സ്വാഭാവികമല്ലാത്ത രീതിയിൽ ഒരാളുടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി. സാധാരണഗതിയിൽ, ഈ അവസ്ഥയിൽ ഒരാളുടെ ശരീരഭാരം മാതൃകാപരമായി വേണ്ടതിനെക്കാൾ 20% എങ്കിലും അധികമായിരിക്കും.
ഒരാളുടെ ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) 30 അല്ലെങ്കിൽ അതിൽ കൂടുതൽ ആണെങ്കിൽ അയാൾക്ക് അമിതവണ്ണമുണ്ടെന്ന് പറയാം. ഒരാളുടെ ഭാരത്തെ (കി.ഗ്രാമിൽ) ഉയരത്തിന്റെ (മീറ്ററിൽ) വർഗം കൊണ്ട് ഭാഗിച്ചാണ് ബോഡി മാസ് ഇൻഡക്സ് കണക്കാക്കുന്നത്.
അമിത ഭാരം ഹൃദയത്തിന്റെയും രക്തധമനികളുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മാത്രമല്ല ലൈംഗിക ജീവിതത്തിലും വില്ലനാവും. പൊണ്ണത്തടി പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കുമെങ്കിലും പുരുഷന്മാർക്കാണ് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. പുരുഷ ഹോർമോണിന്റെ പ്രവർത്തനത്തെയും പ്രോസ്റ്റേറ്റിന്റെ പ്രവർത്തനത്തെയും പൊണ്ണത്തടി പ്രതികൂലമായി ബാധിക്കും.
ഇനി പറയുന്ന രീതികളിൽ പൊണ്ണത്തടി പുരുഷന്മാരുടെ ലൈംഗികാരോഗ്യത്തെ ബാധിക്കും;
ടെസ്റ്റോസ്റ്റിറോൺ നില (Testosterone level)
ലൈംഗിക പ്രവർത്തനങ്ങൾക്ക് അത്യാവശ്യം വേണ്ട ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ നില കുറയാൻ അമിതവണ്ണം കാരണമാവുന്നു. ടെസ്റ്റോസ്റ്റിറോൺ നില കുറയുന്നത് ഉദ്ധാരണശേഷി കുറയ്ക്കും, ലിംഗ കോശങ്ങളിലേക്കുള്ള രക്തപ്രവാഹം കൂട്ടുന്നതിന് ടെസ്റ്റോസ്റ്റിറോണിന്റെ സഹായം വേണം.
ഉദ്ധാരണ പ്രശ്നങ്ങൾ (Erectile dysfunction (ED)
പുരുഷന്മാർ നേരിടുന്ന പ്രധാനപ്പെട്ട ഒരു ലൈംഗിക പ്രശ്നമാണ് ഉദ്ധാരണശേഷിയിൽ വരുന്ന കുറവ്. പൊതുവെ പറഞ്ഞാൽ, വിജയകരമായ ഒരു സംഭോഗത്തിന് വേണ്ടി ഉദ്ധാരണം നേടാനും അത് നിലനിർത്താനും കഴിയാതെ വരുന്നതിനെയാണ് ഉദ്ധാരണശേഷിക്കുറവ് എന്ന് പറയുന്നത്. പലകാരണങ്ങൾ മൂലവും ഈ അവസ്ഥ ഉണ്ടാകാമെങ്കിലും പൊണ്ണത്തടിയും ഉദ്ധാരണ പ്രശ്നങ്ങളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
പൊണ്ണത്തടിയുള്ളവർക്ക് ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ രണ്ടര മടങ്ങ് കൂടുതലാണെന്നാണ് കണ്ടെത്തൽ. ഇവരുടെ രക്തക്കുഴലുകൾക്ക് തകരാറുണ്ടാവുകയും ടെസ്റ്റോസ്റ്റിറോൺ നില കുറയുകയും ശരീരത്തിൽ പുകച്ചിൽ അനുഭപ്പെടുകയും ചെയ്തേക്കാം.
ഇത്തരക്കാർക്ക് ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ, പ്രമേഹം എന്നിവയും ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഇവയെല്ലാം ഉദ്ധാരണശേഷിക്കുറവിന് കാരണമായേക്കാം.
മാനസികമായ സ്വാധീനം (Psychological effect)
ടെസ്റ്റോസ്റ്റിറോൺ നില കുറയുന്നത് പുരുഷന്മാരുടെ ലൈംഗികാഗ്രഹം കുറയ്ക്കുകയും വിഷാദത്തിനും ഉത്സാഹക്കുറവിനും കാരണമാവുകയും ചെയ്യും. ഇതെല്ലാം തൃപ്തികരമായ ലൈംഗിക ജീവിതത്തിന് വിലങ്ങുതടിയാവുന്നു.
വന്ധ്യത (Infertility)
അമിതവണ്ണം ബീജങ്ങളുടെ എണ്ണം കുറയുന്നതിനും അവയുടെ ചലനശേഷി കുറയുന്നതിനും കാരണമാവും. ഈ രണ്ട് ഘടകങ്ങളും ഒരാളുടെ സന്താനോത്പാദന ശേഷിയെ പ്രതികൂലമായി ബാധിക്കും.
പ്രോസ്റ്റേറ്റ് വീക്കം (Enlarged prostate)
പ്രായം കൂടുന്നതിന് അനുസരിച്ച് പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് വലിപ്പം കൂടുന്നത് സാധാരണമാണ്. എന്നിരിക്കിലും, അമിതവണ്ണമുള്ളവരിലാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി കൂടുതലായി വലിപ്പം വയ്ക്കുന്നത്.
പൊണ്ണത്തടിയന്മാർക്ക് ഒരു ശുഭവാർത്ത (The good news)
അമിതവണ്ണം കാരണം ഉണ്ടാകുന്ന ലൈംഗിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചില ഘടകങ്ങൾ മാറ്റിയെടുക്കാവുന്നതും നിയന്ത്രിക്കാവുന്നതും ആണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ജീവിതശൈലിയിൽ വരുത്തുന്ന മാറ്റം കൊണ്ട് ഉദ്ധാരണ പ്രശ്നം മറികടക്കാമെന്നുള്ളതാണ് ഇതിനുള്ള ഉദാഹരണം. ഭാരം കുറയ്ക്കാൻ തയ്യാറാകുന്നവർക്ക് ഉദ്ധാരണശേഷി മെച്ചപ്പെടുകയും വർദ്ധിച്ച ലൈംഗിക സുഖം അനുഭവിക്കാൻ സാധിക്കുകയും ചെയ്യുമെന്ന് മാത്രമല്ല പൊതുവായുള്ള ആരോഗ്യവും മെച്ചപ്പെടും.
അതിനാൽ, അമിതവണ്ണവും ഉദ്ധാരണ പ്രശ്നവും കാരണം ബുദ്ധിമുട്ടുകയാണെങ്കിൽ, ഇന്ന് തന്നെ കൃത്യമായ പ്രവർത്തന പദ്ധതിയുടെ അടിസ്ഥാനത്തിൽ ഭാരം കുറയ്ക്കാനുള്ള തീരുമാനമെടുക്കുക. ശരിയായ ഭക്ഷണം കഴിക്കുകയും കൂടുതൽ വ്യായാമത്തിൽ ഏർപ്പെടുകയും ചെയ്യുക.