വൈദ്യുതാഘാതം ഏറ്റവും മാരകമായ അപകടങ്ങളിൽ ഒന്നാണ്. ഇലക്ട്രിക് ലൈനുകളിൽ നിന്ന് വൈദ്യുതാഘാതാമേറ്റ് ജീവൻ നഷ്ടമാകുകയോ ഗുരുതര പരിക്കുകൾ ഏല്‍ക്കുകയോ ചെയ്യാം. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തവും അതിശയകരവുമായ ഒരു കാര്യമാണ് ഇവിടെ ഷോക്കടിച്ച ശേഷം ഒരു യുവാവിന് സംഭവിച്ചിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിക്കുകയാണ്.
യുവാവ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീഴുന്നതും, ഇതിനിടയിൽ ഉയർന്ന വോൾട്ടേജ് ലൈനില്‍നിന്ന് വൈദ്യുതാഘാതമേറ്റ് താഴെ വീണ് ബോധം പോകുന്നതും സെക്കഡുകൾക്കുള്ളിൽ എഴുന്നേറ്റ് ഒരു പോലീസ് ഉദ്യോഗസ്ഥന് നേരെ ഇഷ്ടിക എറിയാൻ ഒരുങ്ങുന്നതിന്റെയും ദൃശ്യങ്ങളാണിത്. വീഡിയോ കണ്ട് പലരും യഥാർത്ഥത്തിൽ അമ്പരന്ന് പോയി.
ഛത്തീസ്ഗഡിലെ ദുർഗിലാണ് വിചിത്ര സംഭവം നടന്നത്. ‘മെഗ് അപ്ഡേറ്റ്സ്’ എന്ന എക്‌സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചത്. “ ഛത്തീസ്ഗഡിലെ ദുർഗിൽ” “അമാനുഷികൻ – യഥാർത്ഥ വോൾവറിൻ” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയുടെ തുടക്കത്തിൽ മദ്യലഹരിയിൽ ഒരാൾ ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയുടെ മുകളിൽ നിൽക്കുന്നതാണ് കാണുന്നത്.
നിരവധി ആളുകൾ നിലവിളിച്ചുകൊണ്ട് കെട്ടിടത്തിനു താഴെ കൂടി നിൽക്കുന്നുമുണ്ട്. നിമിഷങ്ങൾക്കകം, ആ യുവാവ് താഴേക്ക് ചാടുകയാണ്. ഇതിനിടയിൽ ഇയാൾ ഉയർന്ന വോൾട്ടേജ് വയറുകളിലേക്ക് വീഴുകയും ഷോക്കടിച്ച് ഒരു കടയുടെ മേൽക്കൂരയിൽ വന്നു പതിക്കുന്നതുമാണ് കാണുന്നത്. തുടർന്ന് യുവാവ് ബോധമില്ലാതെ കിടക്കുന്നതാണ് കാണുന്നത്.
എന്നാൽ വെറും സെക്കന്റുകൾക്കുള്ളിൽ , യുവാവ് ഒന്നും സംഭവിച്ചിട്ടില്ലാത്ത ഭാവത്തിൽ ചാടി എഴുന്നേൽക്കുകയാണ്. യുവാവിന്റെ പെട്ടെന്നുള്ള പ്രതികരണം കണ്ട് ആളുകൾ അമ്പരന്നെങ്കിലും ഈ സമയം പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ള ആളുകൾ യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ യുവാവ് അതൊന്നും ശ്രദ്ധിക്കാതെ രണ്ട് വലിയ ഇഷ്ടികകൾ രണ്ട് കൈകളിലും എടുത്ത്, താഴെ നിൽക്കുന്ന പോലീസിന് നേരെ എറിയാൻ തുടങ്ങുന്നതോടെ വീഡിയോ അവസാനിക്കുകയാണ്. പിന്നീട് എന്താണെന്ന് സംഭവിച്ചതെന്ന് വ്യക്തമല്ല.
അപ്‌ലോഡ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ, 8ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയത്. ഒരു ഉപഭോക്താവ് കുറിച്ചു “ ചുരുളഴിയാത്ത നിഗൂഢത : ഡിസ്കവറി ചാനലിന്റെ അടുത്ത എപ്പിസോഡ്..” എന്നായിരുന്നു. മറ്റൊരു ഉപയോക്താവ് , “തോർ ഫ്രം ഛത്തീസ്ഗഢ്, ദുർഗ്.”എന്നാണ് രസകരമായി കുറിച്ചത്. മൂന്നാമത്തെ ഉപയോക്താവ് ചോദിച്ചു, “അവിടെ ധാരാളം ആളുകൾ ഉണ്ട്, പോലീസും ഉണ്ട് , പിന്നെ എന്തുകൊണ്ടാണ് അവനെ ചാടുന്നതിൽ നിന്ന് പിന്തിരിപ്പിക്കാതെ ഇരുന്നത്” എന്നാണ്. ഏതായാലും വീഡിയോ ഇതിനോടകം നെറ്റിസൺസ് ഏറ്റെടുത്തു കഴിഞ്ഞു