Health

ഫാറ്റി ലിവർ ആണോ പ്രശ്നക്കാരന്‍? പരിഹാരമുണ്ട്! ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു പ്രധാന അവയവമാണ് കരള്‍. ശരീരത്തിലെ ശുദ്ധീകരണശാല കൂടിയാണ് കരള്‍. കരളിന്റെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്ന ചില പ്രവര്‍ത്തികള്‍ നമ്മുടെ ഭാഗത്ത് നിന്നുണ്ടാകാറുണ്ട്. അതൊക്കെ ഒന്ന് ഒഴിവാക്കിയാല്‍ കരളിന്റെ ആരോഗ്യത്തെ സംരക്ഷിച്ചു പൂര്‍ണ ആരോഗ്യത്തോടെ കഴിയാം. കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതു മൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവര്‍ ഡിസീസ്.

പോഷകക്കുറവും ജീവിതശൈലിയും രോഗസാധ്യത കൂട്ടും. രാവിലത്തെ ദിനചര്യകളില്‍ മാറ്റം വരുത്തുന്നത് രോഗം വരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും. കരളിന് ആരോഗ്യമേകുന്ന പ്രവൃത്തികള്‍ ചെയ്ത് ദിവസം തുടങ്ങുന്നത് കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ തടയാനും കരളിന്റെ പ്രവര്‍ത്തനവും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്താന്‍ സഹായിക്കും……

പ്രഭാതഭക്ഷണം ഒഴിവാക്കരുത് – പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഉപാപചയപ്രവര്‍ത്തനം സാവധാനത്തിലാക്കി ഫാറ്റി ലിവര്‍ ഗുരുതരമാക്കും. നാരുകള്‍, ആന്റിഓക്‌സിഡന്റുകള്‍, ലീന്‍ പ്രോട്ടീന്‍ തുടങ്ങിയവ ധാരാളമടങ്ങിയ പ്രഭാതഭക്ഷണം കരളിലെ കേടുപാടുകള്‍ പരിഹരിക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.  ഓട്‌സ് ഒപ്പം ചിയാ സീഡ്‌സ്, ഒരു പിടി നട്‌സ്, ബെറിപ്പഴങ്ങള്‍, ഗ്രീന്‍ ടീ ഇവ മികച്ച ഭക്ഷണങ്ങളാണ്. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന പോഷകങ്ങളും ഒമേഗ 3 ഫാറ്റി ആസിഡും ഇവയിലുണ്ട്. പഞ്ചസാര കൂടുതലടങ്ങിയ സിറീയലുകള്‍, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ ഇവ കരളിനു ദോഷം ചെയ്യും എന്നതിനാല്‍ ഒഴിവാക്കാം.

യോഗ – രാവിലെ യോഗയോ സ്‌ട്രെച്ചിങ്ങോ ചെയ്യുന്നത് രക്തചംക്രമണം വര്‍ധിപ്പിക്കും. കൊഴുപ്പിന്റെ ഉപാപചയ പ്രവര്‍ത്തനം നടത്താനുള്ള കരളിന്റെ കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യും. ഭുജംഗാസനം, അര്‍ധമത്സ്യേന്ദ്രാസനം തുടങ്ങിയവ കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും. വ്യായാമവും യോഗയും ചെയ്യുന്നതു വഴി കരളിലെ കൊഴുപ്പ് കുറയുകയും ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റിയും ഉപാപചയപ്രവര്‍ത്തനവും മെച്ചപ്പെടുത്തുകയും ചെയ്യും. ദിവസവും രാവിലെ പത്തോ പതിനഞ്ചോ മിനിറ്റ് എങ്കിലും യോഗയോ സ്‌ട്രെച്ചിങ്ങോ ചെയ്യുന്നത് ആരോഗ്യമേകും.

