മിക്ക മാതാപിതാക്കളും സ്ഥിരമായി പറയുന്ന ഒരു പല്ലവിയാണ് കുട്ടിയ്ക്ക് ഉറക്കമില്ല എന്നുള്ളത്. കുട്ടി ശരിയായി ഉറങ്ങുന്നില്ല. ഉറങ്ങേണ്ട സമയത്ത് കളിയാണ്. രാത്രി ഉറങ്ങാതെ ഇരിയ്ക്കുകയാണ്. എന്നൊക്കെയുള്ള പരാതികള്‍ സ്ഥിരമായി അമ്മമാര്‍ പറയാറുള്ളതാണ്.
കുട്ടിയുടെ ഉറക്കത്തെ ഏത് രീതിയില്‍ മാനേജ് ചെയ്യണമെന്നത് അവര്‍ക്ക് വേണ്ടത്ര പരിചയം ഉള്ള കാര്യമോ ആയിരിയ്ക്കില്ല. രാത്രി ശരിയായ ഉറക്കം കിട്ടിയില്ലെങ്കില്‍ പകല്‍ സമയത്ത് ഉറക്കം തൂങ്ങുകയും സ്‌കൂളില്‍ പോകുന്ന കുട്ടിയാണെങ്കില്‍ ക്ലാസില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ ഉറങ്ങിപ്പോകുകയും ചെയ്യുന്നു. ഈ അവസ്ഥ കുട്ടിയുടെ പഠനത്തെ മാത്രമല്ല, പഠ്യേതര പ്രവര്‍ത്തനങ്ങളെയും എന്തിനേറെ സൗഹൃദങ്ങളെയും അതിലൂടെയുള്ള സോഷ്യല്‍ ലൈഫിനെ വരെയും ബാധിക്കുന്നു.
ഇപ്പോഴും ഒരേ സ്ഥലത്ത് തന്നെ ഉറങ്ങുക. ബെഡ് റൂമില്‍ ഉറങ്ങുക എന്നത് നല്ല ശീലത്തിന്റെ ഭാഗം കൂടിയാണ്. ഇതിനായി ഇളം ലൈറ്റുകളോടെ കുട്ടികളുടെ ബെഡ്റൂം സജ്ജമാക്കുക. ഉറങ്ങുന്നതിനു മുന്‍പ് ആയി ബ്രെഷ് ചെയ്യുന്നതും ശീലമാക്കുക.
വൈകിട്ട് അഞ്ചു മണിക്ക് ശേഷം കുട്ടികള്‍ക്കു ഒരു കാരണവശാലും ചായ, ചോക്കലേറ്റ്, ചോക്കലേറ്റ് ചേര്‍ന്ന ഭക്ഷണങ്ങള്‍ കൊടുക്കരുത്. ഇവ കുട്ടികളുടെ തലച്ചോറിനെ ഉത്തേജിപ്പിച്ച് ഉറക്കത്തെ അകറ്റി നിര്‍ത്തും.
വൈകിട്ട് ആറ് മണികഴിഞ്ഞാല്‍ കുട്ടികളെ എനര്‍ജി സേവിങ് മോഡിലേക്ക് കൊണ്ട് വരിക. ഒരുപാട് ചാടിയോടിയുള്ള കളികള്‍ ഒഴിവാക്കുക. ആറ് മണിയോടെ കുട്ടികളെ മേല് കഴുകിച്ച ശേഷം അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിപ്പിച്ച് ഇരുന്നു കൊണ്ടുള്ള കളികള്‍, ഇന്‍ഡോര്‍ ഗെയിമുകള്‍, പഠനം, വായന എന്നിവയ്ക്കായി പ്രോത്സാഹിപ്പിക്കുക.
ഉറക്കത്തിനുള്ള സമയത്തിനു രണ്ട് മണിക്കൂര്‍ മുന്‍പായി ഫോണ്‍, ടാബ്ലറ്റ്, ലാപ്‌ടോപ്, ടിവി തുടങ്ങി എല്ലാവിധ ഗാഡ്ജെറ്റുകളും കുട്ടികളില്‍ നിന്നും മാറ്റുക. ഇവയെല്ലാം ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളാണ്. സ്‌ക്രീനില്‍ കാണുന്ന ദൃശ്യം , വെളിച്ചം എന്നിവ കുട്ടികളുടെ കണ്ണിലും മനസിലും ഓഫ് ചെയ്ത ശേഷവും കുറച്ചധികനേരം കാഴ്ചയായി നിലനില്‍ക്കും. ഇത് ഒഴിവാക്കാനും സ്‌ക്രീന്‍ടൈം കുറയ്ക്കുന്നതിനും ഉറക്കത്തിന്റെ ക്വാളിറ്റി ടൈം കൂട്ടുന്നതിനും ഉറക്കത്തിനു രണ്ട് മണിക്കൂര്‍ മുന്‍പായി ഗാഡ്ജറ്റുകള്‍ ഒഴിവാക്കുന്നത് സഹായിക്കും.
നാല് മണിക്ക് ശേഷം കുട്ടികളെ സ്ലീപ് ടൈം വരെ ഉറങ്ങാനായി അനുവദിക്കരുത്. നാല് മണിക്ക് ശേഷം ഉറങ്ങുന്ന കുട്ടികള്‍ക്ക് വീണ്ടും ഉറക്കം കിട്ടണമെങ്കില്‍ അര്‍ദ്ധരാത്രിവരെ കാത്തിരിക്കേണ്ടതായി വരും.
ഉറങ്ങുന്നതിനു രണ്ട് മണിക്കൂര്‍ മുന്‍പായി അത്താഴം നല്‍കുക. മാതാപിതാക്കളും ഈ സമയത്ത് തന്നെ കുട്ടികള്‍ക്കൊപ്പം അത്താഴം കഴിക്കാന്‍ ശ്രദ്ധിക്കുക. അങ്ങനെയെങ്കില്‍ അത് നല്ലൊരു ശീലമായി കുട്ടികളില്‍ നിലനില്‍ക്കും. ആവശ്യമെങ്കില്‍ ഉറങ്ങുന്നതിനു അര മണിക്കൂര്‍ മുന്‍പായി ഒരു ഗ്ലാസ് ചെറു ചൂടോട് കൂടിയ പാല്‍ കുട്ടികള്‍ക്ക് നല്‍കാം.