Lifestyle

വേനലാണ്, വെള്ളം ധാരാളം കുടിയ്ക്കണം, ഒപ്പം വെള്ളം പാഴാക്കി കളയാതിരിയ്ക്കുകയും വേണം

വേനല്‍ച്ചൂട് യാതൊരു ദാക്ഷിണ്യവുമില്ലാതെ കൂടിക്കൊണ്ടിരിയ്ക്കുകയാണ്. പുറത്തിറങ്ങാന്‍ പറ്റാത്ത തരത്തിലുള്ള ചൂടാണ് അനുഭവപ്പെടുന്നത്. പുറത്തിറങ്ങുമ്പോള്‍ ധാരാളം വെള്ളം കുടിയ്ക്കുകയും എപ്പോഴും കൈയ്യില്‍ ഒരു ബോട്ടില്‍ വെള്ളം കരുതുകയും വേണം. വെള്ളം ധാരാളം കുടിയ്ക്കുന്നതോടൊപ്പം തന്നെ വെള്ളം പാഴാക്കി കളയാതിരിയ്്ക്കാനും ശ്രദ്ധിയ്ക്കണം. വീട്ടില്‍ നിന്ന് തന്നെ ഇക്കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിയ്ക്കണം….

* ചെടികള്‍ നനയ്ക്കുന്നതിനും കാറുകള്‍ അടക്കമുള്ളവ വൃത്തിയാക്കുന്നതിനുമായി മഴവെള്ള സംഭരണി സ്ഥാപിച്ച് വെള്ളം ശേഖരിക്കുന്നത് സഹായകമാണ്. അതേപോലെ പുല്‍ത്തകിടിയിലും ചെടികളിലും ആവശ്യത്തിനുമാത്രം ജലസേചനം നടത്തുക.

* ബ്രഷ് ചെയ്ത് തീരുംവരെ തുടര്‍ച്ചയായി ടാപ്പ് തുറന്നുവയ്ക്കുന്നവരുണ്ട്. ധാരാളം ജലം ഇത്തരത്തില്‍ പാഴായി പോകുന്നു. അതിനാല്‍ ബ്രഷ് ചെയ്യുന്ന സമയത്ത് ആവശ്യമുള്ളപ്പോള്‍ മാത്രം ടാപ്പ് തുറന്ന് വെള്ളം എടുക്കുന്നത് ഒരു ശീലമാക്കി  മാറ്റുക.

* മെഷീന്‍ നിറയെ തുണികളോ പാത്രങ്ങളോ വൃത്തിയാക്കാനുള്ളപ്പോള്‍ മാത്രം വാഷിംഗ് മെഷീനും ഡിഷ് വാഷറും ഉപയോഗിക്കുക. ഒന്നോ രണ്ടോ പാത്രങ്ങളോ ഒന്നോ രണ്ടോ തുണികളോ മാത്രം കഴുകുന്നതിനായി ഈ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അമിതമായി വെള്ളം പാഴാക്കുന്നതിന് കാരണമാകും. സാധാരണ വാഷിംഗ് മെഷീനുകള്‍ ഓരോ സൈക്കിളിലും 60 ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കുന്നത്. അതിന് അനുസൃതമായി തുണികള്‍ അലക്കാന്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഇനി കുറച്ചു തുണികള്‍ മാത്രമായി അലക്കേണ്ട ഘട്ടങ്ങളില്‍ ഹാഫ് ലോഡ് അല്ലെങ്കില്‍ ഇക്കണോമി സെറ്റിംഗ് തിരഞ്ഞെടുക്കുക. ഡിഷ് വാഷറില്‍ വയ്ക്കുന്നതിന് മുന്‍പ് പാത്രങ്ങള്‍ വെറും വെള്ളത്തില്‍ കഴുകേണ്ടതില്ല. ഡിഷ് വാഷര്‍ തന്നെ അവ പൂര്‍ണ്ണമായി വൃത്തിയാക്കുന്നതിനാല്‍ അതിന് മുന്‍പ് പാത്രങ്ങള്‍ കഴുകുന്നത് അനാവശ്യമായി വെള്ളം പാഴാക്കുന്ന കാര്യമാണ്.

* പുതിയ ടോയ്‌ലറ്റ് വാങ്ങുമ്പോള്‍ വെള്ളം പാഴാക്കാതെ ഉപയോഗിക്കാനാവുന്ന ലോ ഫ്‌ലഷ് അല്ലെങ്കില്‍ ഡ്യൂവല്‍ ഫ്‌ലഷ് തന്നെ തിരഞ്ഞെടുക്കുക. സാധാരണ ടോയ്‌ലറ്റുകളില്‍ ഒന്‍പത് ലിറ്റര്‍ വെള്ളമാണ് ഫ്‌ലഷ് ചെയ്യപ്പെടുന്നതെങ്കില്‍ ലോ ഫ്‌ലഷ് പതിപ്പ് ഒരു ഫ്‌ലഷില്‍ ആറു ലിറ്റര്‍ വെള്ളം മാത്രമേ ഉപയോഗിക്കു.

* ചോര്‍ച്ചകള്‍ യഥാസമയത്ത് പരിഹരിക്കുക എന്നത് വെള്ളം പാഴാകാതിരിക്കുന്നതിന് ഏറ്റവും അത്യാവശ്യമുള്ള കാര്യമാണ്. ഒരു സെക്കന്‍ഡില്‍ രണ്ടുതുള്ളി വെള്ളം ചോര്‍ന്നാല്‍ പോലും ഒരു ദിവസത്തെ മുഴുവന്‍ സമയമെടുത്താല്‍ ലിറ്റര്‍ കണക്കിന് വെള്ളമാണ് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. ചോര്‍ച്ച കണ്ണില്‍ പെട്ടാല്‍ ഉടന്‍തന്നെ അവ പരിഹരിക്കുക. ലീക്ക് ഡിറ്റക്ടര്‍ സ്ഥാപിക്കുന്നതും ഗുണകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *