Healthy Food

ഈ ജ്യൂസ് മോരിൽ കലർത്തി കുടിച്ചുനോക്കൂ… ഹൃദയം കാക്കും, കരളും

നമ്മുടെ ഭക്ഷണശീലങ്ങളും ജീവിതശൈലിയും വിവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ബലഹീനതയും ക്ഷീണവും ഇതിന്റെ ലക്ഷണങ്ങളാണ്. പ്രാഥമികമായി അവശ്യ പോഷകങ്ങളുടെ അഭാവമാണ് ഇതിന് കാരണം.

ഈ പ്രശ്‌നങ്ങൾ തരണം ചെയ്യാനും ആരോഗ്യം നിലനിർത്താനും ലളിതവും എന്നാൽ ഫലപ്രദവുമായ ഒരു പരിഹാരമാണ് ബീറ്റ്റൂട്ട് ജ്യൂസ് മോരിൽ കലർത്തി കുടിക്കുന്നത്. പ്രത്യേകിച്ച് ഉച്ചതിരിഞ്ഞ്. ഇത് പോഷക സമൃദ്ധമായ ഒരു പാനീയമാണ് .

ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന ബെറ്റാലൈൻ സംയുക്തങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. അതേസമയം, മോരിൽ ബയോ ആക്റ്റീവ് സംയുക്തങ്ങൾ നിറഞ്ഞിരിക്കുന്നു, ഇത് ഊർജ്ജനില വർദ്ധിപ്പിക്കുന്നു. ഈ പാനീയങ്ങളുടെ കൂടിച്ചേരൽ ശരീരത്തെ ശക്തിപ്പെടുത്തുകയും ക്ഷീണവും ബലഹീനതയും ഇല്ലാതാക്കുകയും ചെയ്യുന്നു.

ഇരുമ്പ് ആഗിരണം വർദ്ധിപ്പിക്കുന്നു

ചെന്നൈയിലെ ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ് സിവി ഐശ്വര്യ ദി ഇന്ത്യൻ എക്‌സ്പ്രസില്‍ എഴുതിയ ഒരു ലേഖനത്തില്‍ പറയുന്നതനുസരിച്ച്, ബീറ്റ്‌റൂട്ട് ജ്യൂസ് മോരിനൊപ്പം കഴിക്കുന്നത് ഇരുമ്പിന്റെ ആഗിരണത്തെ മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ ഉയർന്ന ഇരുമ്പിന്റെ അളവ് ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കുന്നു, ഇത് മെച്ചപ്പെട്ട ഓക്സിജൻ വിതരണത്തിലേക്ക് നയിക്കുകയും ശരീരത്തിൽ ഊർജ്ജം നിറയ്ക്കുകയും ചെയ്യുന്നു.

ദഹനവും കരളിന്റെ ആരോഗ്യവും

ഈ കോമ്പിനേഷൻ ദഹനത്തിന് വളരെയധികം ഗുണം ചെയ്യുന്നുവെന്ന് പോഷകാഹാര വിദഗ്ധരും പറയുന്നു. മോര് ഒരു പ്രോബയോട്ടിക് ആണ്, ഇത് ആമാശയത്തിലെ നല്ല ബാക്ടീരിയകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ബീറ്റ്റൂട്ടിലെ നൈട്രേറ്റുകൾ നൈട്രിക് ഓക്സൈഡായി മാറുന്നു, ഇത് കുടലിനെയും കരളിനെയും ശുദ്ധീകരിക്കുന്നു. ഒപ്പം മെച്ചപ്പെട്ട ദഹന ആരോഗ്യം ഉറപ്പാക്കുന്നു.

രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

ബീറ്റ്റൂട്ടിലെ നൈട്രേറ്റുകൾ രക്തക്കുഴലുകൾ വികസിപ്പിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും അതുവഴി രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ബയോ ആക്റ്റീവ് പെപ്റ്റൈഡുകൾ ഹൃദയധമനികളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ഹൃദയത്തെ ശക്തിപ്പെടുത്തുകയും മൊത്തത്തിലുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വേനൽക്കാലത്ത് ഉന്മേഷം നിലനിർത്താൻ ബീറ്റ്റൂട്ടും മോരും മികച്ചതാണ്.