Oddly News

മുഖം മുഴുവന്‍ രോമങ്ങള്‍, കണ്ടാല്‍ ആരും ഭയക്കും; ഒടുവില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടി യുവാവ്

മുഖത്തിന്റെ 95 ശതമാനത്തിലധികവും രോമങ്ങളാല്‍ നിറയപ്പെടുന്ന ഒരു അപൂര്‍വ്വ രോഗാവസ്ഥയാണ് ഹൈപ്പര്‍ട്രിക്കോസിസ്. ഈ രോഗത്തിനെ വേര്‍വൂള്‍ഫ് സിന്‍ഡ്രോം എന്നും അറിയപ്പെടാറുണ്ട്. എന്നാല്‍ ഈ രോഗാവസ്ഥയുമായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് മധ്യപ്രദേശ് സ്വദേശിയായ 18 കാരന്‍ ലളിത് പട്ടീദാര്‍.

മുഖത്ത് ഏറ്റവും അധികം രോമങ്ങളുള്ള പുരുഷനെന്ന റെക്കോര്‍ഡാണ് ലളിത് സ്വന്തമാക്കിയിരിക്കുന്നത്. ഇറ്റലിലെ മിലാനില്‍ തന്റെ മുഖരോമങ്ങളുമായി ടെലിവിഷന്‍ പരിപാടിയില്‍ ലളിത് പങ്കെടുത്തിരുന്നു. അവിടെ വച്ച് ഗിന്നസ് റെക്കോര്‍ഡിന് പരിശോധനകള്‍ നടത്തുകയായിരുന്നു. ആളുകള്‍ തന്നെ കാണുമ്പോള്‍ ആദ്യം ഭയപ്പെടുന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ജന്മനാലുള്ള കണ്‍ജനിറ്റല്‍ ഹെപ്പര്‍ട്രിക്കോസിസ്, ജീവതത്തില്‍ പിന്നീട് ഉണ്ടാകുന്ന അക്വയേര്‍ഡ് ഹൈപ്പര്‍ ട്രിക്കോസിസ് എന്നിങ്ങനെ ഈ രോഗം രണ്ട് തരത്തിലാണ് ഉള്ളത്. ജനിതകമായി കൈമാറി ലഭിക്കുന്നതാണ് കണ്‍ജനിറ്റൽ ഹൈപ്പര്‍ട്രിക്കോസിസ് . നമ്മുടെ പൂര്‍വികരുടെ ശരീരത്തില്‍ രോമങ്ങളുണ്ടാകാനായി കാരണമായ ചില ജീനുകളാകാം ഇതിന്റെ പിന്നിലുള്ളതെന്ന് ശാത്രജ്ഞര്‍ പറയുന്നു. ഭ്രൂണത്തിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ ഇത്തരത്തിലുള്ള പ്രാചീന ജനറ്റീക് മാര്‍ക്കറുകൾ ചിലരിലെങ്കിലും വീണ്ടും ഉദ്ദീപിപ്പിക്കപ്പെടുന്നതാകാമെന്നും വേര്‍വൂള്‍ഫ് സിന്‍ഡ്രോമിലേക്ക് നയിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു.

എന്നാല്‍ ജീവിതത്തിൽ പിന്നീട് ഉണ്ടാകുന്ന അക്വയേര്‍ഡ് ഹൈപ്പര്‍ട്രിക്കോസിസ് അന്തരികവും ബാഹ്യവുമായ കാരണങ്ങള്‍ മൂലം ഉണ്ടാകാം. പോഷണത്തിന്റെ കുറവ് അനോറെക്‌സിയ നേര്‍വോസ പോലുള്ള ഈറ്റിങ് ഡിസോര്‍ഡറുകള്‍ ചില മരുന്നുകളുടെ ഉപയോഗം, അര്‍ബുദം, ജനിതകപരിവര്‍ത്തനങ്ങള്‍, ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ ത്വക്കിനെ ബാധിക്കുന്ന അണുബാധകള്‍ ചര്‍മത്തിലെ അള്‍ട്രവൈലറ്റ് രശ്മികളോട് സംവേദനമുള്ളതാക്കുന്ന പോര്‍ഫിറിയ ക്യൂട്ടേന ടാര്‍ഡ് എന്നിവയെല്ലാം അക്വയേര്‍ഡ് ഹൈപ്പര്‍ട്രിക്കോസിസിന് കാരണമാകാം. ലളിതമായി രോമവളര്‍ച്ച തടയുന്ന മരുന്നുകള്‍, രോമം വടിച്ച് കളയല്‍, ലേസര്‍ ഹെയര്‍ റിമൂവല്‍ എന്നിവ ഉപയോഗിച്ച് ഈ രോഗത്തിനെ ചികിത്സിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *