ടൈം ട്രാവലറെന്ന് സ്വയം അവകാശപ്പെടുന്ന എല്‍വിസ് തോംസണ്‍ 2025-ലെ തന്റെ ഭയാനകമായ പ്രവചനങ്ങളുമായി രംഗത്ത് എത്തിയത് ഓണ്‍ലൈനില്‍ വന്‍ ചര്‍ച്ചയ്ക്ക് തിരികൊളുത്തി. എല്‍വിസ് തോംസണ്‍ ജനുവരി 1 ന് ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തു, വലിയ ദുരന്ത സംഭവങ്ങള്‍ സംഭവിക്കുമെന്ന് താന്‍ വിശ്വസിക്കുന്ന അഞ്ച് നിര്‍ദ്ദിഷ്ട തീയതികള്‍ വിവരിച്ചു.
ഒക്ലഹോമയിലെ ഒരു വിനാശകരമായ ചുഴലിക്കാറ്റ്, ഒരു അമേരിക്കന്‍ ആഭ്യന്തരയുദ്ധം, ഒരു ഭീമാകാരമായ കടല്‍ ജീവിയുടെ കണ്ടെത്തല്‍, ചാമ്പ്യന്‍ എന്ന അന്യഗ്രഹജീവിയുടെ വരവ്, അമേരിക്കയിലെ ഒരു വലിയ കൊടുങ്കാറ്റ് എന്നിവ അദ്ദേഹത്തിന്റെ പ്രവചനങ്ങളില്‍ ഉള്‍പ്പെടുന്നു.
വീഡിയോയില്‍, ഭാവിയിലേക്ക് യാത്ര ചെയ്തുവെന്ന് അവകാശപ്പെടുന്ന മിസ്റ്റര്‍ തോംസണ്‍, ഏപ്രില്‍ 6 ന്, മണിക്കൂറില്‍ 1,046 കിലോമീറ്റര്‍ വേഗതയില്‍ 24 കിലോമീറ്റര്‍ വീതിയുള്ള ഒരു ചുഴലിക്കാറ്റ് യുഎസിലെ ഒക്ലഹോമയെ നശിപ്പിക്കുമെന്ന് പ്രവചിച്ചു. മെയ് 27 ന്, യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ രണ്ടാം ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുമെന്നാണ് മറ്റൊരു പ്രവചനം. ഇതിന്റെ ഫലമായി ടെക്‌സസ് വേര്‍പിരിയുകയും ആണവായുധങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ആഗോള സംഘര്‍ഷത്തിന് കാരണമാവുകയും ആത്യന്തികമായി അമേരിക്കയെ നശിപ്പിക്കുകയും ചെയ്യും.
സെപ്തംബര്‍ ഒന്നിന് ചാമ്പ്യന്‍ എന്ന അന്യഗ്രഹജീവി 12,000 മനുഷ്യരെ അവരുടെ സുരക്ഷിതത്വത്തിനായി മറ്റൊരു ജനവാസ ഗ്രഹത്തിലേക്ക് കൊണ്ടുപോകുമെന്നും തോംസണ്‍ പ്രവചിച്ചു. ഭൂമിയെ ദോഷകരമായി ബാധിക്കാന്‍ ലക്ഷ്യമിട്ടുള്ള ശത്രുതയുള്ള അന്യഗ്രഹജീവികളെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സെപ്തംബര്‍ 19 ന് അമേരിക്കയുടെ കിഴക്കന്‍ തീരത്ത് ഒരു വലിയ കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്നും നവംബര്‍ 3 ന്, നീലത്തിമിംഗലത്തിന്റെ ആറിരട്ടി വലിപ്പമുള്ളതും സെറീന്‍ ക്രൗണ്‍ എന്ന് പേരുള്ളതുമായ ഒരു ഭീമാകാരമായ കടല്‍ജീവിയെ പസഫിക് സമുദ്രത്തില്‍ കണ്ടെത്തുമെന്ന് അവകാശപ്പെട്ടു.
തോംസന്റെ വീഡിയോ 26 ദശലക്ഷത്തിലധികം കാഴ്ചകളാണ് നേടിയിരിക്കുന്നത്. കമന്റ് സെക്ഷനില്‍, ചില കാഴ്ചക്കാര്‍ സംശയം പ്രകടിപ്പിക്കുമ്പോള്‍, മറ്റുള്ളവര്‍ സ്വയം പ്രഖ്യാപിത ടൈം ട്രാവലറെ പരിഹസിച്ച് രംഗത്ത് വന്നു. ഇത്രയും ഭാവി അറിയാവുന്ന നിങ്ങള്‍ക്ക് അടുത്തയാഴ്ചത്തെ ലോട്ടറി നമ്പറുകള്‍ അറിഞ്ഞ് അത് എടുക്കാമായിരുന്നില്ലേ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഈ വീഡിയോ സംരക്ഷിക്കുമെന്നും ഇതിലേതെങ്കിലും തെറ്റായാല്‍ നിങ്ങളെ കോടതി കയറ്റുമെന്നാണ് മറ്റൊരാള്‍ പറഞ്ഞത്.