Oddly News

1.72 കോടി രൂപയ്ക്ക് വീട് വിറ്റു, വീട്ടുടമകൾ പോലും അറിഞ്ഞില്ല!

ഉടമസ്ഥര്‍ പോലും അറിയാതെ 1.72 കോടി രൂപയ്ക്ക് വീട് മറ്റ് രണ്ട് പേര്‍ വിറ്റ വാര്‍ത്തയാണ് ഇപ്പോള്‍ കൗതുകരമാകുന്നത്. അരിസോണയില്‍ നിന്നുള്ള ദമ്പതികള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. വീട്ടുകാരുടെ പേരിലുള്ള രേഖകളെല്ലാം വ്യാജമായി ഉണ്ടാക്കിയാണ് ഇവര്‍ വീട് വിറ്റത്. ആന്‍ഡ്രിയ ടേണറിന്റെയും അവരുടെ മുന്‍ ഭര്‍ത്താവ് കേയ്ത്തിന്റെയും വീടാണ് ഇവര്‍ അറിയാതെ വിറ്റത്.

തങ്ങളുടെ വീട് വിറ്റുപോയി എന്നും മാരിക്കോപ്പ കൗണ്ടി റെക്കോര്‍ഡേഴ്‌സ് ഓഫീസ് വെബ്‌സൈറ്റില്‍ അത് അപ്‌ലോഡ് ചെയ്തിട്ടുണ്ട് എന്നും വൈകിയാണ് ഇരുവരും അറിഞ്ഞത്. ‘ഇതാണ് തന്റെ വീട് എപ്പോഴും ഇതായിരുന്നു തങ്ങളുടെ വീട്, എന്റെ കുട്ടികളെ ഞാന്‍ വളര്‍ത്തിയത് ഇവിടെയാണ്’ -എന്നാണ് വിവരം അറിഞ്ഞപ്പോള്‍ ആന്‍ഡ്രിയ പറഞ്ഞത്. ആന്‍ഡ്രിയയും കേയ്ത്തും വിവാഹം കഴിഞ്ഞ കാലത്ത് ഇവിടെയാണ് താമസിച്ചിരുന്നത്. പിന്നീട് കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ആന്‍ഡ്രിയ അവിടെ നിന്നിറങ്ങുകയും മറ്റൊരിടത്ത് താമസം തുടങ്ങുകയും ചെയ്തു. അതേസമയം ട്രക്ക് ഡ്രൈവറായ കേയ്ത്ത് പലപ്പോഴും ദീര്‍ഘദൂര ഓട്ടത്തിലായിരിക്കും. അതിനാല്‍ തന്നെ വീട് പലപ്പോഴും അടഞ്ഞ് കിടക്കാറാണ് പതിവ്.

ഈ അവസ്ഥ മുതലെടുത്താണ് 51 വയസ്സുള്ള ആരോണ്‍ പോള്‍മാന്റീനറും 37 വയസ്സുള്ള ലെഡെറ ഹോളനും ചേര്‍ന്ന് ഈ വീട്ടില്‍ അതിക്രമിച്ച് കയറിയത്. ശേഷം അവിടെയുണ്ടായിരുന്ന രേഖകളെല്ലാം കൈവശപ്പെടുത്തി. പിന്നീട്, ആന്‍ഡ്രിയയാണ് എന്ന് അഭിനയിച്ച ശേഷം വീട് 1.7 കോടി രൂപയ്ക്ക് വില്‍ക്കുകയും ചെയ്യുകയായിരുന്നു. ഫീനിക്‌സ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ജെയിംസ് കാരിയേഴ്‌സ് ആണ് ഈ കേസ് അന്വേഷിക്കുന്നത്.