Travel

ഈ ദ്വീപില്‍ വേനല്‍ക്കാലത്ത് 69 ദിവസം സൂര്യന്‍ അസ്തമിക്കില്ല ; ശൈത്യകാലത്ത് സൂര്യന്‍ ഉദിക്കുകയുമില്ല

വേനല്‍ക്കാലത്ത് 24 മണിക്കൂറും സൂര്യന്റെ തിളങ്ങുന്ന കിരണങ്ങള്‍ അനുഭവിക്കാന്‍ കഴിയുന്ന ഒരു ദ്വീപ് ഉണ്ടെന്ന് കേട്ടാല്‍ അത്ഭുതം തോന്നുമോ? ഇവിടെ 69 ദിവസത്തേക്ക് സൂര്യന്‍ മറഞ്ഞു പോകത്തേയില്ല. നോര്‍വേയുടെ വടക്കുഭാഗത്തും ആര്‍ട്ടിക് സര്‍ക്കിളിനടുത്തും സ്ഥിതി ചെയ്യുന്ന ചെറിയ ദ്വീപായ സോമറോയ് ആണ് ഈ അത്ഭുതദ്വീപ്. ഈ ചെറിയ ദ്വീപില്‍ വേനല്‍ക്കാലം മുഴുവന്‍ രാവും പകലും വേര്‍തിരിവില്ല.

സൂര്യന്‍ ഒരിക്കലും അസ്തമിക്കാത്തതിനാല്‍ ആളുകള്‍ക്ക് ദിവസത്തില്‍ 24 മണിക്കൂറും സ്വാഭാവിക വെളിച്ചത്തില്‍ ജീവിക്കാന്‍ കഴിയും. ഈ പ്രതിഭാസം അവിടെ താമസിക്കുന്ന ആളുകളുടെ ജീവിതശൈലിയില്‍ വരുത്തുന്ന സ്വാധീനവും കൗതുകകരമാണ്. ദ്വീപിലെ ഒരാള്‍ പുലര്‍ച്ചെ 2 മണിക്ക് പുറത്തേക്ക് ഇറങ്ങിയാലും സൂര്യന്‍ പ്രകാശിക്കുന്നത് കാണാനാകും. ഇതിനൊരു മറുവശം കൂടിയുണ്ട്.

കടുത്ത ശൈത്യം വരുന്ന നവംബര്‍ മുതല്‍ ജനുവരി വരെ ഇവിടെ സൂര്യനെ കാണാന്‍ പോലും കിട്ടുകയുമില്ല. അതായത് വേനല്‍ക്കാലത്ത്, ആളുകള്‍ ദിവസത്തില്‍ 24 മണിക്കൂറും സൂര്യപ്രകാശത്തില്‍ കുളിക്കുന്നു, ശൈത്യകാലത്ത് സൂര്യന്‍ ഉദിക്കുന്നുമില്ല.

ഈ വ്യത്യാസം കാരണം 2019 ലെ വേനല്‍ക്കാലത്ത് ദ്വീപിലെ നിവാസികള്‍ നോര്‍വീജിയന്‍ സര്‍ക്കാരിന് മുമ്പാകെ ദ്വീപിനെ ലോകത്തിലെ ആദ്യത്തെ സമയ രഹിത മേഖലയായി പ്രഖ്യാപിക്കാന്‍ ഒരു നിവേദനം നല്‍കിയിരുന്നു. പുറത്തുനിന്നുള്ള ഒരു വ്യക്തിക്ക് അസാധാരണ സാഹചര്യം നിമിത്തം ക്ഷീണം തീര്‍ക്കാന്‍ ശരീര ഘടികാരത്തെ ആശ്രയിക്കണം. ദ്വീപിലെ ആളുകള്‍ക്ക് വേനല്‍ക്കാലത്ത് കര്‍ശനമായ സമയ നിയമങ്ങളൊന്നമില്ല. ലളിതമായി പറഞ്ഞാല്‍ ക്‌ളോക്ക് ഉപയോഗിക്കാതെ ആളുകള്‍ പ്രകൃതിയുടെ താളത്തില്‍ ജീവിക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *