ശരീരഭാരം കുറയ്ക്കാനും കൂട്ടാനുമൊക്കെ പല തരത്തിലുള്ള വ്യായാമങ്ങളും ഡയറ്റുമൊക്കെ പിന്തുടരുന്നവരാണ് അധികവും. എന്നാല്‍ അധികം ആളുകളും സ്വന്തം ഇഷ്ടപ്രകാരവും സോഷ്യല്‍ മീഡിയയില്‍ കണ്ടതുവച്ചുമാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്.
വിദഗ്ധരുടെ നിര്‍ദേശമില്ലാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നേരിടേണ്ടതായി വരുന്നത് ഒരുപക്ഷെ വലിയ വിപത്തുകളായിരിക്കാം. ഡയറ്റ് എടുക്കുമ്പോള്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
ഒരിക്കലും പ്രഭാത ഭക്ഷണം ഒഴിവാക്കാന്‍ പാടില്ല. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് വിശപ്പ് കൂട്ടാനും മറ്റ് സമയങ്ങളില്‍ അമിതമായി കഴിക്കാനും ഇടയാക്കും. അനാവശ്യമായി സ്‌നാക്‌സ് കഴിക്കുന്നതിലേക്കും ഇത് വഴിതെളിയിക്കും.
കഴിക്കുന്നതില്‍ അധികം കാലറി ശരീരത്തില്‍ നിന്നും കത്തിച്ചു കളഞ്ഞാല്‍ മാത്രമാണ് ശരീരഭാരം കുറയ്ക്കാനായി സാധിക്കൂ. അതിനായി കഴിക്കുന്ന ആഹാരത്തിന്റെ കാലറി കൃത്യമായി തന്നെ നിര്‍ണയിക്കാനായി സാധിക്കണം. എന്നാല്‍ ആവശ്യത്തിന് കാലറി കഴിക്കാതെയിരിക്കുന്നതും അപകടകരമാണ്. അത് പിന്നീട് അമിതമായി ആഹാരം കഴിക്കാനായി പ്രേരിപ്പിക്കാം.
നമ്മള്‍ കുടിക്കുന്ന പാനീയങ്ങളിലെയും കാലറിയെ കുറിച്ച് ശ്രദ്ധിക്കണം. ഫ്രൂട്ട് ജ്യൂസുകള്‍, സോഡകൾ, കോഫി തുടങ്ങിയവയില്‍ അമിതമായ അളവില്‍ കാലറി അടങ്ങിയിരിക്കുന്നു. സംസ്‌കരിച്ച ഭക്ഷണം , ബേക്കറി പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കുകയും പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുകയും ചെയ്യണം.
പഴങ്ങളില്‍ ധാരാളം ന്യൂട്രിയന്റികള്‍ അടങ്ങിയിട്ടുണ്ട്. എത്രത്തോളം പഴങ്ങള്‍ കഴിക്കണമെന്നതും ശ്രദ്ധിക്കണം. പഴങ്ങള്‍ അമിതമായി കഴിച്ചാല്‍ ഹോര്‍മോണ്‍ അസന്തുലിതമാവുകയും ശരീരഭാരം കൂടുകയും ഇന്‍സുലിന്റെ അളവ് വര്‍ധിക്കുകയും ചെയ്യും. മദ്യപാനവും ശരീരത്തിനെ മോശമായി ബാധിക്കും. ഡയറ്റിങ് സമയത്ത് മദ്യപാനം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണം.