ക്ലാസ്സ് റൂമിൽ വെച്ച് ഒരു അധ്യാപകൻ തന്റെ ഒരു വിദ്യാർത്ഥിയെ അതിക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കടുത്ത അസ്വസ്ഥത ഉളവാക്കുന്നത്. വീഡിയോ വൈറലായതോടെ അധ്യാപകനെതിരെ കടുത്ത ജനാരോഷമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.
പലരും അധ്യാപകന്റെ പ്രവൃത്തിയെ അപലപിക്കുകയും ഇയാൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ പങ്കിനെക്കുറിച്ചുമുള്ള നിരവധി ചർച്ചകളും ഉടലെടുത്തു.
അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് ഉത്തർപ്രദേശ് പോലീസിനെ ടാഗ് ചെയ്തുകൊണ്ട് @Pritam Kumar Bauddh എന്ന എക്സ് അക്കൗണ്ടാണ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ ക്ലാസ്സിലെ മറ്റുകുട്ടികൾ നോക്കി നിൽക്കേ അധ്യാപകൻ ഒരു വിദ്യാർത്ഥിയെ കഴുത്തിനു പിടിച്ച് തള്ളുന്നതാണ് കാണുന്നത്. ഈ സമയം വിദ്യാർത്ഥി ചുമരിൽ പോയി വീഴുകയാണ്. തുടർന്ന് അധ്യാപകൻ വിദ്യാർത്ഥിയെ ചുമരിൽ ചേർത്തുപിടിച്ചു നിരവധി തവണ അടിക്കുന്നത് കാണാം.
സഹപാഠിയെ ഉപദ്രവിക്കുന്നത് കണ്ട് വിദ്യാർത്ഥികളിൽ പലരും ആശങ്ക പെടുന്നതും വീഡിയോയിൽ കാണാം. വീഡിയോയിലെ അധ്യാപകന്റെ ക്രൂരത ഭയപ്പെടുത്തുന്ന പഠന അന്തരീക്ഷം സൃഷ്ടിക്കുകകൂടി ചെയ്യുകയാണ്.
“ഈ രാക്ഷസന്മാർ അമിതമായ ഫീസ് ഈടാക്കുകയും കുട്ടികളെ വലിയ തോതിൽ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. സർ @Uppolice@DGP ദയവായി വീഡിയോ എവിടെ നിന്നുള്ളതാണെന്ന് കണ്ടെത്തുക,” എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവെക്കപ്പെട്ടിരിക്കുന്നത്. ഇതിനോടകം 500,000-ത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. കമന്റ് സെക്ഷനിൽ നിരവധി ആളുകളാണ് തങ്ങളുടെ രോഷം പ്രകടിപ്പിക്കുകയും ഉടൻ നടപടിയെടുക്കാൻ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തത്
ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, ‘അധ്യാപകന് എങ്ങനെയാണ് ഒരു വിദ്യാർത്ഥിയെ ഇത്തരത്തിൽ ഉപദ്രവിക്കാൻ കഴിയുക? അവന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അവന്റെ മാതാപിതാക്കളെ അറിയിച്ചുകൂടെ.’എന്നായിരുന്നു.
മറ്റൊരാൾ എഴുതി, ‘ഇതാണ് യോഗി സർക്കാരിന്റെ സുരക്ഷ. കുട്ടികളെ സുരക്ഷിതമായി സൂക്ഷിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ പിന്നെ എങ്ങനെ സംസ്ഥാനത്തെ സുരക്ഷിതമാക്കും?’
മറ്റൊരു ഉപയോക്താവ് ‘ക്രൂരന്മാർ അമിതമായ ഫീസ് ഈടാക്കുകയും കുട്ടികളെ വലിയ തോതിൽ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു’.എന്നാണ് വിമർശിച്ചത്.
ഏതായാലും അധ്യാപികയുടെ അക്രമം വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വിഷയത്തിൽ അധികാരികൾ അന്വേഷണം നടത്തി അധ്യാപകനെ പ്രതിക്കൂട്ടിലാക്കണമെന്നാണ് സോഷ്യൽ മീഡിയയിൽ അടക്കം ആളുകൾ ആവശ്യപ്പെടുന്നത്. സ്‌കൂളുകളിൽ ഇത്തരം പെരുമാറ്റം വെച്ചുപൊറുപ്പിക്കരുതെന്നും വിദ്യാർത്ഥികളെ ദുരുപയോഗത്തിൽ നിന്ന് സംരക്ഷിക്കാൻ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും പലരും ആവശ്യം ഉന്നയിച്ചു.