Lifestyle

ഗ്രീൻപീസ് പെട്ടെന്ന് കേടാകുമെന്ന പേടി വേണ്ട, മാസങ്ങളോളം ഫ്രെഷായി വയ്ക്കാൻ ഈ ട്രിക്ക് മതി

ഗ്രീന്‍പീസിന് വളരെ അധികം പോഷകഗുണങ്ങളുണ്ട്. ഏതാണ്ട് 100 ഗ്രാം ഗ്രീന്‍പീസില്‍ 78 കാലറി മാത്രമാണ് അടങ്ങിയിരിക്കുന്നത്.വൈറ്റമിന്‍ സി, അന്നജം ഭക്ഷ്യനാരുകള്‍ , പ്രോട്ടീന്‍ എന്നിവയും ചെറിയ അളവില്‍ കൊഴുപ്പും വൈറ്റമിന്‍ എ , മഗ്നീഷ്യം എന്നിവയും ഗ്രീന്‍പീസില്‍ അടങ്ങിയിട്ടുണ്ട്.

സാധാരണയായി ഉണങ്ങിയ പട്ടാണിക്കടലയാണ് വിപണിയിലെത്തുന്നത്. തണുപ്പ് കാലത്ത് പച്ചപ്പയര്‍ വിപണിയില്‍ എത്തിക്കാറുണ്ട്. ഇത് നടുവേ പിളര്‍ന്ന് ഉള്ളിലുള്ള കടലയെടുത്താണ് പല വിഭവങ്ങളും ഉണ്ടാക്കുന്നത്.

വളരെ കുറഞ്ഞ വിലയ്ക്ക് ഇത് ലഭിക്കുമ്പോള്‍ കിലോ കണക്കിന് വാങ്ങി സൂക്ഷിച്ച് വെക്കാം. ഗ്രീൻപീസ് കേടാകാതെ ഇരിക്കാനുള്ള ഒരു വിദ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് സീമ അജയ് പട്ടാൽബന്‍സി എന്ന വീട്ടമ്മ. നാല് കിലോ പയറാണ് അവര്‍ ഇത്തരത്തിൽ സൂക്ഷിച്ചിരിക്കുന്നത്.

ആദ്യം തന്നെ പയര്‍ തൊലിയുരിഞ്ഞ് , കടലമണികള്‍ മാറ്റിവെയ്ക്കുക. കേടായ കടലകള്‍ ഒഴിവാക്കുക. ഇത് ഒരു അരിപ്പയില്‍ ഇട്ട് കഴുകിയെടുക്കുക. പിന്നാലെ 2-2.5 ലിറ്റര്‍ വെള്ളം തിളപ്പിക്കുക. ഇതിലേക്ക് 1 ടേബിള്‍സ്പൂണ്‍ പഞ്ചസാര, ഉപ്പ് എന്നിവ ചേര്‍ക്കുക. കഴുകിയ കടല ഇതിലിട്ട് 2 മിനിറ്റ് തിളപ്പിക്കുക.

അതിന് ശേഷം വലിയ പാത്രത്തിൽ കുറച്ച് വെള്ളം ഒഴിച്ച് നിറയെ ഐസ് ക്യൂബ്‌സ് ഇടുക. അടുപ്പത്ത് നിന്നും കോരിയെടുത്ത കടല ഇതിലേക്ക് ഇടുക. അവയുടെ ഘടനയും നിറവും മാറ്റും.

പിന്നീട് ഒരു കോട്ടണ്‍ തുണിയില്‍ കോരി ഈ കടല കോരിയിട്ട് ഫാനിനടിയില്‍ ഉണക്കുക. വെയിലത്ത് വച്ച് ഉണക്കാന്‍ പാടില്ല. നന്നായി ഉണങ്ങിയ കടല പല വലിപ്പങ്ങളിലുള്ള സിപ്പ് – ലോക്ക് ബാഗുകളിലാക്കി ഫ്രീസറില്‍ വയക്കുക. 6-8 മാസം വരെ ഉപയോഗിക്കാം.

ശരിയായ രീതിയിലാണ് ഉപയോഗിക്കുന്നതെങ്കില്‍ ഗ്രീന്‍പീസിന് കാലങ്ങളോളം പോഷകഗുണങ്ങള്‍ നിലനിര്‍ത്താനായി സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ശീതികരിച്ച പയര്‍ ദഹിക്കാനും എളുപ്പമാണ്. പച്ച പയര്‍ 3-4 ദിവസം മാത്രമാണ് സാധാരണ സൂക്ഷിക്കാനായി സാധിക്കുക. ശീതികരിച്ച പയര്‍ മാസങ്ങളോളം സൂക്ഷിക്കാം