എക്സിൽ വൈറലായ രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ വീണ്ടും നെറ്റിസൺസിനെ ത്രില്ലടിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തിരിക്കുന്നത്. 15 ദശലക്ഷത്തിലധികം കാഴ്‌ചക്കാർ കണ്ട ഈ വീഡിയോ തികച്ചും അപ്രതീക്ഷിതമായ വഴിത്തിരിവുള്ള ഒരു കവർച്ചശ്രമത്തെ സംബന്ധിക്കുന്നതാണ്.
വീഡിയോയിൽ ബൈക്കിലെത്തിയ രണ്ട് അക്രമികൾ ഫൂട്ട്പാത്തിലൂടെ നടന്നുപോകുന്ന ഒരു സ്ത്രീയുടെ അടുത്തേക്ക് വരുന്നു. സ്ത്രീയുടെ അടുത്ത് എത്തിയപ്പോഴേക്കും അക്രമികളിൽ ഒരാൾ ബൈക്കിൽ നിന്ന് ചാടി ഇറങ്ങി യുവതിക്ക് നേരെ പാഞ്ഞടുത്തു. യുവതിയുടെ പേഴ്സും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കാനാണ് അക്രമി ലക്ഷ്യമിടുന്നതെന്ന് വീഡിയോ കാണുമ്പോൾ നമുക്ക് മനസിലാകും. എന്നാൽ സംഭവിച്ചത് തീര്‍ത്തും അപ്രതീക്ഷിതമായ ഒരു കാര്യമായിരുന്നു.
പേഴ്സ് തട്ടിയെടുക്കാൻ യുവതിക്കരികിൽ എത്തിയതും യുവതി തന്റെ കൈയിലുള്ള തോക്കെടുത്ത് അക്രമിക്കു നേരെ ചൂണ്ടുകയും വെടിയുതിർക്കുകയും ചെയ്യുന്നു. വെടികൊള്ളാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട അക്രമി തന്റെ ദൗത്യം ഉപേക്ഷിച്ചു വേവലാതിപെട്ട് ബൈക്കിൽ കയറി രക്ഷപ്പെടുന്നതാണ് കാണുന്നത്.
നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തിയത്. , പലരും സ്ത്രീയുടെ ധീരതയെ പ്രശംസിച്ചു, മറ്റുചിലർ “ ഏതായാലും കൊള്ളയടിക്കാൻ നിങ്ങൾ തിരഞ്ഞെടുത്ത ആള് കൊള്ളാം “ എന്നാണ് പരിഹസിച്ചത്.
ഈ അപ്രതീക്ഷിത ട്വിസ്റ്റ് എല്ലാ കാര്യവും അത്ര എളുപ്പമുള്ള ഒന്നല്ല എന്ന ഓർമ്മപ്പെടുത്തലാണ്. കാരണം കുറ്റവാളികളുടെ അവസാനം ചിലപ്പോൾ ഇങ്ങനെ ആയിരിക്കും.