Lifestyle

അസ്സഹനീയമായ വയറുവേദന, യൂട്യൂബ് നോക്കി ശസ്ത്രക്രിയചെയ്ത യുവാവ് ഒടുവിൽ ആശുപത്രിയിൽ

ഉത്തർപ്രദേശിലെ മഥുരയിൽ അതികഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് യൂട്യൂബ് വീഡിയോകൾ നോക്കി സ്വയം ശസ്ത്രക്രിയചെയ്യാൻ ശ്രമിച്ച യുവാവ് ഒടുവില്‍ ആശുപത്രിയിൽ.

32കാരനായ രാജ ബാബു എന്ന യുവാവാണ് നിരവധി ഡോക്ടർമാരുടെ സഹായം തേടിയിട്ടും വയറു വേദനക്ക് പരിഹാരം കണ്ടെത്താനാകാതെ വന്നതോടെ സ്വയം ചികിത്സിക്കാന്‍ തീരുമാനിച്ചത്. ഇതിനായി യൂട്യൂബിൽ നിരവധി വീഡിയോകൾ കണ്ടതിന് ശേഷം, രാജ ബാബു ഒരു മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്നുകൾ വാങ്ങുകയും ഓൺലൈനിൽ കണ്ടതിന്റെ അടിസ്ഥാനത്തിൽ സ്വയം ശസ്ത്രക്രിയയ്ക്ക് ശ്രമിക്കുകയുമായിരുന്നു. എന്നാൽ ബാബുവിന്റെ നില വഷളായതോടെ വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു..

ഏതാനും ദിവസങ്ങളായി രാജബാബു വയറുവേദന അനുഭവിക്കുകയായിരുന്നു. നിരവധി ഡോക്ടർമാരെ കണ്ടിട്ടും വേദനക്ക് പരിഹാരം കാണാൻ കഴിഞ്ഞില്ല . വേദന അസഹനീയമായപ്പോൾ അദ്ദേഹം മഥുരയിൽ പോയി ഒരു സർജിക്കൽ ബ്ലേഡും തുന്നൽ സാമഗ്രികളും അനസ്തെറ്റിക് കുത്തിവയ്പ്പുകളും വാങ്ങി.

തുടർന്ന് ബുധനാഴ്ച രാവിലെ അദ്ദേഹം തന്റെ മുറിയിൽ ഓപ്പറേഷൻ ചെയ്യാൻ തുടങ്ങി. കുറച്ച് സമയത്തിന് ശേഷം, അനസ്തേഷ്യയുടെ ഫലം കുറഞ്ഞപ്പോൾ, കഠിനമായ വേദന അനുഭവപ്പെടാൻ തുടങ്ങുകയും, അലറിവിളിച്ച് പുറത്തേക്ക് ഇറങ്ങുകയും ചെയ്തു. ഇയാളുടെ നിലവിളി കേട്ട് സ്തംഭിച്ചുപോയ വീട്ടുകാർ ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

“യൂട്യൂബ് വീഡിയോകൾ കണ്ടാണ് അദ്ദേഹം സ്വയം ശസ്ത്രക്രിയ നടത്തിയത്.” സംഭവം സ്ഥിരീകരിച്ചുകൊണ്ട് രാജാ ബാബുവിന്റെ അനന്തരവൻ രാഹുൽ ഇന്ത്യ ടുഡേയോട് പറഞ്ഞു. 18 വർഷം മുമ്പ് രാജബാബുവിന് അപ്പൻഡിക്സ് വന്നിരുന്നുവെന്നും അന്ന് അമ്മാവനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നുവെന്നും രാഹുൽ പറഞ്ഞു.

എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വയറുവേദന അനുഭവപ്പെട്ടിരുന്ന അദ്ദേഹത്തിന് നിരവധി ഡോക്ടർമാരെ സമീപിച്ചിട്ടും ആശ്വാസം ലഭിച്ചില്ല. അപ്പോഴാണ് രാജ ബാബു സ്വയം ചികിത്സിക്കാൻ തീരുമാനിച്ചത്. എന്നാൽ, ആരോഗ്യനില വഷളായതോടെ കൂടുതൽ പരിചരണത്തിനായി ആഗ്രയിലെ എസ്എൻ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *