അസാധാരണ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമായി നിലനില്‍ക്കുന്ന അനേകം സ്മാരകങ്ങള്‍ ലോകത്തുണ്ട്. എന്നാല്‍ പ്രണയികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ഉപാധിയായി മാറിയ ഓക്കുമരം വടക്കന്‍ ജര്‍മ്മനിയില്‍ തലമുറകളായി ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. മണവാളന്‍ എന്ന് അര്‍ത്ഥം വരുന്ന ജര്‍മ്മന്‍ഭാഷയിലെ ‘ബ്രൗട്ടിഗാംഷീ’ എന്നറിയപ്പെടുന്ന 1892 മുതല്‍ തപാല്‍പെട്ടിയായി ഉപയോഗിക്കപ്പെടുന്ന ഒരു ദ്വാരത്തോട് കൂടിയ ഓക്കുമരമാണ് പ്രണയത്തിന്റെ പ്രതീകമായി നൂറ്റാണ്ടുകളായി ത്രസിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ബെര്‍ലിനില്‍ നിന്നും 155 മൈല്‍ വടക്കുമാറി ഡോഡു വനത്തില്‍ പ്രത്യേകമായി പരിരക്ഷിക്കപ്പെട്ടിരിക്കുന്ന മരത്തിന് സ്വന്തമായി മേല്‍വിലാസവും പോസ്റ്റല്‍കോഡുമെല്ലാം ഉണ്ട്. ജര്‍മ്മന്‍ പോസ്റ്റല്‍സര്‍വീസില്‍ നിന്നുള്ള പോസ്റ്റുമാന്‍മാര്‍ ഓരോ മാസവും ഈ കാമദേവന്റെ പോസ്റ്റബോക്‌സായ പൊത്തിലേക്ക് 50 മുതല്‍ 60 വരെ പ്രണയലേഖനങ്ങള്‍ കൈമാറുന്നു. തപാല്‍വാഹകര്‍ വഴി ആര്‍ക്കും മരവുമായി ബന്ധപ്പെടാനാകും. മരം കാണാന്‍ വരുന്ന സന്ദര്‍ശകര്‍ക്ക് ഈ കത്ത് വായിക്കുകയും മറുപടി എഴുതുകയും ചെയ്യാനാകും.
500 വര്‍ഷത്തിലേറെ പഴക്കമുള്ള 25 മീറ്റര്‍ (82 അടി) ഉയരമുള്ള മരത്തില്‍ നിന്ന് ഏകദേശം 3 മീറ്റര്‍ (10 അടി) ഉയരമുള്ള അര്‍ബോറിയല്‍ മെയില്‍ബോക്‌സില്‍ എത്താന്‍ തപാല്‍വാഹകര്‍ ഒരു ഗോവണി കയറണം. മരത്തിലേക്കുള്ള സന്ദര്‍ശകര്‍ക്ക് മറ്റ് ഭൂഖണ്ഡങ്ങളില്‍ നിന്നും തപാല്‍ അയച്ചവരെ വേണമെങ്കിലും ബന്ധപ്പെടാനാകും. കൂടാതെ എവിടെ നിന്നും കത്തെഴുതുന്നവരുമായി പെന്‍സൗഹൃദവും ഉണ്ടാക്കാനാകും. ഇത്തരം ചില പേന സൗഹൃദങ്ങളില്‍ ചിലത് വിവാഹങ്ങളിലേക്ക് പോലും എത്തിയിട്ടുണ്ടെന്ന് തപാല്‍ വകുപ്പ് പറയുന്നു.
ഓക്കുമരത്തിന്റെ തപാല്‍കഥകള്‍ തുടങ്ങിയത് ഒരു അസാധാരണപ്രണയത്തില്‍ നിന്നുമാണെന്നാണ് കഥകള്‍. ഒരു ഫോറസ്റ്ററുടെ മകള്‍ക്കും ലീപ്സിഗില്‍ നിന്നുള്ള ഒരു ചോക്ലേറ്റ് നിര്‍മ്മാതാവിനും ഇടയിലുള്ള ഒരു സന്ദേശവാഹകനായിട്ടാണ് ഓക്ക് ആദ്യമായി ഉപയോഗിക്കപ്പെട്ടത്. ഫോറസ്റ്റര്‍ പ്രണയബന്ധത്തെ എതിര്‍ത്തിരുന്നതിനാല്‍ ദമ്പതികള്‍ പരസ്പരം പ്രണയലേഖനങ്ങള്‍ മരപ്പൊത്തിലാണ് വെച്ചിരുന്നത്. ഒടുവില്‍, ഫോറസ്റ്ററുടെ അനുമതിയോടെ ഇവര്‍ 1892-ല്‍ ഓക്ക്മരത്തിന്റെ തണലില്‍ വിവാഹിതരായി എന്നാണ് കഥ. നിങ്ങള്‍ക്കും ബ്രൗട്ടിഗെംഷീയിലേക്ക് കത്തയയ്ക്കാനാകും. വിലാസം ഇങ്ങിനെയാണ്. Bräutigamseiche, Dodauer Forst, 23701 Eutin, Germany.