ഒഴിവാക്കാം കാപ്പി – രാവിലെ കാപ്പിക്കു പകരം ഡാന്‍ഡെലിയോണ്‍ ചായ കുടിക്കാം. ഇത് ഒരു നാച്വറല്‍ ഡീ ടോക്‌സിഫയര്‍ ആണ്. കരളിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. പിത്തരസത്തിന്റെ ഒഴുക്ക് വര്‍ധിപ്പിക്കാനും വിഷാംശങ്ങളെ നീക്കാനും സഹായിക്കുന്ന രാസവസ്തുക്കള്‍ ഇതിലടങ്ങിയിട്ടുണ്ട്. ഡാന്‍ഡെലിയോണ്‍ ചായ ഓക്‌സീകരണ സമ്മര്‍ദം കുറയ്ക്കുകയും കരളിലെ കോശങ്ങളുടെ പുനരുജ്ജീവനത്തിനു സഹായിക്കുകയും ചെയ്യും. ഡാന്‍ഡെലിയോണ്‍ വേരുകളോ ഓര്‍ഗാനിക് ടീ ബാഗുകളോ ഉപയോഗിച്ച് ചായ തയാറാക്കാം. പ്രഭാതഭക്ഷണത്തിനു മുന്‍പേ ചൂടോടെ ഈ ചായ കുടിക്കാം.

കുടിക്കാം ചൂട് നാരങ്ങാവെള്ളം – നാരങ്ങാവെള്ളത്തില്‍ വൈറ്റമിന്‍ സി യും ആന്റി ഓക്‌സിഡന്റുകളും ധാരാളമുണ്ട്. ഇത് കരളിലെ വിഷാംശങ്ങളെ നീക്കാന്‍ സഹായിക്കും. വെറും വയറ്റില്‍ ചൂടു നാരങ്ങാ വെള്ളം കുടിക്കുന്നത് പിത്തരസത്തിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കും. കൊഴുപ്പിന്റെ ദഹനത്തിന് ഇത് സഹായിക്കുകയും അങ്ങനെ കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ തടയുകയും ചെയ്യും. പകുതി നാരങ്ങ പിഴിഞ്ഞ് അതില്‍ ഒരു ഗ്ലാസ് ചൂടു വെള്ളം ചേര്‍ത്ത് രാവിലെ കുടിക്കാം. പഞ്ചസാരയോ തേനോ ചേര്‍ക്കാതെ കുടിക്കുന്നത് ഗുണങ്ങള്‍ വര്‍ധിപ്പിക്കും.

കുടിക്കാം പച്ചക്കറി ജ്യൂസ് – വേവിക്കാത്ത പച്ചക്കറികള്‍ കൊണ്ടുള്ള ജ്യൂസ് പ്രത്യേകിച്ചും കാരറ്റ്, ബീറ്റ്‌റൂട്ട്, ചീര ഇവയില്‍ ധാരാളം പോഷകങ്ങളുണ്ട് മാത്രമല്ല ഇവ കരളിനെ ശുദ്ധിയാക്കുകയും കൊഴുപ്പിനെ കുറയ്ക്കുകയും ചെയ്യും. ഈ പച്ചക്കറികളില്‍ ബീറ്റെയ്ന്‍, നൈട്രേറ്റുകള്‍ ഇവയുണ്ട്. ഇവ രക്തചംക്രമണത്തിനും വിഷാംശങ്ങളെ നീക്കാനും സഹായിക്കും.

2024-ല്‍ നടത്തിയ ഒരു പഠനമനുസരിച്ച് പച്ചക്കറികളും പഴങ്ങളും ആരോഗ്യകരമായ രീതിയില്‍ കൂടുതല്‍ കഴിക്കുന്നത് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് വരാനുള്ള സാധ്യത കുറയ്ക്കും. പച്ചക്കറികള്‍ വെള്ളം ചേര്‍ത്തരച്ച് അവയില്‍ അല്‍പം ഇഞ്ചി കൂടി ചേര്‍ത്ത് ജ്യൂസ് തയാറാക്കാം. ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ഇതിലൂടെ ലഭിക്കും. രാവിലെ നാരങ്ങാവെള്ളം കുടിച്ച് അരമണിക്കൂറിനു ശേഷം ഈ ജ്യൂസ് കുടിക്കാവുന്നതാണ്.