പീഠഭൂമിയിൽ സ്ഥിതി ചെയ്യുന്ന നാഗ്ഡി ഗ്രാമത്തിൽ നിന്നാണ് ഈ നദി ഉത്ഭവിക്കുന്നത്.
ശുദ്ധമായ സ്വർണ്ണം പലപ്പോഴും ഈ നദിയുടെ തീരത്ത് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ നദിയുടെ ഉത്ഭവം കണ്ടെത്താനും നദിയിൽ എങ്ങനെ സ്വർണം ഒഴുകുന്നു എന്നുള്ളതും ഇന്നും രഹസ്യമായി തുടരുകയാണ്. നദി ഉത്ഭവിക്കുന്ന പർവത പ്രദേശങ്ങളാണ് നദിയിൽ സ്വർണം എത്താനുള്ള കാരണം എന്നാണ് നിലവിൽ കരുതപ്പെടുന്നത്.
ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിലൂടെ ഒഴുകുന്ന ഈ നദി ഹുൻഡ്രു വെള്ളച്ചാട്ടത്തിന്റെ രൂപത്തിൽ സമതലങ്ങളിലൂടെ ഒഴുകുകയും ഒടുവിൽ ബംഗാൾ ഉൾക്കടലിൽ ചെന്നുചേരുകയും ചെയ്യുന്നു. സുബർണരേഖ നദി മാത്രമല്ല, അതിന്റെ പോഷകനദിയായ ഖർകാരി നദിയും അതിന്റെ മണലിൽ സ്വർണ്ണ കണികകൾ ഉത്പാദിപ്പിക്കുന്നു.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, മഴക്കാലം ഒഴികെ വർഷം മുഴുവനും നദിയിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കൽ പ്രക്രിയ നടക്കുന്നുണ്ട്. പ്രദേശവാസികൾക്കും ചുറ്റുമുള്ള പ്രദേശങ്ങളിലെ ആദിവാസികൾക്കും ജോലി വാഗ്ദാനം ചെയ്യുകയും ഇവരുടെ സഹായത്തോടെ മണൽ അരിച്ചെടുക്കുകയും നദീതടത്തിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കുകയും ചെയ്യുന്നു. സ്വർണ്ണകണങ്ങളുടെ വലിപ്പം ഒരു നെൽക്കതിരിന് തുല്യമാണ്, ചിലപ്പോൾ അതിലും ചെറുതാണ്, അതിനാൽ നദിയുടെ അടിത്തട്ടിൽ അരിപ്പ ഉപയോഗിച്ച് മണൽ അരിച്ചെടുത്താണ് സ്വർണം വേർതിരിച്ചെടുക്കുന്നത്.