ജീവിതത്തില്‍ ഒരിക്കല്‍ പോലും പുകവലിക്കാത്തവരിലും മദ്യപിക്കാത്തവരിലും കാന്‍സര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിന് പിന്നിലുള്ള കാരണങ്ങള്‍ കണ്ടെത്താനായി ശ്രമിക്കുകയാണ് ഇപ്പോള്‍ ശാസ്ത്രലോകം. പഞ്ചസാര അടങ്ങിയ പാനീയങ്ങളും ഓറല്‍ കാന്‍സറും തമ്മിലുള്ള ബന്ധത്തിനെ വെളിപ്പെടുത്തുന്ന ഒരു പഠനവും പുറത്തുവന്നിട്ടുണ്ട്.
ഇത്തരത്തിലുള്ള പാനീയങ്ങള്‍ അമിതമായി ഉപയോഗിക്കുന്നതുമായ ബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
ദിവസവും പഞ്ചസാര അടങ്ങിയ ഒരു മധുരപാനീയമെങ്കിലും കഴിക്കുന്ന സ്ത്രീകളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് വായില്‍ കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം. പഞ്ചസാര ചേര്‍ത്തിട്ടുള്ള പാനീയങ്ങള്‍ വന്‍ കുടലിലും അന്നനാളത്തിലും കാന്‍സര്‍ ഉണ്ടാക്കുന്നുവെന്നും മുമ്പ് പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. പുതിയ പഠനം ഓറല്‍ കാന്‍സര്‍ പ്രതിരോധിക്കുന്നതിനും ചികിത്സയ്ക്കും പുതിയ വഴി തുറന്നതായാണ് പ്രതീക്ഷിക്കുന്നത്.
പുകയില, മദ്യം, മുറുക്കാന്‍ എന്നിവ ഉപയോഗിക്കുന്ന പ്രായമായ പുരുഷന്മാരിലാണ് ഓറല്‍ കാവിറ്റി കാന്‍സര്‍ അധികവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ അടുത്തിടെ മറ്റുള്ളവരിലും വായിലെ കാന്‍സര്‍ ഉണ്ടാകുന്നുണ്ട്. 2020ല്‍ ലോകത്ത് 355000 ത്തിലധികം പുതിയ ഓറല്‍ കാവിറ്റി കാന്‍സര്‍ കേസുകള്‍ സ്ഥിരീകരിച്ചട്ടുണ്ട്.
177000 മരണങ്ങളുമുണ്ടായി.പുകവലിക്കാത്തവരിലും പ്രത്യേകിച്ച് ചെറുപ്പക്കാരായ സ്ത്രീകളിലുമുണ്ടാകുന്ന കാന്‍സര്‍ വര്‍ധിക്കുന്നു. സ്ത്രീകളില്‍ സ്താനാര്‍ബുദം, വന്‍കുടല്‍ കാന്‍സര്‍ കേസുകളെ അപേക്ഷിച്ച് കുറവാണ് ഓറല്‍ കാന്‍സര്‍.