ന്യൂഡല്‍ഹി: മാര്‍ച്ച് 13 ന് നടന്ന തന്റെ പിറന്നാളിന് മുമ്പുള്ള മീറ്റ് ആന്‍ഡ് ഗ്രീറ്റിലാണ് പുതിയ പങ്കാളി ഗൗരി സ്പ്രാറ്റിനെ സൂപ്പര്‍താരം ആമിര്ഖാന് മാധ്യമങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്. ഇതോടെ സൂപ്പര്‍താരത്തിന്റെ പുതിയ പ്രണയജീവിതം വാര്‍ത്തകളില്‍ ഇടം നേടി. ബോളിവുഡ് ആരാധികയായിട്ടല്ല ദയയും കരുതലും മാന്യതയും ഉള്ള ഒരാളെ ആഗ്രഹിക്കുന്നതിന്റെ ഭാഗത്താണ് ആമിര്‍ഖാനെ ഇഷ്ടപ്പെട്ടതെന്നും ഗൗരി പറഞ്ഞു. ബംഗളൂരു സ്വദേശിയായ ഗൗരി നിലവില്‍ ആമിര്‍ ഖാന്റെ പ്രൊഡക്ഷന്‍ ഹൗസില്‍ ജോലി ചെയ്യുകയാണ്.
25 വര്‍ഷമായി ആമിര്‍ ഗൗരിയെ അറിയാമെങ്കിലൂം ഇരുവരും തമ്മില്‍ ബന്ധമില്ലായിരുന്നു. രണ്ടുവര്‍ഷം മുമ്പ് മാത്രമാണ് അവര്‍ പ്രണയത്തിലായത്. . ‘എനിക്ക് ശാന്തമായി ഇരിക്കാന്‍ കഴിയുന്ന, എനിക്ക് സമാധാനം നല്കുന്ന ഒരാളെ ഞാന്‍ അന്വേഷിക്കുകയായിരുന്നു. അതാണ് അവള്.’ ആമിര്‍ പങ്കുവെച്ചു. സിനിമ ഇന്‍ഡസ്ട്രിയുമായി ബന്ധമില്ലാതിരുന്ന ഗൗരി, ആമിറിന്റെ മിക്ക സിനിമകളും കണ്ടിട്ടില്ല. ആകെ രണ്ടു സിനിമകള്‍ മാത്രമാണ് കണ്ടിട്ടുള്ളത്.
”അവള് ബാംഗ്ലൂരിലാണ് വളര്‍ന്നത്, വ്യത്യസ്ത തരം സിനിമകളോടും കലകളോടും അവള്‍ക്ക് പരിചയമുണ്ടായിരുന്നു. അതുകൊണ്ട് അവള് ഹിന്ദി സിനിമകള്‍ കാണാറില്ല. എന്റെ സിനിമകളില്‍ അധികമൊന്നും അവള് കണ്ടിട്ടുണ്ടാകില്ല.” ആമിര്‍ വിശദീകരിച്ചു. ദില്‍ ചാഹ്താ ഹേ, ലഗാന്‍ എന്നീ ചിത്രങ്ങള്‍ താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടിരുന്നുവെന്ന് ഗൗരി പറഞ്ഞു.
ഗൗരി സിനിമകളില്‍ നിന്ന് അകലം പാലിച്ചതുകൊണ്ടാണോ അവരുടെ ബന്ധം നിലനിന്നത് എന്ന് ചോദിച്ചപ്പോള്‍, ആമിര്‍ മറുപടി പറഞ്ഞു, ‘അവള് എന്നെ ഒരു സൂപ്പര്സ്റ്റാറായിട്ടല്ല, ഒരു പങ്കാളിയായിട്ടാണ് കാണുന്നത്.” എന്നിരുന്നാലും, താരേ സമീന്‍ പര് എന്ന സിനിമ അവര്‍ കണ്ടിരിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായി ആമിര്‍ പറഞ്ഞു.