Healthy Food

സിമന്റ് ചേർന്ന വെളുത്തുള്ളിയോ? സൂക്ഷിക്കുക! വ്യാജനെ ഇങ്ങനെ തിരിച്ചറിയാം

ഏത് കറിയുണ്ടാക്കിയാലും വെളുത്തുള്ളി അതില്‍ മസ്റ്റാണ്. ഇത് ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യുന്നു. ഇതിന്റെ രുചിയും മണവും ഭക്ഷണത്തിന്റെ സ്വാദിലും പ്രധാന പങ്ക് വഹിക്കുന്നു. എന്നാല്‍ വെളുത്തുള്ളിക്കും വ്യാജന്മാരുണ്ട്. അടുത്തിടെ മഹാരാഷ്ട്രയില്‍ സിമന്റിന്റെ അംശമുള്ള വെളുത്തുള്ളിയാണ് വിറ്റത്.

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അടിയുന്ന സാഹചര്യം ഒഴിവാക്കുന്നതിനും ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും വെളുത്തുള്ളി സഹായിക്കുന്നുണ്ട്. മായം ചേര്‍ത്ത വെളുത്തുള്ളി ആരോഗ്യത്തിന് ദോഷകരമാണ് . അതിനാല്‍ നന്നായി ശ്രദ്ധിച്ച് മാത്രമേ വെളുത്തുള്ളി വാങ്ങാവൂ. വെളുത്തുള്ളി വാങ്ങുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം ​?.

നിറം നോക്കുക: സാധാരണ വെളുത്തുള്ളിയില്‍ പാടുകളുണ്ടാകും എന്നാല്‍ നിങ്ങള്‍ വാങ്ങുമ്പോള്‍ പാടുകളില്ലാത്ത നല്ല വെളുത്ത നിറമാണെങ്കില്‍ അത് വ്യാജനാകാനുള്ള സാധ്യതയുണ്ട്.

ആകൃതി നോക്കണം: യഥാര്‍ഥ വെളുത്തുള്ളിക്ക് ക്രമരഹിതമായ ആകൃതിയാകും ഉണ്ടാകുക. എന്നാല്‍ വ്യാജനാണെങ്കില്‍ മിനുസവും നല്ല ആകൃതിയുമുണ്ടാകും.

തൊലി പരിശോധിക്കണം: വ്യാജ വെളുത്തുള്ളിക്ക് കട്ടിയുള്ള തൊലിയും അത് പൊളിക്കാനായി പ്രയാസവുമായിരിക്കും. നല്ല വെളുത്തുള്ളി പൊളിക്കാനായി എളുപ്പമായിരിക്കും മിനുസമുള്ള തൊലിയുമായിരിക്കും.

വെള്ളത്തിലിട്ട് പരിശോധിക്കാം: നല്ല വെളുത്തുള്ളി വെള്ളത്തിലിട്ടാല്‍ മുങ്ങിപോകും. വ്യാജ വെളുത്തുള്ളി വെള്ളത്തില്‍ പൊങ്ങി കിടക്കും.

മണവും രുചിയും: നല്ല വെളുത്തുള്ളിയാണെങ്കില്‍ രൂക്ഷ ഗന്ധമുണ്ടാകും . വ്യാജ വെളുത്തുള്ളിക്ക് മണം ഉണ്ടാകില്ല. വെളുത്തുള്ളിയില്‍ രാസവസ്തുക്കളുടെ രുചിയുണ്ടെങ്കില്‍ അത് ഒഴിവാക്കണം.

പാക്കേജിങ്ങിലും ശ്രദ്ധിക്കണം: പാക്കേജിങ്ങിന്റെ ആധികാരികത പരിശോധിക്കാം. വെളുത്തുള്ളിയുടെ മനോഹരമായ പാക്കേജിങ് കാണുമ്പോള്‍ സംശയിക്കണം, അത് വ്യാജമാകാന്‍ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *